മലബാര്‍ ഗോര്‍ഡ് മോഡലായി തൊടുപുഴ സ്വദേശിനി ധന്യ; കരീന കപൂര്‍ പങ്കുവച്ച വീഡിയോ കണ്ടത് പത്ത് ലക്ഷത്തോളം പേര്‍

മലബാര്‍ ഗോര്‍ഡ് മോഡലായി തൊടുപുഴ സ്വദേശിനി ധന്യ; കരീന കപൂര്‍ പങ്കുവച്ച വീഡിയോ കണ്ടത് പത്ത് ലക്ഷത്തോളം പേര്‍

തൊടുപുഴ: മലബാര്‍ ഗോള്‍ഡിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ പരസ്യ വീഡിയോയ്ക്ക് താഴെ   കമന്റിടുമ്ബോള്‍ അതൊരു സ്വപ്‌ന സാക്ഷാത്കാരമാകുമെന്ന് തൊടുപുഴ പട്ടയംകവല സ്വദേശിനി  ഇരുപതുകാരി  ധന്യ സോജന്‍(20)   കരുതിയതേയില്ല. കമന്റിട്ടപ്പോള്‍ മുതല്‍ മോഡലാകും വരെയുള്ള ധന്യയുടെ കഥ പറയുന്ന രോഹന്‍ മാത്യു സംവിധാനം ചെയ്ത വീഡിയോ നടി കരീന കപൂര്‍  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് പരസ്യത്തിന് പിന്നിലെ രഹസ്യം എല്ലാവരും അറിയുന്നത്. പത്ത് ലക്ഷത്തോളം പേര്‍ കണ്ട ആ വീഡിയോ ഇതിനകം വൈറലായി.

''എനിക്കും ഇതുപോലെ ഫോട്ടോഷൂട്ടില്‍ മോഡലായാല്‍ കൊള്ളാമെന്നുണ്ട്. നിങ്ങളുടെ ആഭരണങ്ങളൊക്കെ ധരിച്ച്‌ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍   ഒരു അവസരം തരുമോ എന്നായിരുന്നു ധന്യയുടെ  കമന്റ്''. ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നായിരുന്നു, ഹൃദയധമനികള്‍ ചുരുങ്ങുന്ന അപൂര്‍വ രോഗം ബാധിച്ച ധന്യയുടെ കമന്റിനുള്ള മലബാര്‍ ഗോള്‍ഡിന്റെ മറുപടി. അടുത്തയാഴ്ച ഷൂട്ടിംഗിന് തയ്യാറാണോയെന്ന് ചോദിച്ച്‌ മാര്‍ക്കറ്റിംഗ് മാനേജര്‍ വിപിന്റെ ഫോണെത്തുമ്ബോഴും ധന്യയ്ക്ക് പൂര്‍ണമായും വിശ്വാസമായിരുന്നില്ല.

കഴിഞ്ഞ 20ന് എറണാകുളത്ത് വച്ചായിരുന്നു ഷൂട്ടിംഗ്. ആഡംബരം നിറഞ്ഞ വിവാഹ വസ്ത്രങ്ങളും ഡയമണ്ട് ആഭരണങ്ങളുമണിഞ്ഞ് മറ്റ് മോഡലുകള്‍ക്കൊപ്പം ധന്യ മണവാട്ടിയായി മാറി. തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് പാലുത്പന്നങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്ന അച്ഛന്‍ സോജനും അമ്മ ഷാന്റിയും മകളുടെ ആഗ്രഹത്തിന്  പിന്തുണയേകി.

പരസ്യ ഷൂട്ടിംഗിന് ശേഷം ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞുപോയ ധന്യ ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. വീഡിയോ കണ്ട് നിരവധി പേരാണ് ധന്യയെ ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നത്. ഇതു സംബ  ന്ധിച്ച വാര്‍ത്തകള്‍ ദേശീയ ശ്രദ്ധ പിടിച്ച്‌ പറ്റിയതോടെ നാട്ടിലെ താരമായിരിക്കുകയാണ് ധന്യ. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇവര്‍ക്കെല്ലാം മറുപടി പറയാനാകുന്നില്ലെന്ന വിഷമത്തിലാണ് ഈ മിടുക്കി.

പ്ലസ്ടുവിന് ശേഷം 2019ല്‍ ഉപരിപഠനത്തിനായി കാനഡയ്ക്ക് പോയതായിരുന്നു ധന്യ. ജനറല്‍ ബിസിനസ് പോസ്റ്റ് സെക്കന്‍ഡറി ഡിപ്ലോമ കോഴ്‌സ് പഠിക്കുന്നതിനിടെ മൂന്നാം സെമസ്റ്റര്‍ എത്തിയപ്പോഴാണ് രോഗവിവരം അറിയുന്നത്. അവസാന സെമസ്റ്റര്‍ ആശുപത്രിയിലാണ് പൂര്‍ത്തിയാക്കിയത്. പിന്നീട് ചികിത്സയ്ക്കായും മറ്റും നാട്ടിലേക്ക് വരികയായിരുന്നു.

ഹൃദയത്തിന്റെ പമ്ബിംഗ് കപ്പാസിറ്റി 20 ശതമാനം മാത്രമായി ചുരുങ്ങുന്ന കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഡിസോര്‍ഡറാണ് ധന്യയ്ക്ക്. ഒന്നര വര്‍ഷത്തെ ചികിത്സ കൊണ്ട് അത് 38 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു. 50 ശതമാനമെങ്കിലും എത്തിയില്ലെങ്കില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ വേണ്ടി വരും.