സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയശതമാനം. cbse results.nic.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാ ഫലം അറിയാം. ഇത് കൂടാതെ ഉമാങ് ആപ്പ്, എസ്‌എംഎസ്, ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്താതെ മുന്‍ പരീക്ഷകളുടെ മാര്‍ക്ക് ഉള്‍പ്പടെ പ്രത്യേക മൂല്യനിര്‍ണയം അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനമാണ് നടന്നത്.

ആകെ 12,96,318 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹരായത് ഇതില്‍ 70,004 വിദ്യാര്‍ഥികള്‍ക്ക് 95 ശതമാനത്തില്‍ അധികം മാര്‍ക്ക് ലഭിച്ചു. ആണ്‍കുട്ടികളുടെ വിജയ ശതമാനം 99.13ഉം പെണ്‍കുട്ടികളുടേത് 99.67 ശതമാനവുമാണ്. പത്താം ക്ലാസിലെ കൂടുതല്‍ മാര്‍ക്ക് കിട്ടിയ മൂന്ന് തിയറി വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് കണക്കാക്കി 30 ശതമാനം വെയിറ്റേജും പതിനൊന്നാം ക്ളാസില്‍ എല്ലാ തിയറി പേപ്പറിന്റെയും മാര്‍ക്കും പരിഗണിച്ച്‌ 30 ശതമാനം വെയിറ്റേജും, പന്ത്രണ്ടാം ക്ളാസില്‍ പ്രാക്ടിക്കല്‍, ഇന്റേണല്‍ മാര്‍ക്ക്, ക്ളാസ് പരീക്ഷകള്‍ ഉള്‍പ്പടെയുള്ള പ്രകടനം കണക്കാക്കിയാണ് 40 ശതമാനം വെയിറ്റേജ് നല്‍കി ഫലപ്രഖ്യാപനം നടത്തിയത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണ ബോര്‍ഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയുടെ വിധി പ്രകാരം 13 അംഗ പാനലിന്റെ നിര്‍ദേശം അനുസരിച്ച്‌ പ്രത്യേക മൂല്യനിര്‍ണയം നിശ്ചയിക്കുകയായിരുന്നു.