ദുരന്തങ്ങളില്‍ വേദനിച്ച്‌: കവിത, മണിയ

ദുരന്തങ്ങളില്‍ വേദനിച്ച്‌: കവിത, മണിയ

 

ഈ മഴ പെരുമഴ
ഇതെവിടെ നിന്നും
തുള്ളിക്കൊരു കുടം കണക്കെ
തുള്ളിത്തുള്ളിക്കുടഞ്ഞിടുന്നു
സ്‌കൂള്‍ തുറക്കുമെന്നറിഞ്ഞതൊ
സൂത്രധാരന്‍ തടഞ്ഞതൊ
മേഘ പാളി തന്‍ വിള്ളലൊ
മേഘങ്ങള്‍ പൊട്ടിവീണതൊ
ഉരുള്‍ പൊട്ടലായ്‌ നാടെങ്ങും
ഉരുണ്ടുരുണ്ടു പാറക്കൂട്ടങ്ങള്‍
വീടിന്‍മേല്‍ പതിച്ചും ഭിത്തിയിലിടിച്ചും
വീടുകള്‍ തറയിളക്കിയൊഴുക്കി
മലയിടിച്ചിലില്‍ കടപുഴക്കി
മല വെള്ളപ്പാച്ചിലില്‍ വൃക്ഷങ്ങളും
ജഢങ്ങള്‍ ,ജീവജാലങ്ങള്‍
ജനതതി ഭയന്നു വിറച്ചിടുന്നു
എത്താനാവാതെ സന്നദ്ധ സേനകള്‍
എങ്ങും പാതകള്‍, ദുര്‍ഘടം , ദുര്‍ബലം
നാട്ടിലെ യുവാക്കളിറങ്ങിയൊറ്റക്കെട്ടായ്‌
നാലു ചുറ്റിലും രക്ഷാ കവചവുമായ്‌
ജീവന്‍ വെടിഞ്ഞും ജീവനെ നേടിടാന്‍
ജീവനോപാധികള്‍ നല്‍കി മുന്നമെ!
പണമെറിഞ്ഞു ഭരണാധികാരികള്‍
പണമെത്രയാകിലും നഷ്ടമായതു ലഭ്യമൊ?
മനുഷ്യന്റെ ജീവനു വിലയായ്‌ ലക്ഷങ്ങള്‍
മനുഷ്യനു മനുഷ്യന്‍ തന്നെ പകരമാവണം

പഠിക്കുമൊ,ഇനിയെങ്കിലും

സ്‌നേഹിച്ചിടാന്‍ പ്രകൃതിയെ,

പരിസ്ഥിതി സംരക്ഷിച്ചിടാനും.

 

മണിയ