പബ്ലിക്ക് അഡ്വക്കറ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമായി നിലകൊള്ളാൻ: ഡോ. ദേവി നമ്പ്യാപറമ്പിൽ 

പബ്ലിക്ക് അഡ്വക്കറ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശബ്ദമില്ലാത്തവരുടെ ശബ്ദമായി നിലകൊള്ളാൻ: ഡോ. ദേവി നമ്പ്യാപറമ്പിൽ 
 
 
ഫ്രാൻസിസ് തടത്തിൽ 
 
ന്യൂയോർക്ക്: അടിച്ചമർത്തപ്പെടുന്നവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമായി പ്രവർത്തിക്കുവാനാണ് താൻ ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഡോ. ദേവി ഇമ്മാനുവേൽ നമ്പ്യാപറമ്പിൽ. ഡോ. ദേവിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ധനസമാഹരണത്തിനായി കേരളടൈംസ് ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ ഓറഞ്ച്ബെർഗിലുള്ള സിത്താർ പാലസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഫണ്ട് റൈസിംഗ് ഡിന്നർ നൈറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
 
ന്യൂയോർക്ക് സിറ്റിയിൽ പല പദ്ധതികൾക്കായി വകയിരുത്തിയിരിക്കുന്ന ഫണ്ടുകളിൽ പലതും ചെലവഴിക്കാതെ പോകുന്നുണ്ട്. ഇത്തരം ഫണ്ടുകൾ വകമാറ്റി ചെലവഴിട്ടുണ്ടോ അല്ലെങ്കിൽ ആ തുക എന്തു ചെയ്തു എന്നത് സംബന്ധിച്ച് യാതൊരു വിധ കണക്കുകളോ വിവരങ്ങളോ സിറ്റി കൗൺസിലിന്റയും ഉദ്യോഗസ്ഥരുടെയും പക്കലില്ല. ഉദാഹരണത്തിന് പാർപ്പിടമില്ലാത്ത (ഹോം ലെസ്) തെരുവുകളിൽ മറ്റും കഴിയുന്ന അടിസ്ഥാനവർഗത്തിൽപെട്ടവരെ പുനരധിവസിപ്പിക്കാനായി എല്ലാ വർഷവും രണ്ടു മില്ല്യനിൽ പരം ഡോളർ തുക സിറ്റി കൗൺസിൽ വകയിരുത്താറുണ്ട്. എന്നാൽ ഹോം ലെസ് എന്നും ഹോം ലെസ് ആയി തന്നെ ഇപ്പോഴും കഴിയുകയാണ്. ഈ തുക എന്ത് ചെയ്തുവെന്നത് സംബന്ധിച്ച് ഒരു ഡാറ്റയും ആരുടെയും പക്കലില്ല. ഹോം ലെസ് ആയിട്ടുള്ളവർ ശബ്ദം ഉയർത്തുകയോ അഥവാ അവരുടെ ശബ്ദം ഉയർന്നാൽതന്നെ അത്  ആരും കേൾക്കാനുമുണ്ടാകില്ല. അതുപോലെ തന്നെ പാർശ്യവല്ക്കരിക്കപ്പെട്ട നിരവധിയാളുകളുടെ ശബ്ദം അധികാര വർഗം കേൾക്കാതെ പോകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടെത്തി മേയറുടെയും സിറ്റി കൗൺസിലിന്റെയും മുൻപാകെ കൊണ്ടുവരിക എന്നതാണ് പബ്ലിക്ക് അഡ്വക്കേറ്റിന്റെ കടമ. ഇത്തരം ആളുകൾക്ക് നീതി ലഭിക്കാനും ഇത്തരം അനീതികൾക്കതിരെ ശബ്‍ദമുയർത്തുകയും  ചെയ്യുക എന്ന ലക്ഷ്യമാണ് തന്റെ സ്ഥാനാർത്ഥിത്വത്തിനു അടിസ്ഥാനമായ കാരണമെന്നും ഡോ. ദേവി വിശദീകരിച്ചു.
 
ന്യൂയോർക്കിൽ കോവിഡ് മഹാമാരി വലിയ തോതിൽ പടർന്നു പിടിക്കാൻ കാരണമായത് സിറ്റിയുടെ തെറ്റായ നയങ്ങൾ കൊണ്ടും പിടിപ്പുകേടുകൊണ്ടുമാണെന്നും ഡോ. ദേവി കുറ്റപ്പെടുത്തി. ടെസ്റ്റിംഗ് വ്യാപകമാക്കാൻ പ്രൈമറി കെയർ സെന്ററുകളെയും അർജന്റ് കെയർ ഫസിലിറ്റികളെയും ഫാർമസികളെയും അനുവദിച്ചിരുന്നെങ്കിൽ ടെസ്റ്റിംഗ് കൂടുതൽ വ്യാപകമാക്കുകയും അതുവഴി രോഗം പടർന്നു പിടിക്കുന്നത് ഒഴിവാക്കുകയും ചെയ്യാമായിരുന്നു. കോവിഡ് ടെസ്റ്റിംഗിൽ ഏർപ്പെട്ടിരുന്ന ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന പലരും ചില പ്രാകൃതമായ നിയമക്കുരുക്ക് മൂലം  അനാവശ്യമായ ശിക്ഷ നടപടികൾക്ക് വിധേയമായി. അതുകൊണ്ട് തന്നെ അവരിൽ പലരും ജോലിയിൽ നിന്ന് വിട്ടു നില്ക്കാൻ നിർബന്ധിതരായി. ഇത് ടെസ്റ്റിംഗിനെ സാരമായി ബാധിക്കുകയും അതുവഴി ന്യൂയോർക്ക് സിറ്റി കോവിഡിന്റെ ഏറ്റവും വലിയ എപ്പിസെന്റർ ആയി മാറിയെന്നും ഡോ. ദേവി ആരോപിച്ചു. വാക്സീൻ കണ്ടുപിടിക്കുന്നതിനു മുൻപുള്ള അവസ്ഥയായിരുന്നു ഇതെന്നും അവർ ഓർമ്മിപ്പിച്ചു.
 
കോവിഡ് പടർന്നു വ്യാപകമായപ്പോൾ വ്യക്തമായ ദിശാബോധമില്ലാതെയാണ് സിറ്റി അധികാരികൾ രോഗികളെ ചികിൽസിക്കാനുള്ള പ്രോട്ടോകോൾ തയാറാക്കിയത്. ഒരു കുടുംബത്തിൽ എല്ലാവർക്കും കോവിഡ് വന്നാൽ രോഗത്തിന്റെ ഗുരുതരാവസ്ഥ നോക്കിയാണ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ന്യൂയോർക്ക് സിറ്റിയിലെ ചില വീടുകളിൽ രോഗമുള്ളവരും രോഗമില്ലാത്തവരുമായ കുടുംബാംഗങ്ങൾ ഒരേ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. രോഗമില്ലാത്തവരെ മാറ്റിപ്പാർപ്പിക്കാനോ അതല്ലെങ്കിൽ രോഗികളെ ആശുപത്രികളിലേക്ക് മാറ്റാനോ ഉള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. തനിക്കും കുടുംബത്തിനും ഉണ്ടായ ദുരനുഭവം വ്യക്തമാക്കിയ ഡോ. ദേവി താൻ അനുഭവിച്ചതിനേക്കാൾ കൂടുതൽ ദുരിതങ്ങൾ സാധരണക്കാർ അനുഭവിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. തന്റെ ഭർത്താവിന് കോവിഡ് ബാധിക്കുമ്പോൾ താൻ 8 മാസം ഗർഭിണിയായിരുന്നു. കഠിനമായ ശ്വാസ തടസത്തെ തുടർന്ന് ഭർത്താവ് ആശുപത്രിയിലായി. ഈ  സമയം 2 വയസുള്ള മൂത്ത മകളുടെ ഡേ കെയർ കോവിഡ് മൂലം അടച്ചുപൂട്ടി. താനും കുഞ്ഞും ഒറ്റക്കായിരുന്നപ്പോൾ കുഞ്ഞിനും കോവിഡ് ബാധിച്ചു. 
 
8 മാസം ഗർഭിണിയായ തനിക്ക് മൂത്ത മകളെ ശിശ്രൂഷിക്കുക എന്നത് ഏറെ വിഷമമുള്ള കാര്യമായിരുന്നു. തന്റെ മാതാപിതാക്കൾ പ്രായമേറിയവർ ആയതിനാൽ കുട്ടിയെ അവരെ ഏൽപ്പിക്കുക അതിലും അപകടം പിടിച്ച കാര്യമായിരുന്നു. ഒടുവിൽ കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും അവർ വിസമ്മതിച്ചു. അഡ്മിറ്റ്‌ ചെയ്യാൻ മാത്രം കുട്ടിയുടെ രോഗം ഗുരുതരമല്ലെന്നു പറഞ്ഞായിരുന്നു അവർ വിസമ്മതിച്ചത്. എന്നാൽ  ഗർഭിണിയായ താൻ കുട്ടിയെ പരിചരിക്കുക അപകടമാണെന്നും അത് പിറക്കാനിരിക്കുന്ന കുഞ്ഞിനും ദോഷകരമാകുമെന്നും പറഞ്ഞപ്പോൾ മറുപടി ഏറെ വേദനിപ്പിക്കുന്നതായിരുന്നു. കുഞ്ഞിനെ നോക്കാൻ പറ്റില്ലെങ്കിൽ സ്റ്റേറ്റ് ഏറ്റെടുക്കുമെന്ന ഭീഷണിയായിരുന്നു മറുപടി. പിന്നീട് ഒരുവിധം കുഞ്ഞിനെ താൻ തന്നെ നോക്കി. മകളുടെ അസുഖം മാറി ഏതാനും ദിവസം കഴിഞ്ഞപ്പോൾ തനിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. കോവിഡ് ബാധിച്ച ഭർത്താവ് തന്റെയും പിറക്കാനിരിക്കുന്ന കുഞ്ഞിന്റയെയും സുരക്ഷയെ മാനിച്ച് വേറെയായിരുന്നു താമസം. ആരും സഹായിക്കാനില്ലാത്ത അവസ്ഥ. 911 വിളിച്ചപ്പോൾ എപ്പോൾ എത്തുമെന്ന് ഉറപ്പു പറയാനാകില്ലെന്ന് മറുപടി. ന്യൂയോർക്കിൽ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ആംബുലൻസുകൾ മരണാസന്നരായ രോഗികളെക്കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞു നടക്കുമ്പോൾ തന്നെ കൊണ്ടുപോകാൻ ആരും വരില്ലെന്ന് ഉറപ്പായിരുന്നു. മറ്റൊരു മാർഗവും കാണാതെ വന്നതിനാൽ സ്വയം നടന്ന് ഹോസ്പിറ്റലിൽ എത്തി. അന്ന് അനുഭവിച്ച ദുരിതങ്ങൾ ജീവിതത്തിലെ ഒരു വലിയ അനുഭവം തന്നെയായിരുന്നു.

 
ഡെമോക്രറ്റുകൾക്ക് മേൽക്കോയ്മയുള്ള ന്യൂയോർക്ക് സിറ്റി കൗൺസിലിൽ തന്നെ തോൽപ്പിക്കാൻ അവർ വഴിവിട്ട മാർഗങ്ങൾ തേടുന്നുണ്ടെന്നും ഡോ. ദേവി വെളിപ്പെടുത്തി. തന്റെ അറിവില്ലാതെ ബാലറ്റ് പേപ്പറിൽ തന്റെ മുഴുവൻ പേരും ചേർക്കാതെ ലാസ്റ്റ് നെയിം മാത്രമാണ് നൽകിയിരുന്നത്. ഈ നീക്കം താൻ അറിഞ്ഞത് ഒരു ഡെമോക്രറ്റിക്ക് പ്രതിനിധിയിൽ  നിന്നാണെന്നും അവർ വെളിപ്പെടുത്തി. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ബാലറ്റ് പേപ്പറിൽ 15  അക്ഷരങ്ങൾ മാത്രമേ ഉൾപ്പെടുത്താനാവുകയുള്ളുവെന്നും ബാലറ്റ് പേപ്പറുകൾ പ്രിന്റ് ചെയ്തതിനാൽ തിരുത്ത് അസാധ്യമാണെന്നും അറിയിച്ചു. നമ്പ്യാപറമ്പിൽ എന്ന തന്റെ ലാസ്‌റ് നൈമിന് 14 അക്ഷരങ്ങൾ ഉണ്ട് . അതുകൊണ്ട് "നമ്പ്യാപറമ്പിൽ, ഡി" എന്നുമാത്രമാണ് ബാലറ്റ് പേപ്പറിയിൽ രേഖപ്പെടുത്തിയിട്ടിട്ടുള്ളത്. താൻ ഒരു  ഡോക്ടർ ആണെന്നും  ഫസ്റ്റ് നെയിം ദേവി എന്നും മിഡിൽ നെയിം എലിസബത്ത് എന്നുമാണെന്നും എല്ലാവർക്കുമറിയാം. "ഡി.നമ്പ്യാപറമ്പിൽ" എന്ന ബാലറ്റ് പേപ്പറിലെ പേര് ആർക്കും തിരിച്ചറിയാൻ പറ്റില്ലെന്ന് മനസിലാക്കിയ അവർ തന്ത്രപൂർവം തന്നെ അറിയിക്കാതെ ബാലറ്റ് പേപ്പർ അച്ചടിക്കുകയായിരുന്നുവെന്നും ദേവി ആരോപിച്ചു. 
 
ഇതിനെതിരെ താൻ അറ്റോർണിയെ സമീപിച്ച്  അപ്പീലിനു പോയി . ഇതേതുടർന്ന്  കേസ് 10 പേരടങ്ങുന്ന ലോയേഴ്സ് കമ്മീഷണൻ  മുൻപാകെ ഹിയറിംഗിന് വരികയും. ഒടുവിൽ തീരുമാനം അവരുടെ വോട്ടിങ്ങിന് ഇടയുകയും ചെയ്തു. 10 പേരിൽ ഒരാളൊഴികെ ബാക്കി 9 പേരും തനിക്കനുകൂലമായി വോട്ടുചെയ്തു. ഇതേ തുടർന്ന്   ഡോ. ദേവി എന്ന് ബാലറ്റിൽ പേരിനൊപ്പം ചേർക്കാൻ തീരുമാനമായി. 
 
ഡോക്ടർ എന്ന നിലയിൽ രോഗികളെ പരിചരിക്കുന്നതിനപ്പുറം അവരുടെ സാമൂഹികമായ പ്രശനങ്ങളിലും താൻ ഇടപെടലുകൾ നടത്താറുണ്ടന്ന് ഡോ. ദേവി പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രചാരണവുമായി പലയിടത്തും പോകുമ്പോൾ താനുമായി വളരെയടുപ്പമുള്ള രോഗികൾ തെരെഞ്ഞെടുപ്പിനേക്കാളേറെ ചികിത്സയെക്കുറിച്ചും മറ്റുമാണ് സംസാരിക്കാറുള്ളത്. സാമൂഹ്യമായ വിഷയങ്ങളിൽ താൻ പഠനകാലം മുതൽ ഇടപെട്ടിരുന്നു. ന്യൂയോർക്ക്  സിറ്റിയിൽ താമസിക്കുന്ന പാർശ്യവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങളും അവകാശങ്ങളും ആരുടെ സമക്ഷം അവതരിപ്പിക്കണമെന്ന് അറിയില്ല. പലപ്പോഴും അവർക്ക് അതിനു കഴിയുന്നില്ല. അവരുടെ ഈ നിശബ്ദത അധികാര വർഗം മുതലെടുക്കുകയാണെന്നും ഡോ. ദേവി ആരോപിച്ചു. 
 
ഇത്തരക്കാരുടെ പല ആവശ്യങ്ങൾക്കായി  താൻ പലവട്ടം സിറ്റി കൗൺസിലിനെ സമീപിച്ചെങ്കിലും പലതും നിഷ്കരുണം തള്ളിക്കളയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അവരുടെ നിശ്ശബദ്ധത തന്നിലൂടെ ശബ്ദമായി അധികാര വർഗത്തിനു മുൻപിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തന്നെ പ്രേരിപ്പിച്ചത്. സിറ്റി കൗൺസിൽ എടുക്കുന്ന തീരുമാനങ്ങൾ, അവ നടപ്പിൽ വരുത്തുന്ന രീതി, ഓരോ കാര്യങ്ങളും ശരിയായ രീതിയിൽ തന്നെയാണോ നടപ്പിൽ വരുത്തുന്നത്, പല പ്രൊജെക്ടുകൾക്കും വേണ്ടി വകയിരുത്തുന്ന തുക കൃത്യമായി ചെലവഴിക്കുന്നുണ്ടോ, അവ വകമാറ്റി ചെലവഴിക്കുന്നുണ്ടോ, നീതി നിഷേധിക്കപ്പെടുന്നുണ്ടോ.. തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ പബ്ലിക്ക് അഡ്വക്കേറ്റിനു ലഭ്യമാകും. ലഭ്യമാകുന്ന വിവരങ്ങൾ വച്ച് മേയർ ഉൾപ്പെടെയുള്ള ഉന്നത അധികാരികളോട് വിശദീകരണം തേടാൻ പബ്ലിക്ക് അഡ്വക്കേറ്റിനു കഴിയുമെന്നും ഡോ. ദേവി നമ്പ്യാപറമ്പിൽ കൂട്ടിച്ചേർത്തു.
 
ഡോ. ദേവി നമ്പ്യാപറമ്പിലിന്റെ അടുത്ത ബന്ധുകൂടിയായ ന്യൂയോർക്കിലെ സെയിന്റ് ബർണബാസ്‌ ഹോസ്പിറ്റലിലെ ചാപ്ലിനും ഗായകനുമായ  റവ.ഡോ.ഫ്രാൻസിസ് നമ്പ്യാപറമ്പിലിന്റെ പ്രാർത്ഥനയും പ്രാർത്ഥന ഗാനത്തോടെയുമായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്.  തുടർന്ന് കേരള ടൈംസ് മാനേജിങ്ങ് ഡയറക്ടർ പോൾ കറുകപ്പള്ളിൽ ധനസമാഹാര ഡിന്നർ നെറ്റിൽ പങ്കെടുത്തവരെ  സ്വാഗതം ചെയ്തു. റോക്ക് ലാൻഡ് കൗണ്ടി ചീഫ് എക്സിക്യൂട്ടീവ് എഡ് ഡേ ചടങ്ങ് ഉദാഘാടനം ചെയ്തുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. 
 
തോമസ് നൈനാൻ എഡ് ഡേയെ പരിചയപ്പെടുത്തി. കേരള ടൈംസ് ഡെപ്യൂട്ടി എഡിറ്റർ ബിജു കൊട്ടാരക്കര ഡോ.ദേവി എലിസബത്ത് നമ്പ്യാപറമ്പിലിനെ ഔദ്യോഗികമായി സദസിനു പരിചയപ്പെടുത്തി. ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ന്യൂയോർക്ക് സ്റ്റേറ്റ് ഹ്യൂമൻ കമ്മിഷൻ മെമ്പറും ഇൻഡോ-അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി ചെയറുമായ തോമസ് കോശി, ന്യൂജേഴ്‌സിയിലെ വെസ്റ്റ്‌വുഡ് സിറ്റി മുൻ കൗൺസിലർ ജോർജ് ജെയിംസ്,ഹഡ്സൺവാലി മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജിജി ടോം, ഐ.ഒ.സി യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്, പി.ടി. തോമസ്, ന്യൂജേഴ്സിയിലെ കേരള കൾച്ചറൽ ഫോറം പ്രസിഡണ്ടും ഫൊക്കാന നാഷണൽ കമ്മിറ്റി അംഗവുമായ കോശി ഫിലിപ്പ്, ഡോ.ദേവിയുടെ കുടുംബത്തെ പ്രതിനിധീകരിച്ച് റവ.ഡോ.ഫ്രാൻസിസ് നമ്പ്യാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. 
 
കേരള ടൈംസ് ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിൽ അവതാരകനും മോഡറേറ്ററും ആയിരുന്നു. കേരള ടൈംസ് ചാനൽ സീനിയർ ആങ്കറും ഡോ.ദേവിയുടെ കുടുംബ സുഹൃത്തുമായ മിനി ടോണി ജോസഫ് നന്ദി പറഞ്ഞു. ഡോ. ദേവിയുടെ പിതാവ് ജോസഫ് നമ്പ്യാപറമ്പിലും അമ്മ മേരി ജെ. നമ്പ്യാപറമ്പി(സുശീല) ലും മറ്റു നിരവധി ബന്ധുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡോ ദേവിയുടെ പ്രസംഗത്തിനു ശേഷം ചടങ്ങിൽ സംബന്ധിച്ച അതിഥികളുമായി സംവാദവും നടത്തിയിരുന്നു.