അമ്മ ചോദിക്കുന്നതൊന്നുമാത്രം: കവിത,ഡോ.അജയ് നാരായണൻ

അമ്മ ചോദിക്കുന്നതൊന്നുമാത്രം: കവിത,ഡോ.അജയ് നാരായണൻ

 


തരികയെൻ കുഞ്ഞിനെത്തിരികെ

മുലപ്പാലുവറ്റിയെന്നാത്മാവടരും മുൻപേ,

തോരാകണ്ണീരിൻ പ്രളയജലധിയിൽ

വിശ്വം തകരും മുൻപേ,

എന്റെ നിസ്സഹായതതൻ

വിത്തുപൊട്ടി മഹാമാരി പടരും മുൻപേ,

തരികെന്റെ നെഞ്ചിൻ തുടിപ്പിനെ.

 

സ്നേഹവും നന്മയും വിശ്വാസവും 

മരിക്കാത്ത മണ്ണിലോ

വഞ്ചനതൻ ജയിൽക്കൂട്ടിലോ

ഞാനെന്നറിയില്ല...

എങ്കിലുമെൻ 

മകനെത്തരിക

കപടവേഷധാരികളേ.

 

പ്രപഞ്ചം സാക്ഷിയായ്

കേഴുന്നു

എൻ മുലകളും

നെഞ്ചും തുടിക്കുന്നു

കൈകളാലവ പറിച്ചെറിഞ്ഞു

നിങ്ങളെശ്ശപിച്ചഗ്നിയാളുംമുൻപേ,

എന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തഗ്നിയിൽ ഹോമിക്കും മുൻപേ, 

ഞാനില്ലാതാകും മുൻപേ- യെന്നുണ്ണിയെത്തരിക

ഭൂതങ്ങളേ...

 

ഡോ. അജയ് നാരായണൻ