അത്താണി: കവിത; ഗീത , കോഴിക്കോട്

അത്താണി: കവിത; ഗീത , കോഴിക്കോട്

ഴയിരമ്പിവരുന്നനേരം ചങ്കിടിപ്പാണ്‌
പുലരിവന്നുവിളിക്കുവോളം നെഞ്ചിടിപ്പാണ്‌.

കാലവര്‍ഷമെടുത്തുപോയത്‌ കരളുതന്നാണ്‌,
കാലമേറെ കൊഴിഞ്ഞുപോകിലും പേക്കിനാവാണ്‌.

ആണ്ടുരണ്ടു കഴിഞ്ഞുവെങ്കിലു,മിന്നുപോലാണ്‌
മിന്നിമായണതെന്നുമുള്ളിലതെത്ര നോവാണ്‌!

സൂര്യബിംബമതീവഗൂഢമൊളിച്ചിരിപ്പാണ്‌
ശ്യാമമേഘമതീവശീഘ്രം വെഞ്ചരിപ്പാണ്‌.

നെഞ്ചുപൊട്ടിയമര്‍ഷപാതമൊലിച്ചപോലാണ്‌
ഘോരതാണ്ഡവമാടി വര്‍ഷമണഞ്ഞതന്നാണ്‌.

പാതിരാവിലിറുത്തെടുത്തതുമെത്ര പൂവാണ്‌?
വീടുപോലുമെടുത്തൊഴുക്കിയതെന്തിനായാണ്‌?

കൊച്ചുകൂരയിലന്തിനേര,മണഞ്ഞതെന്താണ്‌?
ജീവിതച്ചങ്ങാടമെന്നതു വഴിനിലച്ചാണ്‌.

ജീവിതച്ചുമടേന്തി,യേന്തിയുഴന്നു നില്‌പാണ്‌
നല്ലനാളെ വരുന്നതിന്നായ്‌ കാത്തിരിപ്പാണ്‌.

നേരമില്ലിനി,യേറെയൊന്നുതളര്‍ന്നിരുന്നീടാന്‍
പോകയാണു തളര്‍ന്നുവീഴുംമുമ്പണഞ്ഞീടാന്‍

ജീവിതത്തിറയാട്ടമിങ്ങനെ കെട്ടിയാടുമ്പോള്‍
അകലെയെന്നത്താണിയെങ്കിലുമാശ പെരുകുന്നു.