ആല്‍ബങ്ങള്‍: കവിത , ജേക്കബ് സാംസൺ

ആല്‍ബങ്ങള്‍: കവിത , ജേക്കബ് സാംസൺ

ല്‍ബങ്ങള്‍
ഷെല്‍ഫിലെ
ചിതലുപിടിക്കാത്ത
ഓര്‍മ്മതന്‍ നിശ്ചലചിത്രങ്ങള്‍
തട്ടിക്കുടഞ്ഞു തുറക്കുന്നു
താളുക,ളോരോന്നായ്‌
കണ്‍ മുന്നിലെത്തുന്നു

നല്ലകാലത്തിന്റെ
മിത്രങ്ങള്‍ ,ബന്ധുക്കള്‍
വര്‍ണ്ണപ്പകിട്ടുള്ള ചിത്രങ്ങള്‍
വന്നു നിരക്കുകയല്ലയോ
ആല്‍ബത്തില്‍,
മണ്ടത്തരത്തിന്റെ
സ്‌മാരക സ്‌തംഭത്തില്‍.

കാണുമ്പോള്‍
കൊഞ്ഞനം കുത്തുന്ന ശത്രുക്കള്‍
കണ്ടാല്‍ തിരിഞ്ഞൊന്നു
നോക്കാത്ത മിത്രങ്ങള്‍
മന്ദസ്‌മിതത്തിന്റെ
പൊന്നലച്ചാര്‍ത്തുമായ്‌
തോളത്തു കയ്യിട്ടു നില്‌ക്കുന്ന
യോര്‍മ്മകള്‍

കുത്തിക്കുടലെടു
ക്കാനായി വന്നവന്‍
സമ്മാനം തന്നു
ചിരിക്കുന്നു, കാലുകള്‍
തല്ലിയൊടിക്കാനായ്‌
വന്നവന്‍ , ഭവ്യമായ്‌
പാദങ്ങള്‍ വന്ദിക്കുന്നു
ഇത്രയും ശത്രുക്കള്‍
ഒന്നിച്ചു നില്‌ക്കുന്ന
ചിത്രങ്ങളെങ്ങനെ
ആല്‍ബമായി!

ആര്‍ക്കു
കണാന്‍വേണ്ടി
ആല്‍ബങ്ങളെന്നൊക്കെ
ചിന്തിക്കാന്‍ ബുദ്ധി
വരാത്ത കാലം
എന്നെന്നുമോര്‍ത്തു
രസിക്കാനൊരുക്കി ഞാന്‍
അറിവുകേടിന്റെയീ ചിത്രശാല

ബുദ്ധിയുറയ്‌ക്കാത്ത
കുട്ടിയെപ്പോലിതി
നായി പണമെത്ര
ഞാന്‍ മുടക്കി.

ഓര്‍മ്മകള്‍ക്കില്ലേ
വിലയെന്ന്‌ ചോദിച്ചാല്‍
ഉത്തരമാല്‍ബങ്ങള്‍
ചൊല്ലിത്തരും.

അപ്പന്റെ അപ്പന്റെ
അപ്പൂപ്പന്മാരുടെ
ആല്‍ബങ്ങളാരുടെ
വീട്ടിലുണ്ട്‌
അവരെല്ലാം
മണ്‍മറയുന്നതിന്‍ മുന്നവേ
ആല്‍ബങ്ങള്‍
മണ്‍തരിയായി മാറി

 

ജേക്കബ് സാംസൺ