അമ്മയെ ഉപേക്ഷിച്ച  തലമുറ

അമ്മയെ ഉപേക്ഷിച്ച  തലമുറ

 

 

സപ്ന അനു ബി ജോർജ് 

 

 അമ്മയെന്ന സത്യം…അമ്മയെ സ്ത്രീയുടെ പര്യായങ്ങൾ ആണ് രക്ഷിതാവ് മാതാവ്, ജനനി, തായ എന്നിവ. അമ്മ എന്ന വാക്ക് സുറിയാനി പദത്തിൽ നിന്നും ഉല്ഭവിച്ചതാണെന്നാണ്  ഒരു അഭിപ്രായം. ഒരു കുട്ടി ആദ്യമായി പുറപ്പെടുവിക്കുന്ന സ്വരമായ 'അ' എന്നതിന്റെയും; കരഞ്ഞതിനെ തുടർന്ന് വായ പൂട്ടുമ്പോഴുണ്ടാകുന്ന 'മ' എന്ന സ്വരത്തിന്റെയും ചേർച്ചയാലാണ് 'അമ്മ' എന്ന പദം രൂപംകൊണ്ടത് എന്നും പറയപ്പെടുന്നു. ഒട്ടു മിക്ക മതങ്ങളും അമ്മയ്ക്ക് ദൈവതുല്യ സ്ഥാനമാണ് നൽകിയിരിക്കുന്നത്. എന്നാൽ ഇന്നതിനെല്ലാം വിപരീതമായൊരു ചിന്താഗതി ,കാലഘട്ടത്തിന്റെ ചോദ്യചിഹ്നമായിക്കൊണ്ടിരുക്കുന്നു…

അമ്മതൻ ഉമ്മ മറന്നുപോയോ?

അമ്മിഞ്ഞപാൽ  നുകര്‍ന്ന മധുരവും,

നെഞ്ചിലെ ചൂടും മറന്നുപോയോ?

ഒരിടത്ത് അമ്മയ്ക്ക് 5 മക്കൾ, വെറും മക്കളല്ല, 5 പെണ്മക്കൾ! സ്വന്തം അമ്മയെ തെരുവിൽ ഉപേക്ഷിച്ച  മകളുടെ വിശദീകരണം നെഞ്ചുറപ്പുള്ള ഒരു മനുഷ്യർക്കും കേട്ടുനിൽക്കാനാവില്ല. സമൂഹത്തിന്റെ നന്മയെ ഓർത്തു ആരൊക്കെയോ ചേർന്ന് നടത്തുന്ന വൃദ്ധസദനത്തിൽ ആ വീൽചെയറിൽ എഴുനേറ്റുനിൽക്കാൻ ശേഷിയില്ലാത്ത അമ്മയും ആ പടിക്കെട്ട് കടന്ന് എത്തിച്ചേർന്നു.

ഈ പടിക്കെട്ടിലാണ് അമ്മ കട്ടികൾ സ്കൂൾ വിട്ടു വരുന്നതും കാത്തിരിക്കുന്നത്. മനുഷ്യരുപേക്ഷിച്ചു  പോയ വീടുകളുടെ  മനസ്സിന്റെ മുറ്റംഉപേക്ഷിച്ചു പോവാത്ത ഈ മുത്തശ്ശിമാരും അമ്മമാരും, പ്രതീക്ഷ കൈവിടാതെ ആ പടിക്കെട്ടുകളിൽ ഇന്നും കാത്തു കാത്തിരിക്കുന്നു! പഴയ കഥകളും ,കൈ നിറയെ വർണ്ണക്കടലാസുകളിലെ മുട്ടായികളും,  സ്നേഹത്തോടെ വാരിക്കോരിയുണ്ടാക്കുന്ന പലഹാരങ്ങളും, ഊണുമേശ നിറഞ്ഞു കവിയുന്ന  സദ്യവട്ടങ്ങളും ഏതോകാലത്തിന്റെ  ഓർമ്മകൾ മാത്രമായിത്തീർന്നു. അവധിക്കാലങ്ങളിൽ  പോലും അമ്മമാർക്ക് നൽകാൻ സമയം ഇല്ലാത്തൊരു  തലമുറ. അമ്മമാർക്കു വേണ്ടി  ഷെഡ്യൂൾ ചെയ്യാനില്ലാത്ത  മക്കൾ!   

എന്നാൽ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ നെഞ്ചു നീറുന്ന കുഴൂർ വിത്സൺ മാരും ഇന്നില്ലാതെയും ഇല്ല!  അമ്മ മരിച്ചു കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അമ്മയെ കുറിച്ച് പിന്നെയും കുറെ കാര്യങ്ങൾ അറിയുന്നത്, “അതും എന്നെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ ഒരു ബന്ധുവിന്റെ വീട്ടിൽ പോയിട്ട് 15 കിലോമീറ്ററോളം അമ്മ നടന്നു വന്നത്“  ഒന്നും പറയാതെ  അമ്മ പോയി എങ്കിലും ഉള്ളിൽ തെളിനീരു പോലുള്ള സ്നേഹം ഒളിപ്പിച്ചിരുന്നു എന്ന് പിന്നീടാണ് മനസിലാക്കാനായത്ഇളയവന്‍, വയസ്സാം കാലത്ത് ഉണ്ടായവന്‍, അമ്മയെ നോക്കേണ്ടവന്‍, നാട് വിട്ടവന്‍, ഇഷ്ടം പോലെ ജീവിച്ചവന്‍, ഇതെല്ലാം  അമ്മക്ക് തോന്നിയ ചിന്തകളാകാം. എങ്കിലും എന്റെ അമ്മക്ക് വേണ്ടി വിത്സൺ കവിതകൾ എഴുതി, അമ്മയെ ഇന്നും സ്നേഹിക്കുന്നു, ജീവനു തുല്യം!!

എന്നാൽ തിരക്കേറിയ ഓരോ ആരാധനാലയങ്ങളുടെ നടകളിലും, എത്രയെത്ര മുത്തശ്ശിമാരും, മുത്തശ്ശന്‍മാരും ബന്ധുജനങ്ങളാൽ , മക്കളാൽ  ഉപേക്ഷിക്കപ്പെടുന്നു. ലൗകിക സുഖംമാത്രം പ്രതീക്ഷിക്കുന്ന  മക്കളുടെ ഈ കാലഘട്ടത്തിൽ വാര്‍ദ്ധക്യം എന്നത് ഒരു ശാപമായിത്തീർന്നിരിക്കുന്നു. മനുഷ്യ ജീവന്‍ പ്രതീക്ഷയുടെ പടിവാതിൽക്കൽ അവസാന കാൽവെപ്പുകളോടെ  നില്‍ക്കുന്ന അവസ്ഥയാണ് വാര്‍ദ്ധക്യം. ഓരോ വൃദ്ധജനങ്ങളും വന്‍ നിധിശേഖരങ്ങളാണ് എന്ന് ഇനിയും ഓർക്കാത്ത ഒരു തലമുറ. അനുഭവത്തിന്റേയും, വിജ്ഞാനത്തിന്റേയും ചരിത്രപുസ്തകങ്ങളാണ് ഇവര്‍. കാലത്തോടൊപ്പം നടന്ന് ജീവിതത്തിന്റെ കിതപ്പിനും കുതിപ്പിനും  ദാരിദ്ര്യവും പട്ടിണിയും ഇല്ലായ്മകളും എല്ലാം സാക്ഷിയായവർ! എന്നാൽ ഇതൊന്നുംതന്നെ തന്റെ മക്കളോടോ, സമൂഹത്തോടോ ഏറ്റുപറയത്തവർ, മൌനം ജീവിതചര്യയാക്കിയവർ. ഏല്ലാ ഒരു മന്ദഹാസത്തിലും, ആരും കാണാതെ തുടച്ചു മാറ്റുന്ന രണ്ടുതുള്ളി കണ്ണുനീരിൽ ചാലിച്ചുകളയുന്നവർ.സുഭിക്ഷതയുടെ, സുരക്ഷയുടെ സ്വര്‍ഗ്ഗരാജ്യം ഒരുക്കിത്തന്ന ഇവരെ മറന്നു കളയാൻ  ഒരു നിമിഷം പോലും നമ്മൾ കളഞ്ഞില്ല. ദിവസംപ്രതി പെരുകി വരുന്ന, വൃദ്ധസദനങ്ങളും എണ്ണം മാത്രം നോക്കിയാല്‍ മതി ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍.

അവിടെയും അമ്മത്തിരികളും, പാൽ ചായകളും ഇന്നും കഥാവിശേഷങ്ങളും ,കേന്ദ്രകഥാപാത്രങ്ങളും ആകുന്നു. ഏതൊരു  നല്ലകാര്യങ്ങൾക്കും പുറകെവരുന്ന  നഷ്ടങ്ങളുടെ കൂംബാരങ്ങൾ കുഴിച്ചുമൂടാനായി നമ്മൾ ഇനിയും എത്രയോ ജീവിത്തിന്റെ ശവകുടീരങ്ങൾ പണിയണം. എന്തിന് എന്നതിനുത്തരം ഇല്ല, എന്തുകൊണ്ട് എന്നതിന് നാം ഓരോരുത്തർ തന്നെയാണ് ഉത്തരം! ജീവിതത്തിന്റെ കഷ്ടനഷ്ടങ്ങളെ അറിയിക്കാതെ നാം ഓരൊരുത്തരും വളർത്തിയെടുത്ത ഇന്നത്തെ മക്കൾ , അവരുടെ  കഷ്ടങ്ങളുടെ സമയത്ത് ആദ്യം നീക്കിവെച്ചത് അമ്മയുടെയും അഛന്റെ മരുന്നിന്റെയും ചിലവിന്റെയും കാശാണ്.  മാസച്ചിലവിന്റെ കാശിന്റെ കണക്കുപട്ടികൾ ഒരോ മാസവും നമ്മുടെ കുട്ടികളെക്കൊണ്ട് കൂട്ടിക്കുറക്കാൻ  കൊടുത്തിരിന്നു എങ്കിൽ ,ആ കണക്കിലെ ഏറ്റവും കുറവ് ചിലവ് അമ്മക്കായിരുന്നു എന്നവർ  പഠിച്ചിരുന്നേനെ! അതും ചെയ്തില്ല………….

മറ്റ് ആശ്രയമില്ലാത്ത വൃദ്ധർക്ക് ശരണം നൽകുന്ന സ്ഥലമാണ് വൃദ്ധസദനം. ആധുനിക കാലഘട്ടത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയും അണുകുടുംബങ്ങൾ ധാരാളം ഉണ്ടാവുന്നതിന്റെ  നിമിത്തം മുത്തശ്ശി മുത്തശ്ശന്മാർക്ക് ശുശ്രൂഷയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കുടുംബംഗങ്ങൾക്ക് കഴിയാത്തതാണ് വൃദ്ധസദങ്ങൾ ധാ‍രാളം ഉണ്ടാകുന്നു എന്ന്  പറയപ്പെടുന്നു.മതസംഘടനകൾ, സന്നദ്ധ സംഘങ്ങൾ, സർക്കാർ തുടങ്ങിയവരാണ് സാധാരണയായി വൃദ്ധസദനങ്ങൾ നടത്തുന്നത്. സർക്കാർ നടത്തുന്ന വൃദ്ധസദനങ്ങളിൽ 55 വയസിനുമേൽ പ്രായമുള്ളവർക്കാണ് പ്രവേശനം നൽകുന്നത്.വൃദ്ധസദനങ്ങൾക്ക് പുറമേ വൃദ്ധജനങ്ങൾക്കുള്ള ഡേകെയർ സെന്ററുകളും  സർക്കാർ നടത്തുന്നുണ്ട്.  തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്എന്നിവിടങ്ങളിലായാണ് ഇത്തരം  ഡേകെയർ സെന്ററുകൾ പ്രവർത്തിക്കുന്നത്. ഇവിടെ പകൽ സമയങ്ങളിൽ ലക്ഷുഭക്ഷണം, ആതുരശൂശ്രൂഷ, സംരക്ഷണം, അഭയം എന്നിവയും നൽകപ്പെടുന്നു.

അവസാനവാക്ക്

വാര്‍ദ്ധക്യം വലിച്ചെറിഞ്ഞ് കളയാനുള്ള മാലിന്യമോ? എന്നിട്ടും എന്തേ അഛനും അമ്മയും, മുത്തച്ഛനും മുത്തശ്ശിയും കീറ കടലാസായത്. ഇന്നത്തെ യുവ കേസരികൾ ഊര്‍ജ്ജവും ഓജസ്സും ചോര്‍ന്ന് നാളെ വൃദ്ധരാകുമ്പോൾ അമ്പലനടകളിലും കടത്തിണ്ണകളിലും കൊണ്ടുതള്ളിയാൽ അനുഭവിക്കേണ്ടിവരുന്ന ഒറ്റപ്പെടൽ ഇന്നവർ  ചിന്തിച്ചു നോക്കുന്നില്ല. അത് സംഭവിക്കാതിരിക്കാൻ ഇന്ന്  നമുക്ക് അവർക്ക് മാതൃകകൾ കാണിച്ചുകൊടുത്തേമതിയാകൂ……….. നാളത്തെ നന്മക്കായി നമുക്ക് ഇന്ന് തന്നെ തുടക്കമിടാം.