കേരളത്തിൽ സ്ത്രീധന പീഡന മരണങ്ങൾ  ആവർത്തിക്കപ്പെടുമ്പോൾ

കേരളത്തിൽ  സ്ത്രീധന പീഡന  മരണങ്ങൾ  ആവർത്തിക്കപ്പെടുമ്പോൾ

 

സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും നിയമവിരുദ്ധമാണെന്ന് എല്ലാവർക്കും  ബോധ്യമുള്ള കാര്യമാണ്. പക്ഷേ വിവാഹവേളയിൽ പെൺകുട്ടികൾക്ക്  സ്ത്രീധനമായി പണവും സ്വത്തുക്കളുമൊക്കെ  കൊടുക്കുന്ന പതിവ്  കേരളത്തിൽ നിർബാധം തുടരുന്നു എന്നത്  അംഗീകരിക്കപ്പെട്ട സത്യവും  . സ്ത്രീ ശാക്തീകരണത്തെ കുറിച്ച്  ഘോരഘോരം പ്രസംഗിക്കപ്പെടുന്ന ഇക്കാലത്തും സ്ത്രീധന പീഡനങ്ങൾക്ക്  ഇരയായി എത്രയോ പെൺകുട്ടികളാണ്  മരണത്തിലേക്ക് തള്ളിയിടപ്പെടുന്നത് . പറയുന്ന സ്ത്രീധനം കിട്ടാത്തപക്ഷം പെൺകുട്ടികളുടെ ജീവിതം തന്നെ അപകടത്തിലാകുന്ന സാഹചര്യമാണുള്ളത് . സ്ത്രീധനത്തിന്റെ പേരിൽ  വിഷപ്പാമ്പിനെ വാടകയ്ക്കെടുത്ത് ഭാര്യയെ നിഷ്കരുണം  കടിപ്പിച്ചുകൊന്ന  ഭർത്താവിന്റേയും നാടാണിത് എന്നത് നമ്മുടെ പ്രിയനാടിന്റെ അധഃപതനം എത്രമാത്രമെന്ന്  വ്യക്തമാക്കുന്നു.   

കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം എന്നൊക്കെയാണ് പറയാറുള്ളതെങ്കിലും പെൺകുട്ടികൾക്ക് ഭർതൃവീട്ടിൽ ജീവൻ നഷ്ടമായ  പല സംഭവങ്ങളിലും ഭർത്താക്കന്മാരും  അവരുടെ മാതാപിതാക്കളും കുറ്റക്കാരാണെന്ന് തെളിയുന്ന സാഹചര്യമാണുള്ളത്. അവിടെ പലപ്പോഴും അസ്വാരസ്യങ്ങൾ തുടര്ക ഥയായിരുന്നു .വനിതകളുടെ ഹൃദയങ്ങളെ  മുറിവേൽപ്പിച്ചു കൊണ്ട് സ്ത്രീധന പീഡനങ്ങളും മർദനവും കൊലപാതകങ്ങളും  ആത്മഹത്യയിലേക്ക് തള്ളിയിടലും തുടരുകയാണ് ദൈവത്തിന്റെ സ്വന്തം നാടായ  കേരളത്തിൽ.  


കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിലുണ്ടായ ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ബി.എ.എം.എസ്. അവസാനവർഷ വിദ്യാർഥിനി   വിസ്മയ മരണത്തിലേക്ക് തള്ളിയിടപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ് . ഭർത്താവ് അസിസ്റ്റന്‌റ് മോട്ടോര്‍ വീഹ്ക്കിള്‍ ഇന്‍സ്പെക്ടറായ എസ് കിരൺകുമാർ സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. വിസ്മയക്ക്  വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്നു ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.  

അഞ്ചാണ്ടിനിടെ  നമ്മുടെ കുടുംബങ്ങളില്‍ നിന്ന്  66 പെണ്‍കുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിനെയോ ഇല്ലാത്തതിനെയോ ചൊല്ലിയുള്ള പീഡനങ്ങളുടെ പേരിൽ മരണത്തിന് കീഴടങ്ങിയത്.  പൊലീസ് കുറ്റപത്രം നല്‍കിയ കേസുകളുടെ എണ്ണം മാത്രമാണിത്. യഥാര്‍ത്ഥ കണക്ക് ഇതിലുമേറെയാണ് 
 2016ൽ  25 പേരും  2017-ല്‍ 12 പേരും  18ല്‍ 17 പേരും  2019ലും ഇരുപതിലും ആറു പേര്‍  വീതവും സ്ത്രീധനത്തിന്റെ പേരില്‍ മരണപ്പെട്ടതായാണ് കണക്കുകൾ . ഈ വര്‍ഷത്തെ കേസുകളൊന്നും കണക്കിലില്ല. ഇക്കൊല്ലം ഏപ്രില്‍ വരെയുള്ള കാലത്ത് ഭർത്താവും വീട്ടുകാരും പ്രതികളായ  1080 കേസുകളാണുള്ളത്. അഞ്ചു വര്‍ഷത്തിനുള്ളിലാകട്ടെ ഇത്തരത്തിലുള്ള 15,143 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ജൂൺ 22 ന് വിസ്മയയുടെ മരണത്തിന്റെ ഞെട്ടലിലുണർന്ന കേരളത്തിന് രണ്ടു പെൺകുട്ടികളുടെ ദുരൂഹ മരണങ്ങൾ കൂടി അതെ ദിവസം  കാണേണ്ടിവന്നു . വിഴിഞ്ഞത്ത് ഒരു അർച്ചനയും  ആലപ്പുഴയിൽ ഒരു സുചിത്രയും . ഈ  മരണങ്ങളിലും സ്ത്രീധന പീഡനങ്ങൾ ആരോപിക്കപ്പെടുന്നുണ്ട് . 

2020 മെയ് ആറിന് രാത്രികൊല്ലപ്പെട്ട ഉത്രയെന്ന പെൺകുട്ടിയെ ഭർത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട്   കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന കേസും റിപ്പോർട്ട് ചെയ്തിട്ട് അധികമായിട്ടില്ല . സൂരജിനൊപ്പം മാതാപിതാക്കളെയും സഹോദരി സൂര്യയെയും ഈ കേസിൽ പ്രതി ചേര്‍ത്തിട്ടുണ്ട്. മനോദൗര്‍ബല്യമുള്ള പെൺകുട്ടിയായ  ഉത്തരയെ സൂരജ്  വിവാഹം കഴിച്ചത് തന്നെ സ്വത്ത് ലക്ഷ്യമിട്ടായിരുന്നത്രെ . 100 പവന്‍ സ്വര്‍ണവും മൂന്നര ഏക്കര്‍ വസ്തുവും കാറും പത്ത് ലക്ഷം രൂപയും സ്ത്രീധനമായി  നല്‍കിയിരുന്നു. 


അടുത്തിടെ രാജൻ  പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയും ആത്മഹത്യ ചെയ്തത് സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിന്റെ പേരിലാണ്. ഭര്‍തൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നാണ്  ബന്ധുക്കളുടെ പരാതി. 

സ്ത്രീധന നിരോധന നിയമവും ഗാര്‍ഹിക പീഡന നിരോധന നിയമവും നിലനില്‍ക്കുമ്പോഴും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കാര്യമായ കുറവുണ്ടാവുന്നില്ല എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്.  

  വിദ്യാഭ്യാസവും മികച്ച സാമ്പത്തിക സ്ഥിതിയുമുള്ള കുടുംബങ്ങളിലെ   പെൺകുട്ടികളാണ് അടുത്തിടെയുണ്ടായ  കേസുകളിലൊക്കെയും സ്ത്രീധനത്തിന്റെപേരിൽ  മരണത്തിനിരയായിരിക്കുന്നത് . ഭർതൃ ഗൃഹത്തിലെ  പ്രശ്‌നങ്ങൾ  പെൺകുട്ടികൾ  പങ്കിടുമ്പോൾ ആത്മ വിശ്വാസം നൽകി ഒപ്പം നിൽക്കാനും ആവശ്യമെങ്കിൽ അവർക്ക് താങ്ങാകാനും മാതാപിതാക്കളും വീട്ടുകാരും ഉണ്ടാവണം  പെൺകുട്ടികൾക്കൊപ്പം എന്നത് സാക്ഷരകേരളം സൗകര്യപൂർവം മറക്കുന്നു . എങ്ങനെയും വിവാഹം ചെയ്തുവിട്ടാൽ കടമ തീർന്നു എന്നാണ് പലരും ചിന്തിക്കുന്നത് .  പെണ്‍കുട്ടികളെ ആത്മവിശ്വാസമുള്ളവരായി വളർത്തുന്നതിനൊപ്പം പ്രതിസന്ധിഘട്ടത്തിൽ തളർന്നുപോകാതിരിക്കാനുള്ള മനോധൈര്യം പകർന്നു കൊടുക്കേണ്ട ഉത്തരവാദിത്വവും മാതാപിതാക്കൾ മറന്നുകൂടാ. 

സ്ത്രീധനം കുറഞ്ഞുപോയെന്നും നൽകാമെന്ന് പറഞ്ഞ സ്ത്രീധനം കിട്ടിയില്ലെന്നുമൊക്കെ പറഞ്ഞു പൊള്ളലേറ്റും മര്ദനമേറ്റും കൊല്ലപ്പെട്ട പെൺകുട്ടികൾ ഏറെയുണ്ട് . പീഡനം സഹിച്ച് പിടിച്ച് നിൽക്കാൻ കഴിയാതെ സ്വന്തം വീട്ടിലേക്ക് വരുന്ന പെൺകുട്ടികളെ ഭർത്താവിന്റെ കാരാഗൃഹത്തിലേക്ക് വീണ്ടും തള്ളിവിടുന്നതിന് മുൻപ് മാതാപിതാക്കളും രണ്ട് വട്ടം ചിന്തിക്കണമെന്നതിലേക്കും ഈ സംഭവം വിരൽചൂണ്ടുന്നു.

സ്ത്രീയാണ് ധനം എന്ന ചിന്താഗതിയിലേക്ക് കേരളസമൂഹം  വളരേണ്ടിയിരിക്കുന്നു , പണമാണ് എല്ലാം എന്ന ചിന്ത നയിക്കുമ്പോഴാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് .സ്ത്രീയുടെ വ്യക്തിത്വവും അന്തസും മഹനീയമാണെന്ന് വിശ്വസിക്കാൻ സമൂഹം തയ്യാറാകണം, ആ കാഴ്ചപ്പാടിലേക്ക് നാം  വളർന്നേപറ്റൂ, ഇല്ലെങ്കിൽ വിസ്മയമാരുടെയും  ഉത്രമാരുടെയുമൊക്കെ നിഷ്കളങ്ക മുഖങ്ങളും നിലവിളികളും നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും .