ചാര്‍ലി അങ്ങാടിച്ചേരിലിന് ഭരതകലയുടെ 'ഭരതം' പുരസ്കാരം

ചാര്‍ലി അങ്ങാടിച്ചേരിലിന് ഭരതകലയുടെ 'ഭരതം' പുരസ്കാരം

 

ഡാലസ്: അമേരിക്കയിലെ പ്രശസ്ത നാടക അഭിനേതാവും സംവിധായകനുമായ ചാര്‍ലി അങ്ങാടിച്ചേരിലിന് നാടക രംഗത്തെ അദ്ദേഹത്തിന്റെ വിശിഷ്ട സംഭാവനകളെ ആദരിച്ചുകൊണ്ട് ഭരതകലാ തീയറ്റേഴ്സ് 'ഭരതം' അവാര്‍ഡ് സമ്മാനിച്ചു.

ഭരതകലാ തീയേറ്റേഴ്സിന്റെ സ്ഥാപകഭാരവാഹികളായ ഹരിദാസ് തങ്കപ്പനും അനശ്വര്‍ മാമ്ബിള്ളിയും ചേര്‍ന്ന് അദ്ദേഹത്തിന് പ്രശസ്തി ഫലകം നല്‍കിയും പൊന്നാട അണിയിച്ചുമാണ് ആദരിച്ചത്.

കൈരളി തീയറ്റേഴ്സ്‌, ഭരതകല തീയറ്റേഴ്സ്, വിദേശം-വിചിത്രം ടെലി സീരീസ്‌ തുടങ്ങിയവയിലൂടെ അനേക വര്‍ഷങ്ങളായ്‌ അഭിനേതാവായും സംവിധായകനായും ചമയകലാവിദഗ്ധനായും മലയാള നാടക-ടെലിഫിലിം രംഗങ്ങളില്‍ ശോഭിക്കുന്ന  . ചാര്‍ളി അങ്ങാടിച്ചേരില്‍ ഭരതകലയുടെ പ്രധാനനാടകമായ ലോസ്റ്റ് വില്ലയുടെ സംവിധായകനും പ്രധാനകഥാപാത്രങ്ങളില്‍ ഒരാളുമാണ്.

ഗാര്‍ലന്‍ഡ് കേരള അസോസിയേഷന്‍ ഹാളില്‍ വച്ച്‌ മെയ് 7 ശനിയാഴ്ച സംഘടിപ്പിക്കപ്പെട്ട ഭരതകലാ തിയേറ്റേഴ്സിന്റെ കുടുംബ-സുഹൃത്സമ്മേളനത്തില്‍ വച്ചാണ്‌ അവാര്‍ഡ്‌ നല്‍കപ്പെട്ടത്‌. വൈകിട്ട് 5 30ന് ആരംഭിച്ച പരിപാടിയില്‍ ഭരതകലാ തീയേറ്റേഴ്സിന്റെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ഡാലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാടകസമിതിയായ ഭരതകലാ തീയേറ്റേഴ്സ് ഇതുവരെ അഞ്ച് നാടകങ്ങള്‍ അമേരിക്കയിലെ വിവിധസംസ്ഥാനങ്ങളിലെ അനേകവേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ലോസ്റ്റ്‌ വില്ല, പ്രണയാര്‍ദ്ദ്രം, പ്രേമലേഖനം, സയ്‌ലന്‍റ്റ്‌ നൈറ്റ്‌, സൂര്യപുത്രന്‍ തുടങ്ങിയ നാടകങ്ങളും ദി ഫ്രണ്ട്ലൈന്‍, പ്രണയാര്‍ദ്ദ്രം എന്നീ ഷോര്‍ട്ട്‌ ഫിലിമുകളും ഭരതകലയുടെ നേതൃത്വത്തില്‍ നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടവയാണു്.

ഭരതകലാ തീയേറ്റേഴ്സിന്റെ നാടകങ്ങളില്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവരെയും ചടങ്ങില്‍ ട്രോഫികള്‍ നല്‍കി ആദരിച്ചു. ഭരതകല തീയേറ്റേഴ്സിന്റെ അഭ്യുദയകാംഷികളായ സിജു വി. ജോര്‍ജ് (ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസ് പ്രസിഡന്‍റ്റ്‌) , ഷിജു എബ്രഹാം (സാമൂഹ്യപ്രവര്‍ത്തകന്‍) എന്നിവര്‍ അനുമോദന പ്രസംഗങള്‍ നിര്‍വഹിച്ചു.

ഗാനമേള, മോണോആക്‌ട്, അന്താക്ഷരി മത്സരം, നാടക അഭിനയ പ്രദര്‍ശനം തുടങ്ങി വിവിധ കലാപരിപാടികള്‍ യോഗത്തില്‍ അരങ്ങേറി. പങ്കെടുത്ത ഏവര്‍ക്കും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച സായാഹ്നമായിരുന്നു ഈ സമ്മേളനം.

വിഭവസമൃദ്ധമായ സദ്യ സംഘാടകര്‍ ഒരുക്കിയിരുന്നു. നന്ദിയും ഒപ്പം തുടര്‍പിന്തുണയും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.