നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി അറസ്റ്റില്‍

നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി അറസ്റ്റില്‍

ലപ്പുഴ: കാവാലത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗമായ നിയമ വിദ്യാർഥിനി ആതിര തിലകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍.ഡിവൈഎഫ്‌ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പിഎൻ അനന്തുവിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ജനുവരി 5നാണ് മുൻ പഞ്ചായത്ത് അംഗം ആർ വി തിലകിന്റെ മകളും അവസാന വര്‍ഷ നിയമ വിദ്യാര്‍ഥിനിയുമായ ആതിര (25) ആത്മഹത്യ ചെയ്തത്. അനന്തുവും ആതിരയും തമ്മിലുള്ള വിവാഹം രണ്ട് വർഷം മുൻപ് നിശ്ചയിച്ചിരുന്നു.

വിവാഹ നിശ്ചയത്തിന് ശേഷം അനന്തു ഇടയ്ക്കിടെ ആതിരയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു. സംഭവ ദിവസവും അനന്തു ആതിരയെ കാണാൻ വീട്ടിലെത്തിയിരുന്നു. ആതിരയും അനന്ദുവും തമ്മില്‍ തർക്കമുണ്ടായിരുന്നുവെന്നും അനന്തു ആതിരയെ ശാരീരികമായി ഉപദ്രവിച്ചുവെന്നും ആതിരയുടെ മുത്തച്ഛൻ പൊലീസിനോട് പറഞ്ഞു. ഇതില്‍ മനം നൊന്താണ് ആതിര ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

ജോലി കഴിഞ്ഞ് മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് ആതിരയെ മുകളിലത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.