ആറാം മൈലിലെ ആറാമത്തെ വീട്ടിലെ അപ്പാപ്പൻ : ഓർമ, റോയ് പഞ്ഞിക്കാരൻ

ആറാം മൈലിലെ ആറാമത്തെ  വീട്ടിലെ അപ്പാപ്പൻ : ഓർമ, റോയ് പഞ്ഞിക്കാരൻ

 

വളരെ തിരക്കുള്ള വഴിയുടെ ആറാം മൈലിൽ നിന്നും ഇടത്തോട്ടു ഒരു ചെമ്മൺപാത . ഇരു വശങ്ങളിലും അവിടെയും ഇവിടെയും ഒക്കെയായി വീടുകൾ ,  ഇടതൂർന്നു നിൽക്കുന്ന  റബ്ബർ മരങ്ങളും .   വഴിയോട് ചേർന്നു നിൽക്കുന്ന മരങ്ങളിലെ ഇലകൾക്ക് 

സ്വർണം പൂശിയ നിറം . വല്ലപ്പോഴും പൊടി  പാറിച്ചു പോകുന്ന വണ്ടികളാണ് ഇലകൾക്ക് ഈ നിറം നൽകിയിരിക്കുന്നത് . ആ വഴിയരുകിൽ ഒരു ചെറിയ മതിൽക്കെട്ടിനുള്ളിൽ ഓടിട്ട ഒരു മനോഹരമായ വീട്,  ആറാം മൈലിൽനിന്നും ആറാമത്തെ വീട് . അതിനുള്ളിൽ പ്രായമായ ഒരു അപ്പാപ്പനും അമ്മാമ്മയും .  കാലം അപ്പാപ്പന്റെ തലമുടി  ഭംഗി ആയി നരപ്പിച്ചിരിക്കുന്നു . അമ്മാമ്മയുടെ തലയിൽ അത്രയും നര വീണിട്ടില്ല . 

അമ്മാമ്മയും അവിടുത്തെ നാട്ടുകാരും പറയും അപ്പാപ്പൻ ഭയങ്കര പിശുക്കനാണെന്ന് .  അപ്പാപ്പൻ ബാങ്ക് ജീവനക്കാരായിരുന്നു . പിരിഞ്ഞപ്പോൾ കിട്ടിയ പൈസ മുഴുവനും ബാങ്കിലിട്ടിരിക്കുകാണ് . പലിശ പോലും എടുക്കില്ലത്രെ. 

ഇതൊക്കെയാണ് ജനസംസാരം . 

വീട്ടിൽ ഒരു റേഡിയോയോ ടീവിയോ ഒന്നുമില്ല . ദിനപ്പത്രത്തിന് ആശ്രയിക്കുന്നത് അടുത്ത വീടുകളെയാണ് . 

അപ്പാപ്പൻ എന്നും വെളുപ്പിനെ അഞ്ചുമണിക്ക് എഴുന്നേൽക്കും . 

എന്നിട്ടു വഴിയുടെ ഭാഗത്തേക്കുള്ള  ജനലുകൾ തുറന്നിട്ട് അതിനരുകിൽ വഴിയിലേക്ക് കണ്ണും നട്ടിരിക്കും . അഞ്ചരയോടെ  ഓരോ വീടുകളിലും വരുന്ന വിവിധ ദിനപ്പത്രങ്ങളെടുക്കാനാണ് ഈ കാത്തിരുപ്പ് .   അതെല്ലാം പെറുക്കിയെടുത്തു അപ്പാപ്പൻ വീട്ടിൽകയറും . അപ്പോഴാണ്  തന്റെ വീട്ടിലെ ലൈറ്റ് പോലും ഇടുന്നത് . 

പിന്നെ ജനലുകളടച്ചു ചാരുകസേരയിലിരുന്നു ഓരോ  ദിനപ്പത്രത്തിന്റെയും ''മരണവർത്തകൾ '  അടങ്ങുന്ന പേജുകൾ എടുത്തു അടുക്കി വെക്കും. 

നാട്ടിലെ മറ്റൊരു വാർത്തകളും അറിയേണ്ട . ബാക്കിയുള്ള പേജുകൾ ഭംഗിയായി മടക്കി വെച്ച് അതാതു സ്ഥലങ്ങളിൽ കൊണ്ടുവെക്കും . തിരികെ വന്നു  മരണ വാർത്തകൾ വീണ്ടും വീണ്ടും വായിക്കും .  അതിൽ മരിച്ചവരുടെ വയസ്സാണ് അപ്പാപ്പന് കൂടുതലും അറിയേണ്ടത് .  വയസ്സ് 75 എന്ന് കണ്ടാൽ അപ്പാപ്പന്റെ മനസ്സിലൊരു കൊള്ളിയാൻ മിന്നും .  പിറകിലേക്ക് അറിയാതെ ചാരും . കണ്ണടച്ച് ആകാശത്തിലെ നക്ഷത്രങ്ങളെ മനസ്സിൽ കാണും . തലക്കുള്ളിൽ ചിറകടിച്ചു കഴുകനെത്തും . ഒപ്പം ബാങ്കിലെ പൈസയുടെ അട്ടഹാസങ്ങളും .  

'ദേ കണ്ണ് തുറന്നെ 

ഇന്നാ കാപ്പി ' എന്ന് പറഞ്ഞു  അമ്മാമ്മ അപ്പാപ്പനെ  തൊട്ടു വിളിക്കും . കണ്ണുകൾ തുറന്നു ആകാശത്തിൽ നിന്നും അപ്പാപ്പൻ 

ഭൂമിയിലിറങ്ങും . കാപ്പി വാങ്ങി കുടിക്കും .  

നീ ഇന്നത്തെ മരണവാർത്തകൾ ഒന്ന് വായിച്ചേ എന്ന് പറഞ്ഞു ഒരു പേപ്പർ എടുത്തു അമ്മാമ്മക്ക് കൊടുക്കും . 

'എനിക്കിതൊന്നും കാണേണ്ട മനുഷ്യ'  എന്ന് പിറുപിറുത്തുകൊണ്ട് അമ്മാമ്മ 

അടുക്കളയിലേക്ക് . അപ്പാപ്പൻ പിറകെയും . 

ഇപ്പോൾ കാലം അമ്മാമ്മയുടെയും തലമുടി  ഭംഗി ആയി നരപ്പിച്ചു കാണും .