അന്നത്തെ അത്രയും: കവിത, രാജു കാഞ്ഞിരങ്ങാട്

അന്നത്തെ അത്രയും: കവിത, രാജു കാഞ്ഞിരങ്ങാട്

 

 

പുല്ലുമേഞ്ഞ വീട്ടിൽ
മഴചോർന്ന് നനഞ്ഞ്
കിടക്കാൻ കഴിയാതെ
ഉറക്കം തൂങ്ങിയിരിക്കുമ്പോൾ
ചോരാത്ത ഒരു വീട്
എത്ര ആഗ്രഹിച്ചിട്ടുണ്ട്

വയറ് മുറുക്കിക്കെട്ടി
ആഴ്ച കൂലിക്ക് കാത്തുനിൽ
ക്കുമ്പോൾ
ആഴ്ചക്ക് ആറുദിവസമായിരു
ന്നെങ്കിലെന്ന്
എത്ര ആഗ്രഹിച്ചിട്ടുണ്ട്

മഞ്ഞു വീഴും കാലത്ത്
കീറിയതെങ്കിലും
ഒരു പുതപ്പിന്
എത്ര തണുത്തു വിറച്ചിട്ടുണ്ട്

ഇന്ന്,
ഓരോ മഴയും
ഓരോ ഉരുളച്ചോറും
ഓരോ തണുപ്പും
ഒരു മാത്ര ഓർമിക്കാതെ
അനുഭവിക്കാൻ കഴിയുന്നി
ല്ലെനിക്ക്

ഇന്നീ സുഖസൗകര്യങ്ങളിലും
അന്നത്തെ അത്രയും
സുഖം തോന്നുന്നേയില്ല