ക്യാന്‍സര്‍ പൂര്‍ണമായി ഭേദമാക്കുന്ന മരുന്ന് കണ്ടെത്തി: പരീക്ഷിച്ച 18 രോഗികളിലും രോഗം ഭേദമായി

ക്യാന്‍സര്‍ പൂര്‍ണമായി ഭേദമാക്കുന്ന മരുന്ന് കണ്ടെത്തി: പരീക്ഷിച്ച 18 രോഗികളിലും രോഗം ഭേദമായി

 

 

ന്യൂയോര്‍ക്ക്: ക്യാന്‍സര്‍ ചികിത്സാരംഗത്ത് പ്രതീക്ഷയുണര്‍ത്തി രോഗം പൂര്‍ണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തി.

മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളില്‍ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂര്‍ണമായി വിജയിച്ചു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോസ്ടാര്‍ലിമാബ് എന്ന മരുന്നാണ് ക്യാന്‍സര്‍ കോശങ്ങളെ പൂര്‍ണമായി ഇല്ലാതാക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രോഗബാധിതരായവരില്‍ ആറ് മാസമാണ് മരുന്ന് പരീക്ഷിച്ചത്. 18 രോഗികളില്‍ മാത്രമായിരുന്നു പരീക്ഷണം. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് മരുന്ന് നല്‍കിയിരുന്നത്. ഇവരില്‍ എല്ലാ രോഗികളിലും ക്യാന്‍സര്‍ പൂര്‍ണമായി ഭേദമായി. എന്‍ഡോസ്‌കോപിയിലും പെറ്റ്, എംആര്‍ഐ സ്‌കാന്‍ പരിശോധനകളിലൊന്നിലും ഇവരില്‍ ക്യാന്‍സര്‍ കണ്ടെത്താനായില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത് ഒരു ചെറിയ പരീക്ഷണമായിരുന്നു എന്നും എന്നാല്‍ ഫലങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നു എന്നും ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ ഡയസ് പറഞ്ഞു. മരുന്ന് പരീക്ഷണം നടത്തിയവര്‍ക്ക് തുടര്‍ ചികിത്സ ആവശ്യമായി വന്നേക്കാം എന്നാണ് കരുതിയിരുന്നത് എന്നും എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും ലൂയിസ് കൂട്ടിച്ചേര്‍ത്തു.

ക്യാന്‍സറിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഡോ. ഡയസ് പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വന്‍കുടല്‍ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. അലന്‍ പി വെനൂക്കും ഇക്കാര്യം സമ്മതിക്കുന്നു. എല്ലാ രോഗിയിലും ഇത്തരത്തില്‍ പൂര്‍ണ്ണമായ ആശ്വാസം ഇതിന് മുന്‍പ് കേട്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.