ക്രിസ്തുദേവായ നമ: സ്നേഹാഞ്ജലികൾ, സൂസി പി. കുര്യൻ @ സൂസൻ പാലാത്ര

ക്രിസ്തുദേവായ നമ:  സ്നേഹാഞ്ജലികൾ, സൂസി പി. കുര്യൻ @ സൂസൻ പാലാത്ര

 

ക്രിസ്തുദേവായ നമ:

 എന്റെ സഹോദരങ്ങളെയും എന്റെ കൂട്ടുകാരെയും ഹരിശ്രീ എഴുതിച്ച എന്റെ രണ്ടാമത്തെ ആശാൻ ഭജനമഠത്തിലെ ആശാൻ എന്നെ മാത്രം എഴുതിച്ചത്

ഓം ക്രിസ്തുദേവായ നമ: എന്നാണ്. അദ്ദേഹമാണ് എന്നെ ചിന്തം പഠിപ്പിച്ചത്. എന്റെ ബന്ധുവായ അകാലമരണം പ്രാപിച്ച, പാമ്പാടി അയ്മനത്തുപറമ്പിലായ വിലങ്ങു പാറയിലെ  ഗ്രേസി വർഗീസിന്റെ വീട്ടിൽ അനേകം കുട്ടികളോടൊപ്പമാണ് ഞാൻ ചിന്തം പഠിച്ചത്. 

      ആദ്യത്തെ ആശാന്റെ അടുത്താണ് എന്നെ എഴുത്തിനിരുത്തിയത്.  ആദ്യമായി അക്ഷരം എഴുതിച്ചത്.... കണിയാനാശാൻ. കണിയാനാശാൻ - അങ്ങനെയാണ് എല്ലാവരും അദ്ദേഹത്തെക്കുറിച്ച് പറയുന്നത് - അക്കാലത്ത് എല്ലാവരെയും ജാതി പേരു കൂട്ടി വിളിക്കുമെങ്കിലും  ജാതി സ്പർദ്ധ യൊന്നുമില്ലായിരുന്നു.

 രണ്ട്  ആശാന്മാരുടെയും പേരുകൾ അന്നെന്ന പോലെ ഇന്നും എനിക്കറിയില്ല. ആദ്യത്തെ ആശാൻ എന്നെയും മറ്റുള്ളവരെപ്പോലെ, മുളളനാക്കുഴി വീടിന്റെ ചാവടിയിൽ എന്നെ ഹരിശ്രീ ഗണപതയെ നമ: എന്നെഴുതിച്ചു. എന്റെ ആ ആദ്യ ആശാനെ എന്റെഅനുജൻ അനുസരിക്കാഞ്ഞിട്ട് അനുജനെ കൂടി പഠിപ്പിക്കാനായിട്ടാണ് അവന്റെ കൂട്ടത്തിൽ എന്നെയും ഭജനമഠത്തിലേക്കയച്ചത്. ആദ്യ ആശാൻ തല്ലു വീരനും രണ്ടാമത്തെ ആശാൻ നുള്ളുവീരനുമായിരുന്നു. ആ ആശാന്റെ നഖങ്ങൾ! ഹമ്പോ ഓർക്കാനും കൂടി വയ്യ!! രണ്ട് ആശാൻമാർക്കും എന്നെ ഏറെ ഇഷ്ടമായിരുന്നു. രണ്ടു പേരുടെയും തല്ലോ, നുള്ളോ ഞാൻ രുചിച്ചിട്ടില്ല.

ആദ്യ ആശാന്റെയടുത്ത് എന്റെ ചേച്ചി ഒരു മുഴുത്ത വടി എടുത്തു കൊടുത്തിട്ട് ചേച്ചിയെ തല്ലാൻ നിർബ്ബന്ധിച്ചു. ആശാൻ കൈ നീട്ടാൻ ആവശ്യപ്പെട്ടു. നീട്ടിയ വലതുകരത്തിൽ  ഒരു ഉഗ്രൻ അടി ആശാൻ പാസ്സാക്കി.കയ്യിലെ തിണർപ്പാടു കണ്ട എന്റെ പിതാവ് ആശാനോടു കയർത്തു. അമ്മ പറഞ്ഞു; " അവൾ ഇരന്നു വാങ്ങിയതല്ലേ. അവൾ നിർബന്ധിച്ചിട്ടല്ലേ ആശാന്റെ കുഴപ്പമല്ലല്ലോ പൊട്ടെ"

      ഇടിച്ചെടുത്ത വേനൽപ്പച്ച ഇട്ട് തൂത്ത് തെളിയിച്ചെടുത്ത എന്റെ  ഓലക്കെട്ടുകളുമായി തലയുള്ള ഒരോലയും തലയില്ലാത്ത മറ്റോലകളും ഒരു പ്രത്യേക ചരടിൽ കോർത്തിട്ട് കയ്യിൽ പിടിച്ചു കൊണ്ട്, ഞാനും ഒരൊറ്റ ഓല മാത്രം കയ്യിലുള്ള എന്റെ കുസൃതിയായ അനുജൻ ജോയിയുടെ കയ്യും പിടിച്ച് ആലാമ്പള്ളി വഴി ഞാൻ പോകുന്ന യാത്ര എന്റെ മനോമുകുരത്തിൽ തെളിഞ്ഞു നില്ക്കുന്നു. തിരിച്ചു വരുമ്പോൾ റോഡരികിലെ തെളിഞ്ഞ പഞ്ചാര മണൽ ഞങ്ങൾ വാരും. രാത്രിയിൽ മഴ പെയ്തിട്ട്, പകലത്തെ വെയിൽ കൊണ്ട് തെളിഞ്ഞു കിടക്കുന്ന വെള്ള പഞ്ചാര മണൽ. ജോയി ബസ് വരുമ്പോൾ എന്റെ കൈ വിട്ട് കുതിച്ചോടും, വണ്ടിയുടെ മുമ്പിൽ ചാടുന്നതായി ഭാവിച്ച് എന്നെ ഭയപ്പെടുത്തും. 

    ഞങ്ങൾ റോഡിലിറങ്ങി    നടക്കുന്നതിനിടയിൽ സൈക്കിൾ, കാർ, ബസു്, ലോറി കളിക്കും. റോഡിലൂടെ പോകുന്ന സൈക്കിൾ മുഴുവൻ എന്റെതാണ്. കാറുകൾ അവന്റെതും. സൈക്കിൾ അന്ന് എണ്ണത്തിൽ കൂടുതലായതിനാൽ എനിക്ക് ഫസ്റ്റ് . കാറുകാർക്കു് സെക്കന്റ്, ബസ്സുകാർക്ക് തേർഡ്, ലോറിക്കാർ തോറ്റു പോകും.

       അച്ഛന്റെ അനുജൻ ബോംബെയിൽ നിന്നു കൊണ്ടുവരുന്ന ബേബി പൗഡറിന്റെയും എന്റെ അമ്മച്ചിക്കുട്ടി പെരുന്നാളിനു വാങ്ങിത്തരുന്ന കുട്ടിക്ക്യൂറാ പൗഡറിൻ്റെയും ടിന്നുകളിലാണ് നിലത്തെ പഞ്ചാരമണൽ അരിച്ചെടുത്ത് സൂക്ഷിച്ചിരുന്നത്. ഈ മണ്ണുടിന്നും ഓലയോടൊപ്പം കയ്യിൽ കരുതിയിട്ടാണ് ആശാൻ പള്ളികൂടത്തിലേക്ക് ഞങ്ങൾ പോകുന്നത്. 

      എന്റെ ഏറ്റവും ഇളയ അനുജനെ എന്റെ വല്യപ്പച്ചനെക്കൊണ്ട് എഴുത്തിനിരുത്തി.  അവനെ അക്ഷരങ്ങൾ മുഴുവൻ നന്നായി പഠിപ്പിച്ചത് ഞാനാണ്. ഞാനാണ് അവന്റെ ആദ്യ ഗുരു. അവനെ ചിന്തം പഠിപ്പിക്കാൻ മാത്രം കണിയാനാശാൻ ഒരു ദിവസം വീട്ടിൽ വന്നു, അത്രേയുള്ളൂ അവന് ആശാനുമായുള്ള ബന്ധം.

          റോഡ് സൈഡിലുള്ള എന്റെ വീടിനു മുന്നിലൂടെ പോകുന്ന ആശാന്മാരെ എപ്പോൾ കണ്ടാലും കൈകൾ കൂപ്പിക്കൊണ്ട് ആശാനെ വന്ദനം എന്ന് ഞാൻ ഉച്ചത്തിൽ കൂവുമായിരുന്നു എന്നു പറഞ്ഞ് എന്റെ വീട്ടിലുള്ളവർ എന്നെ കളിയാക്കുമായിരുന്നു. ആ വന്ദനം പഠിപ്പിച്ചത് ഭജനമഠത്തിലെ ആശാനും 'സാറെ നമസ്തെ" എന്നു പഠിപ്പിച്ചത് എന്റെ ഒന്നാം ക്ലാസ്സിലെ മറിയം സാറുമാണ്. അന്നൊക്കെ ലേഡി ടീച്ചർമാരെയും സാർ എന്നായിരുന്നു വിളിച്ചിരുന്നത്. മറിയം സാർ, പാട്ടുസാർ, തയ്യൽ സാർ, തൊമ്മി സാർ, സ്വർണ്ണപ്പല്ലുള്ള മാമ്മൻ സാർ, കൃഷ്ണപിള്ള സാർ, കേശവപിള്ള സാർ ഈ ടീച്ചേഴ്സാണ് എന്റെ പ്രാഥമിക ഗുരുശ്രേഷ്ഠന്മാർ. 

       എന്റെ മുത്തശ്ശന്മാർക്കും, മുത്തശ്ശിമാർക്കും, മാതാപിതാക്കൾക്കും, അമ്മാച്ചന്മാർക്കും - ( അതിൽ, വിവാഹം കഴിക്കാതിരുന്ന അമ്മാച്ച  ന്റെ  സ്നേഹവാത്സല്യങ്ങൾ ഞങ്ങൾ ഏറെ അനുഭവിച്ചിട്ടുണ്ട്), എന്റെ രണ്ട് ആശാന്മാർക്കും, എന്റെ സകല ഗുരുക്കന്മാർക്കും ( എന്റെ വിവാഹത്തിനു് ഞാൻ ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങിയ എന്റെ ഹിന്ദി ടീച്ചർ, അകാല മൃത്യുവിന്നിരയായ ഭാഗീരഥിയമ്മ ടീച്ചറിന്റെ സ്മരണയ്ക്കു മുന്നിലും ) , ഈ വിജയദശമി ദിനത്തിൽ സ്നേഹാഞ്ജലികൾ താഴ്മയായി ഞാൻ അർപ്പിക്കുന്നു.