മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ ദുബായ്ലും ഷാര്‍ജയിലും പാസ്പോര്‍ട്ട് പുതുക്കാന്‍ അവസരം

മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ ദുബായ്ലും ഷാര്‍ജയിലും    പാസ്പോര്‍ട്ട് പുതുക്കാന്‍ അവസരം

 

ദുബായ്;  മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ അടിയന്തരമായി പാസ്പോര്‍ട്ട് പുതുക്കാന്‍ സൗകര്യമൊരുക്കി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്.

മെയ് 22, 29 തീയതികളില്‍ കാലത്ത് 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ദുബായിലേയും, ഷാര്‍ജയിലേയും ബി എല്‍ എസ് സെന്ററുകള്‍ വഴിയാണ് ഈ സൗകര്യം ലഭിക്കുന്നത്. അത്യാവശ്യക്കാര്‍ നേരിട്ടെത്തി അപേക്ഷ പുതുക്കാവുന്നതാണ്.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി അപ്പോയ്ന്റ്മെന്റ് എടുത്ത് കാത്തിരിയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. അടിയന്തരമായി പാസ്പോര്‍ട്ട് പുതുക്കുന്നതിനും മറ്റും കാലതാമസം നേരിടുന്നതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പരിഹാരമായാണ് ഇളവ് നല്‍കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് പാസ്പോര്‍ട്ട് പുതുക്കി നല്‍കുന്നത്.

അടിയന്തരമായി പാസ്പോര്‍ട്ട് ലഭിക്കേണ്ട സാഹചര്യം ഉള്ളവര്‍, ചികിത്സ, മരണം എന്നിങ്ങനെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് നാട്ടില്‍ പോകേണ്ടവര്‍, ജൂണ്‍ 30ന് മുമ്ബ് പാസ്പോര്‍ട്ട് കാലാവധി കഴിയുന്നവര്‍, വിസ കാലാവധി കഴിയുകയോ വിസ മാറുകയോ ചെയ്യേണ്ടവര്‍, പഠന ആവശ്യങ്ങള്‍ക്കായി ഉടന്‍ എന്‍ ആര്‍ ഐ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍, ജോലി എമിഗ്രേഷന്‍ എന്നിവയ്ക്കായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍, പഠന ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നവര്‍ എന്നിങ്ങനെ ഉള്ളവര്‍ക്കാണ് ഈ രണ്ടു ദിവസങ്ങളിലുള്ള പ്രത്യേക സേവനം ലഭിക്കുന്നത്.

ബര്‍ദുബായിലെ അല്‍ ഖലീജ് സെന്‍റര്‍, ദുബായ് ദെയ്റ സിറ്റി സെന്‍റര്‍, ബര്‍ദുബായ് ബാങ്ക് സ്ട്രീറ്റിലെ എ ജി സൂറിച്ച്‌ ബാങ്ക് ബില്‍ഡിംഗ്, ഷാര്‍ജ എച്ച്‌ എസ് ബി സി ബാങ്കിലുള്ള ബി എല്‍ എസ് സെന്റര്‍ എന്നീ സെന്ററുകളിലാണ് ഈ സൗകര്യം ഉള്ളത്. ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളുമായി അപേക്ഷകര്‍ എത്തണം . ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ സംശയങ്ങള്‍ക്ക് 80046342 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.