കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ജർമനി.

കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ജർമനി.

ബെർലിൻ: കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ജർമനി. ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധങ്ങള്‍ മറികടന്നാണ്ജർമനി തീരുമാനമെടുത്തിരിക്കുന്നത്.

നിയമം നടപ്പാക്കിയതിലൂടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി മാറുകയാണ് ജർമനി.

18 വയസ്സിന് മുകളില്‍ പ്രായമുള്ള ആർക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും മൂന്നുവരെ കഞ്ചാവ് ചെടികള്‍ വീട്ടില്‍ വളർത്താനും പുതിയ നിയമത്തില്‍ അനുമതി നല്‍കുന്നുണ്ട്.യൂറോപ്യൻ രാജ്യമായ മാള്‍ട്ടയും ലക്സംബർഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ജർമനിയുടെ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജർമൻ പാർലമെന്റ് അംഗീകാരം നല്‍കിയത്.

ബ്ലാക്ക് മാർക്കറ്റിലൂടെ ലഭിക്കുന്ന നിലവാരമില്ലാത്ത കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടായ വർധനവുണ്ട്. കഞ്ചാവിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ജർമൻ സർക്കാർ വ്യക്തമാക്കി.

ജർമൻ കനബീസ് ബിസിനസ് അസോസിയേഷൻ പറയുന്നത് പ്രകാരം ബ്ലാക്ക് മാർക്കറ്റില്‍ ലഭിക്കുന്ന കഞ്ചാവില്‍ ആരോഗ്യത്തിന് വലിയ രീതിയില്‍ ഹാനികരമാകുന്ന വസ്തുക്കള്‍ കലർത്താറുണ്ട്.

അതേ സമയം കഞ്ചാവ് ഉപയോഗം നാഡീവ്യൂഹത്തിന്റെ വികാസത്തെ ബാധിക്കുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തുടർച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാൻസറിനും കാരണമാകാം. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർക്കുമെന്നും വിദഗ്ദർ പറയുന്നു.