ശരദ് പവാറിന്റെ പേരും ചിത്രവും ഉപയോഗിച്ച അജിത് പക്ഷത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ശരദ് പവാറിന്റെ പേരും ചിത്രവും ഉപയോഗിച്ച അജിത് പക്ഷത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

പാർട്ടി പ്രചാരണത്തിന് അജിത് പവാർ പക്ഷം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻസിപി) സ്ഥാപകൻ ശരദ് പവാറിന്റെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ വിമർശനവുമായി സുപ്രീംകോടതി.

എൻസിപി ഇപ്പോള്‍ മറ്റൊരു രാഷ്ട്രീയ പാർട്ടിയാണെന്നും ഇനി സ്വന്തം സ്വത്വത്തില്‍ പ്രവർത്തിക്കണമെന്നും അജിത് പവാർ പക്ഷത്തോട് സുപ്രീം കോടതി വ്യക്തമാക്കി. ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കാനും അജിത് പവാർ പക്ഷത്തോട് കോടതി നിർദേശിച്ചിട്ടുണ്ട്. അജിത് പവാർ പക്ഷത്തെ ഔദ്യോഗിക എൻസിപിയായി അംഗീകരിച്ചത് ചോദ്യം ചെയ്ത്‌ ശരദ് പവാർ പക്ഷമാണ് ഹർജി സമർപ്പിച്ചത്. വോട്ടർമാരെ സ്വാധീനിക്കാൻ അജിത് പവാർ പക്ഷം ശരദ് പവാറിൻ്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹർജിയിലെ ആരോപണം.

'നിങ്ങള്‍ ഇപ്പോള്‍ മറ്റൊരു രാഷ്ട്രീയ പാർട്ടിയാണ്. ശരദ് പവാറുമായി ചേര്‍ന്ന്‌ പ്രവർത്തിക്കുന്നില്ല, പിന്നെന്തിനാണ് അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുന്നത്. ഇനി സ്വന്തം സ്വത്വത്തില്‍ പ്രവർത്തിക്കു," -സുപ്രീംകോടതി പറഞ്ഞു.

ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി ആത്മവിശ്വാസമുണ്ടെങ്കില്‍ അജിത് പവാറിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കണമെന്നും ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്ര, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് രൂക്ഷ വിമർശനമുന്നയിച്ചത്. ഇതില്‍ ശനിയാഴ്ചയ്ക്കകം അജിത് പവാർ പക്ഷം പ്രതികരണം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.