ആട് ..ഒരു ഭീകരജീവി തന്നെ: നർമകഥ, അരുൺ വി സജീവ്

ആട് ..ഒരു ഭീകരജീവി തന്നെ:  നർമകഥ, അരുൺ വി സജീവ്

 

 

ന്റെ തലവെട്ടം കാണുമ്പോളെല്ലാം,പിതൃമുഖത്ത് നിന്നും..നേന്ത്രവാഴ കൃഷിയെപ്പറ്റിയും, അതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളെപ്പറ്റിയും ഉള്ള സംഭാഷണശകലങ്ങൾ ഉരുത്തിരിയുന്നതിനാലാവണം.. ഏത്തവാഴയോട് എനിക്ക് പണ്ടുമുതൽക്കേ ശത്രുതയായിരുന്നു..! തത്ഫലമായി അതിലുണ്ടാകുന്ന പഴത്തേയും, അതുകൊണ്ടുണ്ടാക്കുന്ന പഴംപൊരിയേയും എവിടെക്കിട്ടിയാലും ഞാൻ നിർദ്ദാഷിണ്യംചവച്ചരച്ചിരുന്നു..! 

ഇത്തരത്തിൽ കോളേജ് ജീവിതത്തിലെ അധ്യായനദിനങ്ങൾ ക്യാൻറീനിലെ പഴംപൊരിയോടൊപ്പം ചവച്ച്തീർത്തുകൊണ്ടിരുന്ന ഒരു കാലത്ത് നടന്നതാണീ കഥ.

രാവിലെ ആരംഭിച്ച ട്രിഗണോമെട്രി ക്ലാസ്സിലെ, സൈൻതീറ്റയും, കോസ്തീറ്റയും ഉള്ളിലെ വിശപ്പിന്റെ ആക്കംകൂട്ടിയപ്പോൾ, പതിവായ് നടത്തിക്കൊണ്ടിരുന്ന "പഴംതീറ്റക്കായ് " ഞാനന്ന് എന്റെ പതിവുവഴിയായ അഴികളില്ലാത്ത ജനാലവഴി ക്ലാസ്സിൽനിന്നും പുറത്തുകടന്നു. എന്നിട്ട് കെമിസ്ട്രിലാബിന്റെ മുൻവശം ചേർന്ന് പതിയെ കോളേജ് ക്യാൻറീനിലേക്ക് ജെയിംസ് ബോണ്ട് ''രണ്ടുബോണ്ട സെവനപ്പ് " എന്നഭാവേന പതിഞ്ഞ പദചലനത്തോടെ ഊളിയിടാനാരംഭിച്ചു.

അങ്ങനെ, ഒരു കുറ്റാന്വേഷകനെ പോലെ പമ്മിപ്പതുങ്ങി ക്യാൻറീനിലേക്ക് നടക്കുന്നതിനിടയിലാണ്,  ലാബിന്റെ മുന്നിൽവെച്ച് അച്ഛന്റെ സഹപാഠിയും, കെമിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ ഹെഡും ആയ പൈലിസാർ എന്നെ പിടികൂടുന്നത്..സാറ് കരുതിയത് ഞാൻ ലാബിൽനിന്നും ഒളിച്ച് കടക്കുന്നുവെന്നാണ്. ഉടനടി എന്നെ കസ്റ്റഡിയിലെടുത്ത ആ മാതൃകാ അധ്യാപകൻ "കയറെടാ അകത്ത് " എന്നുപറഞ്ഞ് ആ ലാബിനുള്ളിലേക്ക് എന്നെ നിർബന്ധപൂർവ്വം തള്ളിക്കയറ്റി. 

'' ആലീസ് ഇൻ വണ്ടർ ലാൻറ് " എന്നമട്ടിൽ, ആ അദ്ഭുതലോകത്ത് നിന്ന എന്റെ മുന്നിലേക്കപ്പോൾ സാറിന്റെ നിർദ്ദേശപ്രകാരം ലാബ് അസിസ്റ്റൻറ് ഒന്നുരണ്ട് പിപ്പറ്റും, ബ്യൂററ്റും, ടെസ്റ്റ് റ്റ്യൂബും ഒക്കെ കൊണ്ടുവന്ന് വെച്ചു..

അതൊക്കെകണ്ടപ്പോൾ പൂരത്തിന് കാണുന്ന കൊമ്പും, കുഴലും ഒക്കെ ആയിട്ടാണ് എനിക്കന്ന് തോന്നിയത്...! ഇതൊക്കെ എന്തിന്...? എന്ന മട്ടിൽ അന്തം വിട്ട് കുന്തം വിഴുങ്ങി നിന്ന എന്റെ മുന്നിലേക്ക് ഒരു പൊടി കൂടി കൊണ്ടുവന്ന് വെച്ചിട്ട് അയാൾ പറഞ്ഞു... 

 "സാൾട്ട് ഏതാണെന്ന് കണ്ട് പിടിക്ക്.... "

അതുവരെ ടാറ്റയുടെ എക്സ്ട്രാ റിഫൈൻഡ് അയൊഡൈസ്ഡ് "സാൾട്ട് " മാത്രം കടയിൽ നിന്നും വാങ്ങിയിട്ടുള്ള ഞാൻ, ഇത് ഏത് കമ്പനിയുടേതാവും എന്ന് ചിന്തിച്ച് വിഷണ്ണനായി അങ്ങനെതന്നെ അവിടെ നിന്നു !.

ഇത്രയുംകേട്ടിട്ടും  നിർവ്വികാര പരബ്രഹ്മമായി നിൽക്കുന്ന എന്റെ മുന്നിലേക്ക് ആരുടെയോ ഒരു റെക്കോഡ് ബുക്ക് കൂടി കൊണ്ട് വെച്ചിട്ട് അയാൾ പറഞ്ഞു.. “പ്രൊസീജിയർ ഇതിലുണ്ട് അത് നോക്കി ചെയ്താ മതി..“ 

അപ്പോൾ തന്നെ എന്നിലെ ശാസ്ത്രജ്ഞൻ ഉണർന്നു... പ്രൊസീജിയറിൽ പറഞ്ഞ പ്രകാരം, സാൾട്ടെന്ന ആ പൊടിയെടുത്ത് ടെസ്റ്റ്റ്റ്യൂബിലേക്ക് ഇട്ട ഞാൻ, നേർപ്പിച്ച സൾഫ്യൂറിക് ആസിഡ് ഒക്കെ ഒഴിച്ച് അങ്കം ആരംഭിച്ചു. അപ്പോൾ അതാ അതിൽ ഒരു കുറിപ്പ്  "ആഡ് വാട്ടർ " ഇൻ റ്റു ഇറ്റ്... 

ഷെൽ ഫിൽ നിരത്തി വെച്ചിരിക്കുന്ന പലതരം ദ്രാവകങ്ങളിൽ ഏതെങ്കിലും ഒന്നാവും ഈ "ആഡ് വാട്ടർ " എന്നാണ് അത് വായിച്ചപ്പോൾ ഞാൻ കരുതിയത്. ആ ധാരണയിൽ  അതിനുവേണ്ടി അവിടെയാകെ പരതുകയും ചെയ്തു... എന്നിട്ടും അത് കിട്ടാതെ വന്നപ്പോൾ ഞാൻ പതിയെ സാറിന്റെ അരികിലേക്ക് നടന്നു ചെന്നു.

ഈ അവസരത്തിലാണ് എന്റെ ആജന്മ പാരയും, അയൽ വാസിയും, സഹപാഠിയും, പഠിപ്പിസ്റ്റും, നടനും, ആർട്സ് ക്ലബ്ബ് സെക്രട്ടറിയും, ക്യാമ്പസിലെ പെൺകുട്ടികളുടെ രോമാഞ്ചകഞ്ചുകവും, അതും, ഇതും ഒക്കെയായ മുതലക്കുഴിയിൽ ജോസ് മോൻ അവിടെ അവതരിച്ചത്.അവന്റെ ട്രേഡ് മാർക്കായ ഇളിഞ്ഞ ചിരിയുമായ് റെക്കോർഡ് ബുക്കിൽ ഒപ്പ് വാങ്ങാനായ് അവിടേക്ക് വന്നതായിരുന്നു അവൻ.എന്നെ കണ്ടതും അവൻ തന്റെ പതിവ് പുച്ഛത്തിൽ എന്നെ അടിമുടി ഒന്ന് നോക്കി ..എന്നിട്ട് ഭവൃതയോടെ റെക്കോഡ് ബുക്കുമായി സാറിന്റെ അരികിൽ ചെന്ന് നിന്നു..എന്നാൽ ഇതൊന്നും വക വെക്കാതെ അവിടെ എത്തിയ ഞാൻ സാറിനോട് ചോദിച്ചു :  "സർ ഈ ആഡ് വാട്ടർ എവടാ ഇരിക്കുന്നത്...? "

എന്റെ ചോദ്യം കേട്ട് കണ്ണ് മിഴിച്ച് നിന്ന സാറിനോട് ഞാൻ ഒരു വട്ടം കൂടി അതാവർത്തിച്ചു.

" അതേ ഈ ആഡ് വാട്ടർ ..സാൾട്ടിൽ ഒഴിച്ച് മിക്സ് ചെയ്യണത്....  പ്രൊസിജിയറിൽ എഴുതിയിട്ടുണ്ട്, അതിരിക്കുന്നത് എവടാ....?"

ഇത് കേട്ടതും സാർ എന്നെ ദയനീയമായി ഒന്ന് നോക്കി.. എന്നിട്ട് പറഞ്ഞു..''എടാ മണ്ടാ ആഡ് വാട്ടർ എന്ന് പറഞ്ഞാൽ "വെള്ളം ചേർക്കണം'' എന്നുള്ളത് ഇംഗ്ലീഷിൽ എഴുതിയിരിക്കണതാ, അല്ലാതെ ആഡ് വാട്ടർ എന്ന പേരിൽ ഒരു സാധനമില്ല."

സാറിന്റെ ഈ ഡയലോഗ് കേട്ട് തകർന്ന് തരിപ്പണമായ എന്നെ നോക്കി കുതിച്ച്ചാടിയ ചിരിയും അടക്കി, വായും പൊത്തി, ജോസ് വെളിയിലേക്ക് പോയി.അവന്റെ ആ പോക്ക് കണ്ടപ്പോഴെ എന്റെ കാര്യത്തിൽ അന്ന്തന്നെ അവൻ ഒരു തീരുമാനമുണ്ടാക്കുമെന്ന് എനിക്ക് മനസ്സിലായി...

ആ ക്ഷീണം മാറാൻ അന്ന് ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്ക് പോയ ഞാൻ പിന്നെ പിറ്റേന്നാണ് ക്ലാസ്സിലേക്കെത്തിയത്... രാവിലെയുള്ള ആ വരവിൽ കൂട്ടുകാർ എന്നെ എതിരേറ്റത് പ്ലാവിലയും, പഴത്തൊലിയും ഒക്കെ ആയിട്ടായിരുന്നു.അതിനകം തന്നെ ഈ  "ആഡ് വാട്ടർ " കഥ ''ആടിന്റെ കാടി വാട്ടർ " കഥയാക്കി ക്ലാസ്സിൽ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ച ജോസ്മോൻ എന്റെ പേര് "ആട്'' എന്നാക്കി മാറ്റിയിരുന്നു. 

അങ്ങനെ അന്നു മുതൽ ആ ക്യാമ്പസിൽ കഥാനായകൻ നജീബിനെ പോലെ എന്റെ ആട് ജീവിതം ആരംഭിച്ചു. പോകെ, പോകെ ക്ലാസ്സിലെ പെൺകുട്ടികൾ വരെ എന്നെ കാണുമ്പോൾ ആടിനെ അനുകരിച്ച് "മേ... ഹ്'' എന്ന് കാറാൻ തുടങ്ങി.

എനിക്ക് ഇത്തരം ഒരവസ്ഥ ഉണ്ടാക്കി തന്ന ജോസ് മോനെ എങ്ങനെയെങ്കിലും തറപറ്റിക്കണം എന്ന് മാത്രമായിരുന്നു  പിന്നീടുള്ള എന്റെ ചിന്ത മുഴുവനും. ഇതിന് വേണ്ടി ഞാൻ പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി. പക്ഷെ അവ ഓരോന്നായി കത്തിച്ച് വെള്ളത്തിലിട്ട പടക്കം പോലെ ചീറ്റിപ്പോയെന്ന് മാത്രമല്ല നാട്ടിലും എനിക്കവൻ ആടെന്ന പേര് ചാർത്തുന്നതിന് ഇടയാവുകയും ചെയ്തു.

അങ്ങനെ പ്ലാവിലയും, പഴത്തൊലിയുമൊക്കെയായി എന്റെ ക്യാമ്പസ് ജീവിതം മുന്നോട്ട് പോകവെ കോളേജിൽ "ആർട്സ് ഡേ" വന്നു ചേർന്നു. അതിൽ ജോസ് മോൻ മുതലക്കുഴി രചനയും സംവിധാനവും നടത്തി, അവൻ തന്നെ നായകനായി അഭിനയിക്കുന്ന ഒരു നാടകവും ഉണ്ടായിരുന്നു. നാടകത്തിൽ കർമ്മധീരനായ പോലീസ് ഓഫീസർ ശരത്ചന്ദ്രനായാണ് അവൻ വേഷമിടുന്നത്.

ഒരു ദിവസം അവൻ എന്റെ അരികിൽ വന്ന് പറഞ്ഞു:

  "എടാ നീ ,ആ പോലീസ് കാരൻ പാച്ചു സാറിന്റെ യുണിഫോം  എനിക്ക് വാങ്ങിത്തരണം. നാടകത്തിന് വേണ്ടിയാ.... നിന്റെ അയൽവക്കം അല്ലെ...നീ ചോദിച്ചാൽ കിട്ടും. ഞാൻ പണ്ട് അയാളുടെ ഡോബർമാന്റെ കാല് തല്ലി ഒടിച്ചതാ.അതുകൊണ്ട് എനിക്കാണെന്ന് പറയണ്ട... വെറുതെ വേണ്ട യൂണിഫോം ഒപ്പിച്ച് തന്നാൽ ഈ നാടകത്തിൽ നിനക്കും തരാം ഒരുവേഷം."

അതുവരെ അഭിനയ മോഹം ഏഴയൽവക്കത്ത് പോലും  ഇല്ലാതിരുന്ന ഞാൻ, ആ യൂണിഫോം വാങ്ങി നല്കി,  ഒരു ലോക്കൽ ഗുണ്ടയായി ആ നാടകത്തിൽ എന്റെ അഭിനയ ജീവിതത്തിന് ഹരിശ്രീ കുറിച്ചു ..! നാടകത്തിലെ ഞാൻ ചെയ്യേണ്ട ഗുണ്ടയുടെ സ്വഭാവം കേട്ടപ്പോൾ ഇതിലും ഭേദം തീവണ്ടിക്ക് തല വെക്കുന്നതാണെന്ന് എനിക്ക് തോന്നി..! 

നാട്ടിലെ പ്രമാണിയായ ലാസർ മുതലാളിയുടെ ( B2 ക്ലാസ്സിലെ വയറൻ ബിനു)ആഭാസനും, സ്ത്രീലമ്പടനും, പരമതൊട്ടിയും ആയ ഗുണ്ടയായിട്ടാണ് ഞാൻ അഭിനയിക്കണ്ടത്. ഈ ലോക്ലാസ്സ് റോൾ മറ്റാരും ഏൽക്കാത്തത് കൊണ്ടായിരുന്നു അവൻ ഇത് എനിക്ക് തന്നത്.ഇതൊന്നും പോരാഞ്ഞ് ക്ലൈമാക്സിൽ ഞാൻ അവന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയണം പോലും...! അങ്ങനെ കരയുന്ന ഗുണ്ടയായ എന്നെയും, ലാസർ മുതലാളിയായ വയറൻ ബിനുവിനെയും വെടിവെച്ച് കൊന്നിട്ട് അവൻ പഞ്ച് ഡയലോഗ് പറയുമ്പോഴാണ് നാടകം തീരുന്നത്.

 കമ്മീഷണർ സിനിമാ കത്തി നിന്ന സമയം...ഈ നാടകത്തിലെ ശരത് ചന്ദ്രൻ എന്ന അവന്റെ പേരും, പോലീസ് ഓഫീസറുടെ വേഷവും കൈയ്യടി വാങ്ങാൻ അവൻ പ്രത്യേകം രൂപപ്പെടുത്തിയതായിരുന്നു. ഇതെല്ലാം കേട്ടുനിന്ന എനിക്ക്, എന്റെ അഭിനയകരിയർ അപ്പോൾ തന്നെ അവസാനിപ്പിക്കാൻ തോന്നി.എങ്കിലും എന്റെ മനസ്സിലപ്പോൾ അവനിട്ട് തിരിച്ച് പണിയാനുള്ള ഒരു ഐഡിയാ സ്പാർക്ക് ചെയ്തു...!!

അങ്ങനെ റിഹേഴ്സലും, ഡ്രെസ്സ് റിഹേഴ്സലും ഒക്കെ കഴിഞ്ഞ് നാടകം തട്ടിലേറി...!.ബ്യൂട്ടന്മാരായ കുമാരന്മാരും, ബ്യൂട്ടികളായ കുമാരിമാരും, അധ്യാപകരും, അനധ്യാപകരുമൊക്കെയായി ഹാൾ നിറഞ്ഞ്  കാണികൾ... ചെറിയ കൂക്ക് വിളികളും, വിസിലടിയും ഒക്കെയായി നാടകം അങ്ങനെ അവസാന രംഗം വരെ എത്തി. രംഗത്ത് എന്റെ തലവെട്ടം കാണുമ്പോളെല്ലാം  സദസ്സിൽ നിന്നും ഉയർന്ന് കേൾക്കുന്ന ആടിന്റെ കരച്ചിൽ, ആടുഫാമിന്റെ ഉള്ളിൽ ചെന്നുപെട്ട പ്രതീതി അവിടെ ജനിപ്പിച്ചു...! അതൊഴിച്ചാൽ വല്യ ബഹളം ഒന്നും തന്നെ ഇല്ല. ശരത് ചന്ദ്രൻ ജോസ്മോൻ കസറി കൈയ്യടി വാങ്ങി നിൽക്കുന്നു.

അവസാന രംഗത്ത് ഞങ്ങളെ വെടിവെച്ച് കൊല്ലാൻ അവൻ തുടങ്ങുന്ന സീനെത്തി.ഞങ്ങളുടെ നേർക്ക് തോക്ക് ചൂണ്ടിയിട്ട് അവൻ പറഞ്ഞു

" ഇനി നിങ്ങൾക്ക് രക്ഷയില്ല... ഞാൻ വിധി നടപ്പാക്കാൻ പോകുന്നു "

ചുവന്ന ചായം കലക്കിയ മുട്ടത്തോട് പോക്കറ്റിലിട്ട്, അവന്റെ വെടിയേറ്റ് ചാകാൻ റെഡിയായി നിന്ന ഞാൻ അപ്പോൾ... "എന്നെ കൊല്ലരുത് സാ....ർ" എന്ന ആർത്ത നാദവുമായി ഓടിച്ചെന്ന് അവന്റെ കാൽക്കലേക്ക് വീണു. എന്നിട്ട് ആ വീഴ്ചയിൽ കിടന്ന് കൊണ്ട്  അവനിട്ടിരുന്ന ഷൂസിന്റെ ലെയ്സുകൾ തമ്മിൽ സൂത്രത്തിൽ കൂട്ടിക്കെട്ടി... ഈ സമയം '' സമുഹത്തിലെ ഇത്തരം പുഴുക്കുത്തുകളെ ഭൂമിക്കു മേൽ വെച്ചേക്കരുത് "എന്ന് തുടങ്ങുന്ന നെടുങ്കൻ ഡയലോഗ് കാച്ചുകയായിരുന്നു അവൻ ... കെട്ടിയതിന് ശേഷം അവന്റെ  കാൽച്ചോട്ടിൽ നിന്നും ഉരുണ്ട് നീങ്ങി, ഓടി രക്ഷപെടാൻ ശ്രമിക്കുന്നത് പോലെ ഞാൻ അഭിനയിച്ചു.

സ്ക്രിപ്റ്റിലില്ലാത്ത എന്റെയീ ഉരുളലും ഓട്ടവുംകണ്ട്  അവനൊന്നു പകച്ചു. പിന്നെ തോക്കുമായി എന്റെ അടുക്കലേക്ക് കുതിച്ചുചാടി... ആ ചാട്ടത്തിൽ ഇൻസ്പെക്ടർ ശരത്ചന്ദ്രൻ വേദിയിൽ  "പൊത്തോന്ന് " കമിഴ്ന്നടിച്ച് വീഴുന്ന കാഴ്ചയായിരുന്നു പിന്നെകാണികൾ കണ്ടത്. ഈ വീഴ്ചക്കിടയിൽ അവനൊരു അബദ്ധവുംപറ്റി. വീഴാതിരിക്കാൻ  ലാസർ മുതലാളിയെ ഇതിനിടയിൽ അവൻ കയറിപ്പിടിച്ചു. പക്ഷെ പിടുത്തം ലാസർ മുതലാളിയായ് സിൽക്ക് ജുബ്ബയും, ഡബിൾമുണ്ടും ഉടുത്തുനിന്നിരുന്ന ബിനുവിന്റെ ഉടുമുണ്ടിലായിപ്പോയി.. ആ മുണ്ടും ഉരിഞ്ഞ് കൊണ്ടായിരുന്നു അവൻ വീഴ്ച്ചപൂർത്തീകരിച്ച് സ്റ്റേജിൽ ലാൻഡ് ചെയ്തത്.

വരയൻ കളസ്സവുമായ് ഒരു നിമിഷം ആ വേദിയിൽ നിന്നുപോയ ബിനു, പിന്നെ നാണംമറക്കുന്നതിനുവേണ്ടി സൈഡ്കർട്ടന്റെ അരികിലേക്കെടുത്തു ചാടി. അതുകണ്ട്  ഹോസ്റ്റലിലെ അവന്റെ സഹമുറിയൻ, ''നോയല് "

അപ്പോളിങ്ങനെ പറഞ്ഞു ...''കർത്താവെ നീ കാത്തു.. അവൻ  ഇന്ന് wwf അല്ലാരുന്നു..ദാണ്ട് നിക്കറ്. "

കാണികളുടെ നിർത്താതെയുള്ളകൂവലിൽ റീത്ത്, ജെണ്ട്, ചെരിപ്പുമാല ഒക്കെയായ് നാടകം പൊളിഞ്ഞുവെങ്കിലും, ഞാൻ ഹാപ്പിയാരുന്നു..!

അന്ന് മുതൽ ഈ ആടിനൊപ്പം പുതിയ രണ്ടുകഥാപാത്രങ്ങൾകൂടി കോളേജിൽ അവതരിച്ചു ,കളസ്സംബിനുവും, ദുശ്ശാസനൻജോസും..!

 

അരുൺ വി സജീവ്