ദൈവത്തിന്റെ കാൽപാടുകൾ പതിഞ്ഞ നമീബിയ: ലീലാമ്മ തോമസ്

ദൈവത്തിന്റെ കാൽപാടുകൾ പതിഞ്ഞ നമീബിയ: ലീലാമ്മ തോമസ്



ഞങ്ങൾ  ബോട്സ്വാനയുടെ സാംസ്കാരിക ഗ്രാമമായ ഷക്കാവേയെന്ന സ്ഥലത്തു  നിന്നും നമീബിയയിലേക്കുള്ള യാത്രക്കിറങ്ങുമ്പോൾ ചാറ്റൽ മഴയുണ്ടായിരുന്നു.
  ഡ്രൈവർ പറഞ്ഞു "ഇന്നു ഐശ്വര്യമഴയാ യാത്ര സുഗമമാകും''.
ഞങ്ങൾ ചിരിച്ചു, കുറച്ചു മുന്നോട്ടു പോയപ്പോൾ കരണം പൊട്ടുന്ന ഇടിമിന്നൽ മുഴക്കി. വഴിവക്കിൽ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾ, കാട്ടുപോത്തുകൾ കൂട്ടമായി വഴിയിൽ തടസ്സം ഉണ്ടാക്കി നിന്നു.
 വഴിയുടെ  നടുവിൽ തലഉയർത്തിപ്പിടിച്ചുള്ള കാട്ടുപോത്തുകളുടെ  നിൽപ്പു കണ്ടാൽ വഴി മാറാൻ ഞങ്ങൾക്കു മനസ്സില്ലയെന്നു പറയുന്ന ഭാവം. ഞങ്ങൾ മിനിട്ടുകൾ കാത്തു നിന്നപ്പോൾ അവ  തെറ്റു മനസിലായത് പോലെ കാടിന്റെ മാന്യത പാലിച്ചു വഴി ഒഴിഞ്ഞു പോയി, കാടിന്റെ നീതി അറിയാവുന്ന നാൽക്കാലികൾ  വഴി മാറിത്തന്നു.

ഞങ്ങൾ നമീബിയയുടെ ബോർഡറിൽ  ചെന്നപ്പോൾ പാസ്പോർട്ട്‌  പരിശോധിച്ചു.
എത്ര സുന്ദരമാണ് നമീബിയയെന്നു ബോർഡറിൽ ചെല്ലുമ്പോഴേ  കാണാനാവും . 

റോഡ് വളരെ യാത്രാ സൗകര്യo ഉള്ളതായതിനാൽ ഞങ്ങൾ  വണ്ടി വിട്ടടിച്ചു. കേരളത്തിലെ ഗ്രാമീണ ഭംഗിയാണിവിടെ കണ്ടത് . വീട്ടു മുറ്റത്തു ചുവന്ന റോസ പൂക്കൾ വിടർന്നു നിൽക്കുന്നു. എല്ലാ വീടിനു ചുറ്റും വാഴകൾ കുലച്ചു നിൽപ്പുണ്ട്.

ഞങ്ങൾ ഹിംബ സ്ത്രീകൾ താമസിക്കുന്ന ഗ്രാമത്തിലേക്കാണ് പോയത് .
ഏകദേശം 50,000 ആളുകൾ  വടക്കൻ നമീബിയയിലും
കൂനെൻ മേഖലയിലും (മുമ്പ് കാവോകോലാൻഡ്) കേറുന്നേനെ  നദിയുടെ തെക്കേപ്പുറത്തും വസിക്കുന്നു.

ഒവഹിംബ അർദ്ധ-നാടോടികളാണ്,  അവർ വിളകൾ കൃഷി ചെയ്യുന്നുണ്ട്.
പക്ഷേ മഴയുടെയും വെള്ളത്തിന്റെയും ലഭ്യതയും അനുസരിച്ച് വർഷത്തിൽ പല തവണ സ്ഥലം മാറി താമസിക്കേണ്ടി വരുന്നു.

നമീബിയയിലെ ചുവന്ന ചൂടുമണലിൽ വെള്ളത്തിനു വേണ്ടി ദൂരങ്ങളിലുള്ള നദികളിലേക്കു കുടവുമായി പോകുന്ന ഹിംബ സ്ത്രീകളെ കണ്ടപ്പോൾ നമ്മുടെ നാട്ടിലെ ഓർമ്മ വന്നു.

എല്ലാവരുടെയും ദേഹത്തും മുടിയിലും  ഒട്ടിജൈസ്‌ (മണ്ണും പശയും കൂട്ടി കുഴച്ചുണ്ടാക്കുന്ന ജെൽ) തേച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ സ്ത്രീകൾ അവരുടെ കുഞ്ഞുങ്ങളുമായി ഒത്തു കൂടുന്നു. തണൽ പരത്തുന്ന ഒറ്റപ്പെട്ട ചിലവൃക്ഷങ്ങൾ.., കുട്ടികൾ കുടിലിന്റെ മുറ്റത്തു കളിക്കുന്നു. ചിലർ   ഞങ്ങളെ കണ്ടു നിർനിമേഷരായി നിൽക്കുന്നു. ഇന്ത്യക്കാരെ കണ്ടതിലുള്ള സന്തോഷം അവരുടെ മുഖങ്ങളിൽ . അകത്തു നിന്നും മുലക്കച്ച കുലുക്കിയെത്തിയ "കിബിടിസ്വാ "യെന്ന പേരുള്ള സ്ത്രീ ആനന്ദാശ്രുക്കൾ പൊഴിച്ച്  അവരുടെ ഭാഷയിൽ സ്വാഗതം ചെയ്തു. കിബിടിസ്വാ അത്ര കറുത്തതല്ല , ആരും  ഇഷ്ടപ്പെടുന്ന ശരീരകാന്തി.


മുടി അധികമില്ല. കഴുത്തിൽ അണിഞ്ഞ കല്ലുമാല  തിളങ്ങിക്കൊണ്ടേയിരുന്നു. കൈയ്യിൽ നിറയെ
പല നിറത്തിലെ വളകൾ .

ഹിംബ കുടിലുകൾ കൊട്ട കമഴ്ത്തി വെച്ചിരിക്കുന്ന പോലെയുള്ള കുടിലുകളാണ്. എന്റെ ഗ്രാമമായ വള്ളികുന്നം ഭാഗത്തു എലിയെപ്പിടിക്കുന്ന സമൂഹമുണ്ട്, അവരുടെ കുടിലുകൾ പോലെ തോന്നി ഇവിടുത്തെ വീടുകൾ. എന്നാൽ  ഇവിടെയുള്ള കുടിലുകൾ  നല്ല വൃത്തിയും ഭംഗിയും ഉള്ളതാണ്. സത്യവൃക്ഷത്തിന്റെ കമ്പുകൾ കൊണ്ടുണ്ടാക്കിയ വീടുകൾ, കുപ്പിയും പശമണ്ണും ബലത്തിനു വേണ്ടി കുഴച്ചുണ്ടാക്കിയ ഭിത്തികൾ.



വീടുകൾക്ക്‌ അടുത്തൊന്നും കാട്ടുചെടികൾ വളരുന്നില്ല. വളരെ ഭംഗിയും വെടിപ്പും ഉണ്ട്.
ഇഴജന്തുക്കൾ വരാതിരിക്കാൻ പച്ചില കൊണ്ടുണ്ടാക്കിയ  സ്‌നേക് റിപ്പല്ലന്റ്  മരുന്നുകൾ തളിക്കും. വീടിനോടു ചേർന്നുള്ള ഒരു ഉണക്കമരം വെള്ളം കിട്ടാൻ ദാഹിച്ചു കൈ കൂപ്പി വീടിനെ വന്ദിക്കുന്നതായി തോന്നി.

ആ വീട്ടിലെ ശദ്രക്കുഡയമഡ് എന്ന മകനും ഈശോ സാറ്റർഡേയെന്ന പത്തു വയസുകാരി മകളും വന്നു ഞങ്ങളെ സന്തോഷത്തോടു  അകത്തോട്ടു കൈപിടിച്ചു കൊണ്ടുപോയി, അവന്റെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾ ബാഗിൽ കരുതിയിരുന്ന ചോക്ലേറ്റ് അവർക്കു കൊടുത്തു.

 

ഞങ്ങളുടെ കുട്ടികളുടെ കുറച്ചു പുതിയ ഡ്രസ്സ്‌ ഉണ്ടായിരുന്നത്  ഈശോയുടെ അനുജൻ മേശക്കിനും കൊടുത്തു.
ആണുങ്ങൾ വെളിയിൽ കുറച്ചു മാറി കൂട്ടം കൂടിയിരിക്കുന്നു. അവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. സ്ത്രീകൾ ആണ് എല്ലാ ചുമതലയും വഹിക്കുന്നത്. കുറച്ചു മാറി ആൺകുട്ടികൾ ഇരിക്കുന്നു.

ഹിംമ്പകുടിലിൽ നിന്നും മാറു മറയ്ക്കാത്ത ഒരു സുന്ദരി ഒരു താലത്തിൽ വെച്ച പാത്രത്തിൽ വെള്ളവും ഒരു തൂവാലയും കൊണ്ടു വന്നു. മുട്ടുമ്മേൽ നിന്ന് വെള്ളം ഒഴിച്ചു ഞങ്ങളുടെ കൈകൾ കഴുകിച്ചു. ഇവിടെ ഈ രീതിയിൽ ആണ് അതിഥി സത്ക്കാരം. മേശക് മോൻ തൂവാല കൊണ്ടു ഞങ്ങളുടെ കൈതുടപ്പിച്ചു.

തടി കൊണ്ടുള്ള ഒരു പാത്രത്തിൽ കുറച്ചു ഉണക്കച്ചൂട വറുത്തതും ക്വിയാനോ  ആഫ്രിക്കൻ (kiwano) പഴങ്ങളും സ്‌നോട്ട് ആപ്പിൾ, കുടിക്കാൻ വാറ്റിയചോളം (മഗാവേ)തന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത സ്വീകരണം. ഞങ്ങൾ തിരികെ പോരാൻ നേരം മേശക് മോന്റെ കൈയ്യിൽ കുറച്ചു പുല (പണം) കൊടുത്തു! അമ്മ പെട്ടന്നു വന്നു കുറച്ചു പണം എടുത്തിട്ട് ബാക്കി ഒരു പ്രത്യേക മരത്തൊലിയിൽ പൊതിഞ്ഞു തിരികെ തന്നു. ഞാൻ ചോദിച്ചു? എന്താണ് കാര്യം അപ്പോൾ അവർ പറഞ്ഞു ഞങ്ങൾക്കു ഈ എടുത്ത പണംതന്നെ അധികമെന്ന് .



കുട്ടികൾ ചെറുപ്പത്തിലേ തോക്ക് ഉപയോഗിക്കാൻ ശീലിക്കുന്നു , പുതിയ തലമുറ പരമ്പരാഗതമായ അമ്പും വില്ലും ഉപയോഗിച്ചുള്ള വേട്ടയാടൽ ഉപേക്ഷിച്ചു കഴിഞ്ഞു . അമ്പും വില്ലും ഉപയോഗിച്ചിരുന്ന കൈകൾ തോക്കുകൾ ഉപയോഗിക്കാൻ വളരെ വേഗം പഠിച്ചിരിക്കുന്നു.

നമീബിയൻ സംസ്കാരത്തിലുള്ളവർ വേറിട്ട രീതിയിൽ ആണ് മുടി സംരക്ഷിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇവരുടെ ഹെയർ സ്റ്റൈൽ. ആൺകുട്ടികൾ തല മൊട്ടയടിക്കുന്നു , തലയുടെ നടുവിലുള്ള ഒരു സ്ട്രിപ്പ് ഒഴികെ.

സ്ത്രീകൾ കുഞ്ഞുങ്ങളുമായി കുടിലുകൾക്ക് ചുറ്റും ഒത്തു കൂടുന്നു. ഈ നിമിഷം സാധ്യമാക്കാനെന്നപോലെ പുരുഷന്മാർ അപ്രത്യക്ഷരായതായി തോന്നുന്നു. പുരുഷന്മാരെ അവിടെ കണ്ടില്ല. ചിരിയും ബാലിശമായ വാക്കേറ്റങ്ങളും  വശംവദനീയമായ നോട്ടങ്ങളും നിറഞ്ഞ അന്തരീക്ഷം .മുലയൂട്ടുന്ന കുഞ്ഞിനെ മുട്ടുകുത്തി ഉറങ്ങാൻ അനുവദിക്കുന്നു അല്ലെങ്കിൽ പോകുന്നിടത്തെല്ലാം 'അമ്മ  അവനെ മുതു കിൽ വഹിക്കുന്നു .

അരയന്നം പോലെയുള്ള പെൺപക്ഷികളെ കണ്ടു ,  പരിസരത്തു കാതടപ്പിക്കുന്ന കരച്ചിൽ
കേൾക്കുന്നു. മേച്ചിലും വെള്ളവും കിട്ടുന്നിടത്തു ചേക്കേറുന്ന ഹിംബ ഗോത്രക്കാർ ഒരു സ്ഥലത്തു നിന്നും അടുത്ത വെള്ളം കിട്ടുന്ന സ്ഥലത്തേക്ക്  മാറിക്കൊണ്ടിരിക്കും. അതിനാൽ കന്നു കാലി വളർത്തൽ വളരെ പ്രയാസം. വളരെ കുറച്ചു സാധനങ്ങൾ മാത്രമേ  കയ്യിൽ കരുതാറുള്ളു. കാരണം വെള്ളത്തിന്റെ ലഭ്യത അനുസരിച്ചു സ്ഥലം മാറി താമസിക്കേണ്ടിയിരിക്കുന്നു.
സ്ഥിര താമസം അല്ലാത്തതിനാൽ യാത്രാ സൗകര്യത്തിനു വേണ്ടി കുറച്ചു സാധനങ്ങളെ  വീട്ടിൽ കരുതാറുള്ളു .

അവിടെ കിട്ടിയ ഭക്ഷണം കഴിച്ച് , അവർ തന്ന ചിബുക്കു കുടിച്ച്  ലഹരി വിട്ടു മാറും മുമ്പ് ഞങ്ങൾ  യാത്ര തുടങ്ങി. മരുഭൂമിയിലെ അടങ്ങാത്ത ചൂടിൽ അതിജീവിതകളാകുന്ന
സ്ത്രീകൾ   ആഭരണങ്ങളേറെ  ധരിക്കുന്നു. തലയിൽ മണ്ണും പശയും പുരട്ടി ചൂടിൽ നിന്നും രക്ഷപ്പെടുന്നു.

അതിരാവിലെ ഘനീഭവിക്കുന്ന മൂടൽ മഞ്ഞിന്റെ തുള്ളികൾ ആകാംഷയോടെ  നക്കി കുടിക്കുന്ന പ്രാണികൾ. ഞങ്ങൾ എട്ടു പേർ മരുഭൂമിയിൽ കൂടി നടന്നു, കാലുകൾക്കു മുന്നോട്ടു നീങ്ങുന്നില്ല.
ഞങ്ങൾ വാശിയിൽ മുന്നോട്ടു നടക്കാൻ ശ്രമിച്ചു , കാരണം ഞങ്ങളുടെ കാർ പാർക്കു ചെയ്തിരിക്കുന്നത് ഇവിടെ നിന്നും കുറച്ചു ദൂരെ യുള്ള "ഒമുംബോറോംബോംഗ" എന്ന പുണ്യ വൃക്ഷത്തിന്റെ അടുത്തായിരുന്നു. അവിടെ വരെ എത്തണമെങ്കിൽ നടക്കണം. നടന്നു നീങ്ങിയപ്പോൾ നേരത്തേ  കഴിച്ച ഉണക്കച്ചൂടയുടെ  രുചി മാറാൻ ഒരു കൊക്കോ കോള കിട്ടിയെങ്കിലെന്നു കരുതി.   റോഡിലെങ്ങും ആരുമില്ല , വളരെ നിശബ്ദത. ഞാൻ  റോഡിന് കുറുകെ  പോയി ഒരു കൊച്ചു കടയിൽ നിന്നും കോക്ക് വാങ്ങിക്കാമെന്നു കരുതി.


നടന്ന് പകുതി ആയപ്പോൾ അവിടെയുള്ള ഒരു ഗോത്രത്തിന്റ മേലധികാരിയായ-ഫോക്ലോർ പിതാവിന്റെ വാഹനം വരുന്നു. സെക്യൂരിറ്റിക്കാർ എന്നെ പിടിച്ചു മാറ്റാൻ ഒരുങ്ങി,  ദൂരെനിന്നു എന്നെക്കണ്ട  പിതാവു പറഞ്ഞു 'പിടിച്ചു മാറ്റണ്ടയെന്ന് '. ആളുകൾ അനുസരണയോടും ഭക്തിയോടും നിൽക്കുന്നു! എല്ലാവരും എന്നേ നോക്കുന്നു.
ഫോക്ലോർ ഗോത്രത്തിന്റ മേലധികാരി  വരുമ്പോൾ വഴിമാറി നിൽക്കണമെന്നാണത്രെ  ആചാരം.
 അദ്ദേഹം എന്റെ അടുത്തു എത്തിയപ്പോൾ വാഹനം നിർത്തി! കുശലന്വേഷണത്തിനു ഞങ്ങളെ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്കു ക്ഷണിച്ചു. 

 

തുടരും