അഭയം എവിടെ? : കവിത, ഹേമാ വിശ്വനാഥ്

   അഭയം എവിടെ? : കവിത, ഹേമാ വിശ്വനാഥ്

 

 

സന്ധ്യാംബരത്തിന്നു

ചെഞ്ചായംപൂശിയിട്ടർക്കൻ

പടിഞ്ഞാറുപോയ്

അന്തിവിളക്കു കൊളുത്തുന്നു താരകൾ

ആകാശപൂമുഖത്ത്

 

ഒക്കത്തു പാൽക്കുടം തുള്ളിച്ചൊരമ്പിളി

വാനിൽ തെളിഞ്ഞു നിൽക്കേ

തെന്നലാം കാമുകൻ മേഘത്തരുണിയെ

ചുംബിച്ചുലച്ചിടുന്നു.

 

ഏതോ വിഷാദഛവിപൂണ്ടു കണ്ണുനീർ തൂകി

മറഞ്ഞു സന്ധ്യാ

രാവു കരിംചേല

ചുറ്റിയുടുത്തുകൊണ്ടട്ടഹസിച്ചു വന്നു.

 

നിഴലും നിലാവും പ്രണയം വിടർത്തുന്നു

മാനവ മാനസ ദ്യോവുകളിൽ

ഇരുളിന്റെ ചില്ലയിൽ ഇണകളേ തേടിയാ

രാക്കിളികൾ പാട്ടുപാടി.

 

പോയകാലത്തിൻ സ്‌മൃതികളെ

മാറാപ്പിലാക്കിയോരേകാകിനി

ദുഖത്തിൻ മൺവീണ മീട്ടിയലയുന്നു

രാപാർക്കാൻ വഴിയമ്പലങ്ങൾ തേടി.

 

രക്തമിറ്റിക്കുന്ന നാവും ദംഷ്ട്രയും കൂർത്ത

നഖങ്ങളുമായ്

കനലെറിഞ്ഞവളുടെ പിന്നാലെ പായുന്നു

കാമത്തിൻ കോമരങ്ങൾ.

 

മുട്ടുവിൻ വാതിൽ തുറക്കപ്പെടുമെന്ന ദിവ്യ

വചനങ്ങളിൽ

മുട്ടിവിളിച്ചിട്ടും വാതിൽ തുറന്നില്ല കനിവിന്റെ

ദേവതമാർ.

 

തളരുന്ന കാലടിയാൽ കരയുവാനാകാതെ

ശ്വാസനാളം പുകഞ്ഞ്

അഭയത്തിനായവളുടെ ആത്മാവുപായുന്നു

ഒരു കിളിക്കൂടുതേടി

അഭയത്തിൻ ചെറുകിളിക്കൂടുതേടി.

********************