മധ്യപ്രദേശില്‍ ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി ഗുരുതരാവസ്‌ഥയില്‍

മധ്യപ്രദേശില്‍ ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി ഗുരുതരാവസ്‌ഥയില്‍

മധ്യപ്രദേശില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ ആസിഡ് കുടിപ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവതി ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ രാംഗര്‍ഹ് ഗ്രാമത്തിലെ ദാബ്ര പ്രദേശത്ത് ജൂണ്‍ 28നാണ് സംഭവം നടന്നത്.

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്തയച്ചതിനെ തുടര്‍ന്നാണ് ക്രൂരത പുറത്തറിയുന്നത്. യുവതിയുടെ ആമാശയം, കുടല്‍ എന്നിവ പൂര്‍ണ്ണമായും പൊള്ളലേറ്റ നിലയിലാണ്. ഒന്നും കുടിക്കാനോ ഭക്ഷിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. അടിക്കടി രക്തം ഛര്‍ദിക്കുന്നുണ്ടെന്നും സ്വാതി മാലിവാള്‍ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയൊന്നുമില്ലെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. യുവതിയെ ചികിത്സക്കായി പ്രവേശിപ്പിച്ചതു മുതല്‍ സഹായത്തിനായി വനിത കമ്മീഷന്‍റെ ഒരു ടീം ആശുപത്രിയിലുണ്ട്.