ആലപ്പുഴ നഗരസഭാ പ്രദേശത്ത് ഛര്‍ദി, വയറിളക്കം പടരുന്നു: 110 പേര്‍കൂടി ചികിത്സതേടി

ആലപ്പുഴ നഗരസഭാ പ്രദേശത്ത്  ഛര്‍ദി, വയറിളക്കം പടരുന്നു: 110 പേര്‍കൂടി ചികിത്സതേടി

ആലപ്പുഴ: ആലപ്പുഴ നഗരസഭാ പ്രദേശത്ത് ഛര്‍ദി, വയറിളക്കം ലക്ഷണങ്ങളോടുകൂടി ജൂലൈ രണ്ടു ഉച്ച വരെ 24 മണിക്കൂറിനകം 110 പേര്‍കൂടി ചികിത്സതേടിയതായി ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു.

ഇതില്‍ 12 പേര്‍ക്ക് വയറിളക്കം മാത്രവും ഏഴ് പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും 91 പേര്‍ക്ക് ശര്‍ദ്ദി മാത്രമായുമാണ് ആശുപത്രിയിലെത്തിയത്. ലക്ഷണങ്ങള്‍ പ്രകടമായി അപ്പോള്‍ തന്നെ ചികിത്സതേടിയതിനാല്‍ ആര്‍ക്കും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവന്നില്ല.

കുടിവെള്ളത്തില്‍ നിന്നുതന്നെയാണ് രോഗബാധ എന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളില്‍ നിന്നു കുടിവെള്ളത്തിന്റെ സാമ്ബിളുകള്‍ ശേഖരിച്ചു പരിശോധിച്ചു വരുന്നു. രോഗികളുടെ ഛര്‍ദ്ദി മല സാമ്ബിളുകള്‍ മെഡിക്കല്‍ കോളേജ് മൈക്രോബയോളജി ലാബിലേക്കും ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും അയച്ചിട്ടുണ്ട്.

വിശദ പരിശോധന നടത്തുന്നതിനായി സാമ്ബിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്കും അയച്ചിട്ടുണ്ട്.

ഇതേ സമയം നഗരത്തില്‍ പടരുന്ന ഛര്‍ദ്ദ്യാതിസാരത്തിന്റെ കാരണത്തെ ചൊല്ലി വകുപ്പുകള്‍ തമ്മില്‍ ഭിന്നത. ജലജന്യരോഗമാണെന്ന് ആരോഗ്യ വകുപ്പ് പറയുമ്ബോള്‍ കുടിവെളളത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്.

ആലപ്പുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഛര്‍ദ്ദിയും വയറിളക്കവും പടരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 700 ലേറെ പേര്‍ക്ക് ഇതിനകം രോഗം പിടിപെട്ടു. കുട്ടികളിലാണ് കൂടുതല്‍ രോഗ ബാധ. എന്നാല്‍ രോഗകാരണം എന്താണെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. കുടിവെളളത്തിലെ മാലിന്യമാണ് അസുഖത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

എന്നാല്‍ ജല അതോറിറ്റി ഇത് നിഷേധിക്കുന്നു സാമ്ബിള്‍ പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് വെളളം ,മീന്‍, ഇറച്ചി എന്നിവയുടെ സാമ്ബിള്‍ ശേഖരിച്ച്‌ നഗരസഭയും പരിശോധനയക്ക് അയച്ചിട്ടുണ്ട് ഫലം ഇതുവരെ വന്നിട്ടില്ല.

നഗരത്തില്‍ ഛര്‍ദി അതിസാര ബാധയെത്തുടര്‍ന്നു വീടുകളിലും ഭക്ഷണവിതരണ കേന്ദ്രങ്ങളിലുമുള്ള പരിശോധന ഇന്നും തുടരും. രോഗം പടര്‍ന്നതു സംബന്ധിച്ചു പൊതുസ്രോതസ്സ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.