സൈക്കിൾ യാത്ര..: ജയ്മോൻ ദേവസ്യ, തലയോലപ്പറമ്പ്

സൈക്കിൾ യാത്ര..: ജയ്മോൻ ദേവസ്യ, തലയോലപ്പറമ്പ്

 

ങ്ങളുടെ എട്ടാം ക്ലാസിലെ ക്ലാസ്സ് ടീച്ചർ ഒരു ജോസഫ് സാറായിരുന്നു. 

നല്ല വിദ്യാഭ്യാസമുളള ആളാണ് ജോസഫ് സാർ.

 വടയാർ സ്വദേശി ആയ സാറിന് കോളേജ് ലക്ചറർ ആകണം എന്നതാണ് പ്രധാന ലക്ഷ്യം എന്ന് പലപ്പോഴുമുളള സാറിന്റെ വർത്തമാനത്തിൽ നിന്നും മനസ്സിലായിട്ടുണ്ട്.

സാർ എല്ലാ ദിവസവും വളരെ വൃത്തിയായി ഡ്രസ് ധരിച്ചാണ് സ്കൂളിൽ എത്തിയിരുന്നത്. അലസമായ വേഷവിധാനത്തിൽ സാറിനെ ഇപ്പോഴും കാണില്ല.  ഒരു ഹെർക്കുലീസ് സൈക്കിളാണ് സാറിന്റെ സന്തത സഹചാരി. അതിൽ തന്നെയാണ് സ്കൂളിലേക്ക് വരുന്നതും.

വടയാർ പള്ളിയുടെ തെക്ക് മുട്ടുങ്കൽ എന്നു പറയുന്ന അപ്പർ കുട്ടനാടിന്റ ഭാഗത്തെവിടെയോ ആണ് സാറിന്റെ വീട്.

ഈ ഭാഗത്ത് തന്നെയാണ് എന്റെ ക്ലാസ്സിൽ പഠിക്കുന്ന അഭയൻ കെ.വാസുവിന്റെയും, ജിജി വർക്കിയുടെയും വീട്.

അഭയൻ, തിരുവനന്തപുരം സൈനിക സ്കൂളിൽ നിന്നും പഠനം നിർത്തി അക്കൊല്ലം വല്ലകത്ത് വന്നിരിക്കുന്നതാണ്.

അവന്റെ അമ്മ ടീച്ചർ ആണെന്നാണ് ഓർമ. വാഴമനയിലെ സ്കൂളിന് പിന്നിലായാണ് അവന്റെ വീട്. ജിജിയുടെ വീട് മുവാറ്റുപുഴ ആറിന്റെ കൈവഴിയായ വടയാർ പുഴയുടെ അരികിലായി മറ്റത്തിൽ സ്കൂളിന്റെ പരിസരത്തും.

ജിജിയുടെ അപ്പച്ചൻ വെെക്കം ബോയ്സിലെ ഹെഡ് മാസ്റ്റർ ആണ്. 

അഭയനാണെങ്കിൽ ഞങ്ങളെ കാെതിപ്പിക്കാൻ സൈനിക സ്കൂളിലെ കഥകളൊക്കെ പറയും. അഭയൻ സൈനിക സ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിന് മുന്നിൽ ഒരു യുദ്ധവിമാനം പ്രദർശിപ്പിച്ചിട്ടുള്ള വിവരവും അവിടെ ലഭിക്കുന്ന വിവിധ തരത്തിലുളള ആഹാരത്തിന്റെ വർണ്ണനകളുമൊക്കെ പറയുമ്പോൾ അതൊക്കെ ഞങ്ങൾക്ക് അതിശയകരങ്ങളാണ്.

 അവന്റെ വീടിന് തൊട്ടടുത്തെവിടെയൊ വീടുളള സുമ എന്ന പെൺകുട്ടിയും ഇവനും ഒരുമിച്ചാണ് വരുന്നത്. 

സുമയും ഞങ്ങളുടെ ക്ലാസ്സിൽ തന്നെയാണ് പഠിക്കുന്നത്.

അക്കാലത്ത് വൈക്കം മേഖലയിലെ പ്രൈവറ്റ് ബസുകൾ ധാരളമായി പണിമുടക്കിയിരുന്ന സമയങ്ങളാണ്. മിക്കവാറും അതിനുളള കാരണം ഞങ്ങളുടെ വീടിനടുത്തുളള DB കൊളേജിലെ കുട്ടികളുമായുളള പ്രശ്നങ്ങളായിരിക്കും എന്നതാണ് രസകരം.

രാവിലെ എട്ടരക്കു ശേഷം തലപ്പാറ വഴി വരുന്ന ബസ്സുകൾ എല്ലാം ഡി ബി കോളജിലെത്തി കുട്ടികളെ ഇറക്കണമെന്നാണ് റൂട്ട് ചാർട്ട്.

എന്നാൽ ചില ബസ്സുകൾ പോകില്ല. 

 പോകാത്ത ബസുകൾ തിരികെ എത്തുമ്പോൾ തലപ്പാറയിൽ വച്ച് വിദ്യാർത്ഥികൾ തടയും.

അതോടെ ബസ് ജീവനക്കാരും കുട്ടികളും തമ്മിൽ കശപിശ തുടങ്ങി , അതിന്റെ അവസാനം മിക്കവാറും തല്ലിലായിരിക്കും അവസാനിക്കുക.

അങ്ങിനെ തല്ലുണ്ടായാൽ പിറ്റേന്ന് ബസ്സു സമരം ആയിരിക്കും.

ഞങ്ങൾക്കും ഈ പറഞ്ഞ സമയത്തുളള ബസുകൾ ആണ് സ്കൂളിലേക്ക് പിടിക്കേണ്ടത്.

8.35 നുളള ശ്രീദേവി, 8.45 ന് ഉള്ള ഷബാബ്, 9.10 നുള്ള പ്രവ്ദ, വൈപ്പൻ പിന്നെ ഒരു സെന്റ് ജോർജ് , രാജ് കുമാർ, സെന്റ് മേരീസ് തുടങ്ങിയവയൊക്കെ ആയിരുന്നു രാവിലെ വൈക്കം ഭാഗത്തേക്കുളള ബസുകൾ.

ഇത് തലപ്പാറയിൽ നിന്നും കൊളേജിൽ പോയി തിരികെ വരുമ്പോൾ മിക്കതും തലപ്പാറയിൽ നിർത്തുകയുമില്ല. അങ്ങനെ ഒത്തിരി സമയം ബസ് സ്റ്റാേപ്പിൽ ചിലവഴിച്ചാണ് സ്കൂളിൽ പോകുന്നത്.

ഇങ്ങനെ ബസ്സുകാർ പണിമുടക്ക് നടത്തുന്ന  ദിവസം അപ്പച്ചന്റെ സൈക്കിളിൽ സ്കൂളിൽ പോകാം എന്ന ചങ്കുറ്റമൊക്കെ കിട്ടികഴിഞ്ഞതിനാൽ ഇടക്കിടെ സൈക്കിളിൽ പോകാനുളള അവസരം ലഭിച്ചു.

ഇങ്ങനെ സൈക്കിളിൽ പോകുന്ന ദിവസങ്ങളിൽ ആണ് അഭയന്റെ വീടു വഴിയൊക്കെ പോകാൻ പറ്റുന്നത്.

തുറുവേലിക്കുന്നിനടുത്തുള്ള പടിഞ്ഞാറെക്കര പോസ്റ്റ് ഒഫീസിനു മുന്നിലൂടെയുള്ള വഴിയിലൂടെയും , ചാലപ്പറമ്പിൽ കൂടെയും ഇവിടെ എത്തിച്ചേരാം.

മിക്കവാറും ചാലപ്പറമ്പുവഴിയാണ് പോവുന്നത്. അക്കാലത്ത്‌ വാഴമനയ്ക്ക് വൈക്കത്തു നിന്ന് ബസ് സർവ്വീസ്  ആരംഭിച്ചിരുന്നു.

നേരത്തെ പറഞ്ഞ മുട്ടുങ്കൽ എന്ന സ്ഥലത്തിന്റെ പുഴയുടെ പടിഞ്ഞാറ് ഭാഗമാണ് വാഴമന.

പോൾ സാറാണ് സ്കൂളിന്റെ പ്രിൻസിപ്പൽ.

സാറ് വളരെ കർശന സ്വഭാവക്കാരനാണ്.

അക്കൊല്ലം പത്താം ക്ലാസ് കാരുടെ സ്റ്റഡി ലീവ് തുടങ്ങിയപ്പോൾ ഞങ്ങൾ പതുക്കെ അവരുടെ ക്ലാസ്സുകളിൽ പോകാൻ തുടങ്ങി.

ഞങ്ങൾ എന്നു പറഞ്ഞാൽ ഞാൻ, അഭയൻ, പോലീസ് എന്നു വിളിക്കുന്ന അനിൽ കുമാർ,അനുരാജ് പ്രിൻസ് തുടങ്ങി പല വിദ്വാൻമാരും ആ ക്ലാസ്സുകളിൽ പോകുന്നത് പതിവായി.

ഒരു തവണ ഞാൻ അവിടെ പോയപ്പോൾ എന്റെ പേര് ചോക്കിന് എഴുതി വച്ചത് സ്കൂളിൽ പിടിച്ചു.

അതോടെ ആകെ പുകിലായി.

ക്ലാസ്സിലെ ഡസ്കും ബഞ്ചും ഒടിഞ്ഞത് തപ്പി തപ്പി അവസാനം എത്തിയത് ഞങ്ങളുടെ ഗാങ്ങിലെ ഒരാളിൽ.

ചങ്ങാതിയെ ഹെഡ് മാസ്റ്റർ സസ്‌പെന്റ് ചെയ്ത് ഉത്തരവ് ഇറങ്ങുന്നത് വരെ എത്തി ചേർന്നു എന്നു പറഞ്ഞാൽ മതിയല്ലോ....

 

തുടരും.

 

ജയ്മോൻ ദേവസ്യ, തലയോലപ്പറമ്പ്

9446019231