ബ്രണ്ണന്‍ കോളേജിലല്ല ഇവിടെ എല്‍.പി സ്‌കൂളില്‍ പഠിക്കുമ്പോഴാണ്‌ സംഭവം!

ബ്രണ്ണന്‍ കോളേജിലല്ല ഇവിടെ എല്‍.പി സ്‌കൂളില്‍ പഠിക്കുമ്പോഴാണ്‌ സംഭവം! 

ഷുക്കൂര്‍ ഉഗ്രപുരം

ന്നാം പിര്യേഡ്‌ മലയാളമായിരുന്നു. ഉണ്ണികൃഷ്‌ണന്‍ മാഷ്‌ നല്ല വെടിപ്പുള്ള കയ്യക്ഷരത്താല്‍ കറുത്ത ബോര്‍ഡില്‍ ചേരുംപടി ചേര്‍ക്കാനുള്ള ചോദ്യമെഴുതി, എല്ലാവരോടും ശരിയുത്തരം എഴുതാന്‍ പറഞ്ഞു. ആരും ചോദിച്ചെഴുതാന്‍ പാടില്ലെന്ന്‌ ആദ്യമേ മാഷ്‌ പറഞ്ഞിട്ടുണ്ട്‌. എല്ലാ സാറന്‍മാര്‍ക്കും ഇരട്ടപ്പേരുണ്ട്‌. കള്ളത്താടിയും കൂറാച്ചിയും കൊരങ്ങനുമായി നീണ്ടുപോകുന്നു ആ പേരുകള്‍. പക്ഷേ ഉണ്ണിക്കൃഷ്‌ണന്‍ മാഷിന്‌ മാത്രം ഇരട്ടപ്പേരില്ല! കാരണം കുട്ടികള്‍ക്ക്‌ അദ്ധേഹത്തെ ഇഷ്ടമാണ്‌. അതേ സമയം തന്നെ അങ്ങേരെ പേടിയുമാണ്‌. കാരണം മാഷ്‌ പോലീസിലായിരുന്നു എന്നാണ്‌ കുട്ടികള്‍ക്കിടയിലെ സംസാരം, അത്‌ കൊണ്ട്‌ തന്നെ മാഷ്‌ പറയുന്നത്‌ എല്ലാവരും അനുസരിച്ചു. മാഷിന്റെ ക്ലാസ്‌ സമയത്ത്‌ സൂചി വീണാല്‍ പോലും കേള്‍ക്കാന്‍ കഴിയുന്ന അത്രയും നിശബ്ദത പുലര്‍ത്തി കുട്ടികള്‍! ഏതായാലും കുട്ടികള്‍ ചേരുംപടിക്ക്‌ ഉത്തരമെഴുതിത്തുടങ്ങി. പതിവ്‌ പോലെ ദുല്‍ഫുവും ഷമീറും തന്ത്രപൂര്‍വ്വം നോക്കി എഴുത്ത്‌ തുടര്‍ന്നു. മാഷ്‌ കുട്ടികള്‍ ഉത്തരമെഴുതിയത്‌ നോക്കി, ചുവന്ന മഷി കൊണ്ട്‌ ശരിയും തെറ്റും വരച്ചിട്ടു. അന്ന്‌ പുതിയ പാഠമായി ഒരു പദ്യവുമെടുത്തു. എടുക്കാത്ത പാഠമായിരുന്നു ഞങ്ങളുടെ ബെഞ്ചിലുള്ളവര്‍ കൂടുതല്‍ വായിക്കാറുണ്ടായിരുന്നത്‌. അന്ന്‌ എടുക്കാത്ത പാഠം വായിക്കുന്നത്‌ ശിക്ഷാര്‍ഹമായിരുന്നു!വായിച്ചാല്‍ അധ്യാപകരില്‍ നിന്നും തല്ല്‌ കൊള്ളും. പിന്നീട്‌ പി.ജിക്കെത്തിയപ്പോള്‍ നേരെ തിരിച്ചായി! ഒരു പാഠവുമെടുക്കില്ല, എല്ലാം എടുക്കാതെ തന്നെ നമ്മള്‍ വായിച്ച്‌ പഠിക്കണമെന്നായി, കാലത്തിന്റെ ഓരോ വൈപരീത്യങ്ങള്‍!


ബെല്ലടിച്ചു അങ്ങനെ ഒന്നാം പിര്യേഡ്‌ അവസാനിച്ചു. സലീം തുപ്പാനായി അരച്ചുമരിന്റെ അടുത്തേക്ക്‌ ചെന്നു. താഴെ കണ്ടത്തിലായിരുന്നു ഞങ്ങളുടെ ബദ്ധ വൈരികളായ കടുത്ത ശത്രുക്കള്‍ 4 B ക്ലാസ്‌കാരുണ്ടായിരുന്നത്‌. എല്ലാ അധ്യാപകര്‍ക്കും 4 A ക്ലാസി നേക്കാള്‍ ഇഷ്ടം അവരേയാണെന്ന്‌ ഞങ്ങളെ 4 A ക്ലാസുകാര്‍ മൊത്തം വിശ്വസിച്ചിരുന്നു. കാരണം B ക്ലാസില്‍ എല്ലാവരും നന്നായി പഠിക്കുന്നവരായിരുന്നു. റഫീഖും ബാസിത്തും ഷബീറുമൊക്കെ അവരുടെ ക്ലാസിലായിരുന്നു. യുറീക്കാ പരീക്ഷയിലും ക്വിസ്‌ മത്സരത്തിലുമൊക്കെ എന്നും ഫസ്റ്റ്‌ അവര്‍ക്ക്‌ മാത്രമായിരുന്നു!


എല്ലാ ഫുട്‌ബോള്‍ മാച്ചിലും തല്ലിലും ഗെയിമും കട്ടയിലും ഏര്‍പ്പാസിലും പമ്പരം സൈക്കുത്തിലും കാത്തോ കളിയിലും ഒരൊറ്റ തവണ പോലും B ക്ലാസുകാര്‍ ഞങ്ങളെ തോല്‍പ്പിച്ചിരുന്നില്ല! അവര്‍ക്കതിന്‌ ആകുമായിരുന്നില്ല. ആര്‍മി പവര്‍ ഞങ്ങള്‍ക്കായിരുന്നു കൂടുതല്‍. ബുദ്ധി ശക്തിയും അധികാരികളുടെ പിന്തുണയും അവരെ എന്നും സഹായിച്ചു. മാക്‌സിയന്‍ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ശക്തമായ പോരാട്ടം തന്നെയായിരുന്നു അത്‌!


അരച്ചുമരിനടുത്ത്‌ തുപ്പാന്‍ ചെന്ന സലീമിനോട്‌ B ക്ലാസിലെ ആസിഫ്‌ പ്രകോപന പൂര്‍വ്വം വിളിച്ച്‌ ചോദിച്ചു - 'തല്ലിന്‌ണ്ടെങ്കി ബാടാ പേടിത്തൂറി സെലീമ്‌ ചെയ്‌ത്താനെ'! നാല്‌ A ക്ലാസില്‍ തോറ്റ്‌ രണ്ട്‌ കൊല്ലം എക്‌സ്‌പീരിയന്‍സുള്ള സലീമിനെ സംബന്ധിച്ചിടത്തോളം ഈ വെല്ലുവിളി അഭിമാന പ്രശ്‌നമായി മാറി. അവന്‍ അരച്ചുമര്‍ ചാടിക്കടന്ന്‌ ആസിഫിനെ തല്ലാന്‍ ചെന്നു. അപ്പോഴേക്കും രക്ഷപ്പെടാനായി ആസിഫ്‌ അവരുടെ ക്ലാസ്‌ റൂമിലേക്ക്‌ ഓടിക്കയറി, സലീം വിട്ടില്ല. അവന്‍ ക്ലാസില്‍ കയറി ആസിഫിന്റെ നടുപ്പുറത്ത്‌ ആഞ്ഞ്‌ നല്ല ഇഞ്ചിക്കുത്ത്‌ തന്നെ കൊടുത്തു. B  ക്ലാസുകാര്‍ കാര്യം പിടി കിട്ടാതെ ആകെ സ്‌തപ്‌തരായി. അവന്‍മാര്‍ പഞ്ഞിക്കിടും മുമ്പേ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ കഴിഞ്ഞ്‌ സലീം ക്ലാസില്‍ തിരിച്ചെത്തി. അപ്പോഴേക്കും A  ക്ലാസുകാരും B  ക്ലാസുകാരും അവരവരുടെ ക്ലാസിന്റെ അരച്ചുമരിനടുത്ത്‌ തടിച്ച്‌ കൂടി. A  ക്ലാസിന്റെ അടുത്ത്‌ നിന്നും ഏതാണ്ട്‌ മൂന്ന്‌ മീറ്റര്‍ ദൂരത്തില്‍ താഴെ കണ്ടത്തിലാണ്‌ 4 B  ക്ലാസ്‌. രണ്ട്‌ ക്ലാസുകളും തമ്മില്‍ ശക്തമായ പോര്‍വിളി തുടര്‍ന്നു! അതിനിടെ ഞങ്ങളുടെ ക്ലാസില്‍ നിന്നും സാദിഖ്‌ വായില്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നും കുടിവെള്ളമൊഴിച്ച്‌ B  ക്ലാസ്‌ കാര്‍ക്ക്‌ നേരെ നീട്ടിപ്പരത്തി ഒരു തുപ്പ്‌! അരച്ചുമരെന്ന അവരുടെ ബങ്കറിനടുത്ത്‌ കൂടി നിന്ന എല്ലാവരുടേയും മുഖത്തും യൂണിഫോമിലും അവന്റെ വായിലെ ഷെല്ലിന്‍ കണങ്ങളേറ്റ്‌ അഭിമാനത്തിന്‌ ക്ഷതമേറ്റു! ആക്രമണവും പ്രകോപനവും കനത്തു. അവന്‍മാര്‍ ഞങ്ങള്‍ക്ക്‌ നേരെ ചെരുപ്പെറിയാന്‍ തുടങ്ങി. ഇങ്ങോട്ട്‌ വന്ന ചെരുപ്പ്‌ അവരെ തിരിച്ചെറിയാന്‍ ഉപയോഗിച്ചു! അതിനിടയില്‍ മജീദ്‌ മാഷ്‌ വരുന്നുണ്ടെന്ന സിഗ്‌നല്‍ നല്‍കി റശീദ്‌, എല്ലാവരും ബങ്കറിനടുത്ത്‌ നിന്നും ബെഞ്ചുകളിലേക്കോടി! മജീദ്‌ മാഷ്‌ വന്ന്‌ പറഞ്ഞു ''ഒരു മൂന്ന്‌ പേര്‍ വരണം. താഴെ ഗ്രൗണ്ടില്‍ നിന്നും കഞ്ഞിപ്പുരയിലേക്ക്‌ ഉണങ്ങിയ ചകിരി ചാക്കിലാക്കി കൊണ്ട്‌ വന്നിടാനാണ്‌''. മാഷ്‌ പറഞ്ഞത്‌ കേട്ട പാടെ മൂന്നല്ല ക്ലാസിലെ മുഴുവന്‍ ആണ്‍കുട്ടികളും ചെകിരി കടത്തിനായി ആത്മാര്‍ത്ഥയയോടെ ഇറങ്ങിയോടി! ചെകിരി കടത്തിനിടയിലും സംസാരം ഇന്ന്‌ നടക്കാനുള്ള B ക്ലാസുമായുള്ള യുദ്ധത്തെകുറിച്ചായിരുന്നു.


ഞങ്ങളുടെ ചീഫ്‌ കമാണ്ടിംഗ്‌ ഓഫീസര്‍ അന്ന്‌ ക്ലാസില്‍ വന്നിരുന്നില്ല. അവന്റെ കീഴില്‍ നടന്ന എല്ലാ യുദ്ധങ്ങളിലും വന്‍ വിജയം ഞങ്ങള്‍ക്കായിരുന്നു. അവന്റെയത്ര സ്‌ട്രാറ്റജിയും ധീരതയുമുള്ള യുദ്ധ മേധാവികളെ പഠന കാലത്ത്‌ അധികം കണ്ടിട്ടില്ല.


ഏതായാലും ഞങ്ങളുടെ കമാന്റിംഗ്‌ ഓഫീസര്‍ നഹ്മദിനെ ഡ്യൂട്ടിയിലേക്ക്‌ തിരിച്ച്‌ വിളിക്കാനായി രണ്ട്‌ ദൂതന്‍മാര്‍ പുറപ്പെട്ടു. നേതാജി സര്‍വ്വായുധ സജ്ജനായി ഗ്രൗണ്ടിലേക്ക്‌ ഓടിയെത്തി. നാലാം പിര്യേഡ്‌ കഴിഞ്ഞ്‌ ലഞ്ച്‌ ബ്രേക്കിനുള്ള ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇടവേളയിലാണ്‌ ഘോരയുദ്ധം നടക്കാറുള്ളത്‌. ശത്രുക്കളേക്കാള്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്‌ ഉച്ചവെയിലായിരുന്നു. മേജര്‍ ജനറല്‍ നഹ്മദ്‌ 4 A ക്ലാസിന്റെ സൈന്യത്തെ സുസജ്ജമാക്കി ഗ്രൗണ്ടിന്റെ തെക്ക്‌ ഭാഗത്ത്‌ നിലയുറപ്പിച്ചു. ഞങ്ങളുടെ ഇന്‍ഫെന്‍ട്രി രജിമെന്റ്‌ (കാലാള്‍പ്പട) കിടിലനായിരുന്നു. ദുല്‍ഫു താഹിര്‍ ഷമീര്‍ റഫീഖ്‌ സലീം തുടങ്ങിയ ടീം അതിഗംഭീരമായിരുന്നു.

ഞങ്ങളുടെ സ്‌കൂളിന്റെ അലിഖിത യുദ്ധ മാന്വലില്‍ ഉപയോഗിക്കാന്‍ പറ്റാത്തതും ചെയ്യാന്‍ പാടില്ലാത്തതുമായ കുറേ കാര്യങ്ങള്‍ പറയുന്നുണ്ട്‌. കല്ല്‌ വടി കടിക്കല്‍ എന്നിവ പാടില്ല എന്നതാണ്‌ അതില്‍ നിഷ്‌കര്‍ഷിക്കുന്ന ഒന്ന്‌. എന്നാല്‍ ഞങ്ങളുടെ ഇന്‍ഫന്‍ട്രി യുദ്ധതന്ത്രത്തിന്റെ ഭാഗമായി ഈ മാന്വലിനെ കാറ്റില്‍ പറത്തുന്നത്‌ സ്ഥിരം സംഭവമായിരുന്നു. ഒരു മീറ്റര്‍ നീളത്തിലുള്ള ശീലക്കഷ്‌ണത്തിനുള്ളില്‍ കല്ല്‌ കെട്ടി മിന്നി ശത്രുവിന്റെ മണ്ടക്കടിക്കുക. കവറിനുള്ളില്‍ ചെളിവെള്ളം നിറച്ച്‌ ശത്രുവിന്റെ നേര്‍ക്കെറിഞ്ഞ്‌ യൂണിഫോം വൃത്തികേടാക്കുക അവര്‍ പിന്തിരിഞ്ഞോടുമ്പോള്‍ മച്ചിങ്ങ, റബ്ബര്‍ ബോള്‍ എന്നിവ കൊണ്ട്‌ ശത്രുവിന്റെ പുറത്തെറിയുക, വെള്ളം വായിലൊഴിച്ച്‌ ശത്രുവിന്റെ മുഖത്തേക്ക്‌ ചീറ്റുക തുടങ്ങിയവയെല്ലാം അവര്‍ ശക്തമായി ചെയ്‌ത്‌ പോന്നിരുന്നു. അന്ന്‌ B  ക്ലാസുകാര്‍ മുഴുവന്‍ ഹാജറുള്ള ദിവസമായിരുന്നു. അംഗബലം കൊണ്ട്‌ അവര്‍ക്കായിരുന്നു മേധാവിത്വം. 4 A ക്ലാസ്‌ സൈന്യത്തില്‍ മാനസികമായി ചെറിയ പതര്‍ച്ച സൃഷ്ടിക്കാന്‍ ഈ അംഗബലം നിദാനമായി. യുദ്ധം തുടങ്ങി പോരാട്ടം കനത്തു, 4 B ക്ലാസിലെ സൈന്യം തീവ്ര മുന്നേറ്റം നടത്തി. ഞങ്ങളുടെ സൈന്യത്തിന്റെ മധ്യനിരയെ അവര്‍ കടന്നാക്രമിച്ച്‌ ഓടിച്ചിട്ട്‌ തല്ലി. അപകടം മണത്ത സൈന്യാധിപന്‍ ഉടനെ പ്രത്യേക ജൈവിക മാരകായുധം എല്ലാ സൈനികര്‍ക്കും വിതരണം ചെയ്‌തു. അതുപയോഗിച്ച്‌ അക്രമിച്ചപ്പോള്‍ എതിരാളികള്‍ പിന്തിരിഞ്ഞോടി. ആ ജൈവികായുധം എന്തന്നല്ലേ? സ്‌കൂളിന്റെ അയല്‍വാസി ബെല്ലിമ്മാന്റെ പറമ്പിന്റെ അതിരില്‍ മുളച്ച മുള്ളുള്ള കൈതയോലകളായിരുന്നു! എതിരാളികളുടെ കയ്യിലും കഴുത്തിലും അതുപയോഗിച്ച്‌ അക്രമിക്കാനായിരുന്നു മുകളില്‍ നിന്നും കിട്ടിയ നിര്‍ദേശം. കൈതോല പ്രയോഗം നടത്തിയപ്പോള്‍ അവന്‍മാര്‍ ചിതറിയോടി.

ഇങ്ങനെയൊക്കെ ആണെങ്കിലും ആരും ആരേയും കാല്‍ കൊണ്ട്‌ ചവിട്ടി താഴെയിടുന്ന കൂതറ ഏര്‍പ്പാടൊന്നും ചെയ്‌തിരുന്നില്ല ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ സമാധാനവും സന്തോഷവും നല്‍കിയിരുന്ന രബീന്ദ്ര നാഥ ടാഗോറിന്റെ ജനഗണമന... ആരംഭിക്കുന്നത്‌ വരേയുള്ള ശത്രുത മാത്രമേ ഞങ്ങളൊക്കെ സൂക്ഷിച്ചിരുന്നൊള്ളൂ

 

shukoorugrapuram@gmail.com