ഭൂപാളം പാടാത്ത പുലരി: കവിത , സുഗുണാ രാജൻ പയ്യന്നൂർ

ഭൂപാളം പാടാത്ത പുലരി:  കവിത , സുഗുണാ രാജൻ പയ്യന്നൂർ

 രാമുല്ലയൊന്നൊന്നായ് പൂത്തു നിരന്നിട്ടും 

പൂമണിത്താരകൾ മിഴികളടച്ചിട്ടും 

രാഗേന്ദു ചന്ദ്രിക  ദൂരെ മറഞ്ഞിട്ടും 

നാണത്താൽ കൂമ്പിയ

കലികകളിന്നെന്തേ 

നവയൗവ്വനത്താൽ ഹസിച്ചതില്ലാ.....

പുലരിയിൽ സൂര്യാംശുവേറ്റു 

വിടർന്നതില്ലാ... 

 

വൈഡൂര്യ കാന്തിയിൽ 

തെളിയും നിൻ പൂങ്കവിൾ കുങ്കുമമിന്നു

തെളിഞ്ഞതില്ലാ....   

ഇമബിന്ദുവൂറും നിൻ

ചെഞ്ചൊടിയിതളിലെ 

കനവുകളും ചിരി തൂകിയില്ലാ... 

നിന്റെ മിഴിക്കോണിൽ മാധുര്യമൂറിയില്ലാ.... 

 

ചോരനായ് നിൻ മനം നോവിക്കില്ല,  

ആരും കശ്‌മലനായ്  മാനം കവരുകില്ല 

ഒരുവേള നിൻ മുഗ്ദ്ധ സ്വപ്ന

സുഗന്ധത്തിൽ 

ഹൃദയം മറന്നൊരു  ശ്രുതി ചേർത്തിടാം 

പുതുമഴ പൊഴിയുമ്പോൽ പെയ്തിറങ്ങാം.. 

ഒരു മൃദു ചുംബനസ്‌മൃതിയായിടാം.... 

 

ഉണരൂ പൂക്കളെ,  പാടൂ കിളികളെ 

ഈണത്തിൽ ഭൂപാളമൊന്നു പാടൂ... 

പുത്തൻ പ്രതീക്ഷയും പുതിയ സ്വപ്നങ്ങളും 

നന്മകളും  പൂക്കും  നല്ലൊരു നാളേക്കായ് 

ഒരൊറ്റ മനസ്സോടെ മുന്നേറിടാം... 

ഹൃദയങ്ങളൊന്നായണി ചേർന്നിടാം...   

 

     *സുഗുണാ രാജൻ പയ്യന്നൂർ *