ബില്‍ക്കിസ് ബാനു കേസ്; പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീം കോടതി

ബില്‍ക്കിസ് ബാനു കേസ്; പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീം കോടതി

ല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി. കേസിലെ പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കി സുപ്രീംകോടതി.

പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ നടന്ന മഹാരാഷ്‌ട്രയിലെ സര്‍ക്കാരിനായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ബി. വി നാഗരത്‌ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തില്‍ പെട്ടതാണെങ്കിലും സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് കോടതി പറഞ്ഞു. പ്രതികള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2022ലെ മുന്‍ സുപ്രീകോടതി വിധി അസാധുവാണെന്ന് കോടതി പറഞ്ഞു.

പ്രതികളുമായി ഒത്തുകളിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍ നിയമവ്യവസ്ഥയെ അട്ടിമറിച്ചു. ഇല്ലാത്ത അധികാരമാണ് സര്‍ക്കാര്‍ ഉപയോഗിച്ചത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണമെന്നും കോടതി പറഞ്ഞു. 2022 ഓഗസ്റ്റ് 15നാണ് കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്.

ഇത് ചോദ്യംചെയ്തുകൊണ്ട് ബില്‍ക്കിസ് ബാനു, സിപിഎം നേതാവ് സുഭാഷിണി അലി, തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര തുടങ്ങിയവര്‍ സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

ഗുജറാത്ത് കലാപകാലത്താണ് 21 വയസ് മാത്രമുണ്ടായിരുന്ന, അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന  ബില്‍ക്കിസ് ബാനു ക്രൂരപീഡനത്തിനിരയായത്.