ബോധവൽകരണം; കവിത, ഡോ. ജേക്കബ്‌ സാംസണ്‍

ബോധവൽകരണം; കവിത,  ഡോ. ജേക്കബ്‌ സാംസണ്‍


 

ന്ത്രി വരുന്നുണ്ട്‌ പഞ്ചായത്തില്‍
കാട്ടിലെ മൂപ്പനും വേണമപ്പോള്‍
വേണ്ടെന്ന്‌ വച്ചിട്ടും സര്‍ക്കാരിന്റെ
വണ്ടിയില്‍ മൂപ്പനെ കൊണ്ടുവന്നു
ആര്‍ക്കുമേയിഷ്ടമില്ലെങ്കിലെന്താ
പദ്ധതിയെല്ലാമിവര്‍ക്കു വേണ്ടി
പത്രത്തില്‍ ചിത്രം വരണമെങ്കില്‍
മൂപ്പന്റെ തലയതില്‍ വന്നേ തീരൂ
മന്ത്രിയുദ്‌ഘാടനം ചെയ്‌തിടാതെ
ക്‌ളാസ്സാദ്യമാകട്ടെ എന്നു ചൊല്ലി
വന്ന പ്രൊഫസര്‍ക്കു വീര്യം കൂടി
മൈക്കിനു മുന്നില്‍ കുതിച്ചു വന്നു
ശാസ്‌ത്രലോകത്തിന്റെ നേട്ടമെല്ലാം
ക്‌ളാസായി മൂപ്പനെ ബോധ്യമാക്കി
നാട്ടില്‍ പുരോഗതിയുണ്ടാകുമ്പോള്‍
നിങ്ങള്‍ക്കും മാറ്റം വരേണ്ടതല്ലേ
ലോകത്തിനെന്തു കൊടുത്തു നിങ്ങള്‍
ജീവിതകാലങ്ങള്‍ വ്യര്‍ത്ഥമാക്കി
ലോകം പുരോഗമിക്കുന്നതിന്റെ
ഭാഗമായ്‌ നിങ്ങളും മുന്നേറണം
`എന്താ മുന്നേറുവാന്‍ തയ്യാറാണോ
ഉത്തരമിപ്പോള്‍ പറഞ്ഞിടേണം`
ഉത്തരമൊന്നും പറഞ്ഞിടാതെ
മന്ദനെപ്പോലെയിരുന്നു മൂപ്പന്‍
`ആരേയും പേടിക്കാനില്ലിവിടെ
ധൈര്യമായിട്ടു പറഞ്ഞുകൊള്ളൂ`
പ്രൊഫസര്‍ക്കു നിര്‍ബന്ധം കൂടിയപ്പോള്‍
മൂപ്പനെ ആരോ പിടിച്ചു നിര്‍ത്തി
`ഞാന്‍ പറഞ്ഞീടിലുമില്ലെങ്കിലും
ആര്‍ക്കുമതുകൊണ്ടു നേട്ടമില്ല
എങ്കിലുമിങ്ങനെ നിര്‍ബന്ധിച്ചാല്‍
മിണ്ടാതിരിക്കുവാന്‍ മാര്‍ഗ്ഗമുണ്ടോ?
ഞങ്ങള്‍ കൊടുത്തില്ലയാര്‍ക്കുമൊന്നും
ഞങ്ങള്‍ നശിപ്പിച്ചുമില്ലയൊന്നും
കാടും മരങ്ങളും കാട്ടുമ്യഗങ്ങളും
കാട്ടുനീര്‍ച്ചാലുമീ കാറ്റുപോലും
ഞങ്ങള്‍ക്ക്‌ കിട്ടിയ പോലെ തന്നെ
നിങ്ങള്‍ക്കും ഞങ്ങള്‍ തന്നില്ലയോ
പിറവിയെ ഞങ്ങള്‍ തടഞ്ഞിട്ടില്ല
മരണങ്ങളെ ചെറുത്തിട്ടുമില്ല
കാടിനോടൊപ്പം നിന്നു ഞങ്ങള്‍
കാട്ടു നിയമങ്ങള്‍ കാത്തു ഞങ്ങള്‍
നിങ്ങള്‍ പുരോഗതി കൊണ്ടുവന്നു
നിങ്ങള്‍ വ്യവസായം കൊണ്ടുവന്നു
വെള്ളം കുടിക്കുവാന്‍ കിട്ടാതായി
വായു ശ്വസിക്കുവാന്‍ കൊള്ളാതായി
കാടും മരങ്ങളും ഇല്ലാതായി
കാട്ടുമൃഗങ്ങളും നഷ്ടമായി
കാട്ടില്‍ ജീവിക്കുവാനൊന്നുമില്ല
നിങ്ങള്‍തരുന്നതല്ലാതെയില്ല
ചുള്ളിയൊടിച്ചവര്‍ കള്ളരായി
തേക്ക്‌മുറിച്ചവര്‍ മാന്യരായി
കാടുതെളിച്ചുമുറിച്ചുനല്‌കി
വോട്ടുപിടിച്ചുജയിച്ചുനിങ്ങള്‍
എത്രയോ പദ്ധതികൊണ്ടു വന്നു
എത്രയോ കോടി ചെലവഴിച്ചു
എത്ര നിയമം നടപ്പിലായി
എത്ര ഭരണങ്ങള്‍ മാറിവന്നു
ഞങ്ങള്‍ക്ക്‌മാറ്റങ്ങള്‍വന്നിട്ടില്ല
നിങ്ങള്‍ക്കുംമാറ്റങ്ങള്‍വന്നിട്ടില്ല
ഇപ്പോള്‍ ഞാന്‍ പോകട്ടെ അല്ലെങ്കിലും
വണ്ടിയില്‍ നിങ്ങള്‍ വിടുകയില്ല.`
മൂപ്പന്‍ പോയപ്പോള്‍ അല്‌പനേരം
ചിന്തിച്ചിരുന്നുപോയ്‌ എല്ലാവരും
പിന്നെക്കാര്യങ്ങള്‍ പൂര്‍വ്വാധികം
ഭംഗിയായിട്ടവര്‍ പൂര്‍ത്തിയാക്കി
മൂപ്പന്റെ വാക്കുകള്‍ അന്നുമുതല്‍
പ്രൊഫസര്‍ക്ക്‌ പുത്തന്‍ വെളിച്ചമായി.