കോവിഡ് രോഗനിരക്ക് കുറയാതെ കേരളം

കോവിഡ്  രോഗനിരക്ക് കുറയാതെ  കേരളം

 

ണ്ടാം കോവിഡ് തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യം കേരളത്തെ വലിയ  പ്രതിസന്ധിയിലാണ് അകപ്പെടുത്തിയിരിക്കുന്നത് . ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) കേരളത്തിലായതിനാൽ, നിലവിലെ നമ്മുടെ കോവിഡ് നിയന്ത്രണ നടപടികൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. 

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 14)  15,637 പേര്‍ക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത് .കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്.

കൊവിഡിന്റെ രണ്ടാം വരവില്‍, മെയ് മാസത്തില്‍ 29.75 ശതമാനം വരെ രേഖപ്പെടുത്തിയ പ്രതിദിന രോഗബാധയുടെ നിരക്ക്  ജൂണ്‍ 20ന് 9.63 വരെ താഴ്ന്നതാണ്. മദ്യഷാപ്പുകള്‍ തുറക്കുന്നത് ഉള്‍പ്പെടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനു പിന്നാലെയാണ് വീണ്ടും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു തുടങ്ങിയത്.

കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധവാക്സിൻ നൽകുന്നത് വേഗത്തിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീവ്രശ്രമം നടത്തുകയാണ്. പോരായ്മകളേറെയുണ്ടെങ്കിലും വാക്സിൻ വിതരണം ഊർജിതമായി നടക്കുന്നത് സ്വാഗതാർഹം തന്നെ .മൂന്നാം കോവിഡ് വ്യാപന ഭീഷണിയും വാക്സീൻ ക്ഷാമവുമൊക്കെ ആശങ്കകളായി തുടരുന്നു . കേരളത്തിൽ നിലവിൽ ആദ്യ ഡോസ് വാക്‌സിൻ എടുത്ത ലക്ഷക്കണക്കിന് പേർക്ക് നിർദിഷ്ട തീയതി കഴിഞ്ഞിട്ടും രണ്ടാം ഡോസ് ഇതുവരെയും ലഭ്യമാകാത്ത സാഹചര്യമാണുള്ളത് . കുട്ടികൾക്കും യുവാക്കൾക്കും വാക്‌സിൻ വിതരണം കാര്യമായി തുടങ്ങിയിട്ട് പോലുമില്ല . 

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനമാണിപ്പോള്‍ കേരളം. മറ്റ്  സംസ്ഥാനങ്ങളിലെല്ലാം പതിനായിരത്തിന് താഴെയാണ് പ്രതിദിന രോഗനിരക്ക്. രോഗവ്യാപനത്തിനെതിരെ ഏർപ്പെടുത്തിയിരിക്കുന്ന പല നിയന്ത്രണങ്ങളും ഉദ്ദേശിച്ച ഫലം നല്കുന്നില്ലെന്നാണ് വിമർശനം.

ലോക് ഡൗൺ നിയന്ത്രണങ്ങളും  അടച്ചുപൂട്ടലും സൃഷ്ടിച്ച  പ്രതിസന്ധിയിൽ തളർന്നിരിക്കുകയാണ് സാമ്പത്തിക മേഖല.  മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് കൂടുതൽ മേഖലകൾ   തുറന്നുകൊടുക്കണമെന്ന മുറവിളികൾ ഉയരുകയാണ് . ശനിയും ഞായറും പൂർണമായി അടച്ചിടുന്നത് മറ്റ്  ദിവസങ്ങളിൽ തിരക്ക് വർധിക്കാൻ ഇടയാക്കുന്നുവെന്നും കോവിഡ് വ്യാപനം ഉയർത്തുന്നുവെന്നും അതുകൊണ്ട്  നിയന്ത്രണങ്ങളോടെ വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും തുറക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടിരിക്കുന്നു. രണ്ടു ദിവസം അടച്ചിടുന്നത് തിരക്ക് കൂട്ടാനേ ഉപകരിക്കൂ എന്ന്  ആരോഗ്യവിദഗ്ധർ പറയുന്നു. 

 നിലവിലെ നിയന്ത്രണങ്ങൾ  സംസ്ഥാനത്തെ വ്യാപാര, വ്യാവസായിക, തൊഴില്‍ മേഖലകളില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രത്യാഘാതം അതീവ ഗുരുതരമാണ്. തൊഴിലില്ലായ്മ വളരെ രൂക്ഷമായ സാഹചര്യമാണുള്ളത് . പുറത്തു പോയി തൊഴിലെടുക്കാനുള്ള സാഹചര്യവുമില്ല. 
ജീവിതം വഴിമുട്ടിയെന്ന് പറഞ്ഞ് വ്യാപാര വ്യവസായി സമിതി കടകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമരവഴികളിലാണ് . ജീവിതം പ്രതിസന്ധിയിലായ തങ്ങൾക്ക് പിടിച്ചുനിൽക്കണമെങ്കിൽ ദിവസവും കടകൾ തുറക്കാൻ അനുമതിവേണമെന്ന് വാപാരികൾ ആവശ്യപ്പെടുന്നു. 

സിനിമാ മേഖലയും കടുത്ത പ്രതിസന്ധി നേരിടുന്നു . സിനിമക്ക് സർക്കാരിന്റെ സമ്പൂർണ പാക്കെജും ക്ഷേമ പാക്കെജും ടാക്സ് ഇളവുകളുമൊക്കെ  ഉണ്ടാകണമെന്നും വളരെ ദയനീയമാണ് കാര്യങ്ങളെന്നും കിറ്റ് കൊണ്ട് മാത്രം പിടിച്ചുനിൽക്കാനാകില്ലെന്നും സിനിമക്കാർ പറയുന്നു.  മലയാള സിനിമകളുടെ ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക്  കൂട്ടത്തോടെ മാറ്റാൻ ചലച്ചിത്ര മേഖല നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. ഇത് സിനിമയിലെ സാധാരണ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത് .

സാധാരണ ജനങ്ങൾ നേരിടുന്ന പ്രതിസന്ധി ഏറെ കടുത്തതാണ് , പലരും പിടിച്ചു നില്ക്കാൻ പാടുപെടുന്നു. പലിശ രഹിത വായ്പകൾ അനുവദിക്കുന്നതിലൂടെയേ സാധാരണ ജനത്തിന് പിടിച്ചു നിൽക്കാനാകൂ . കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകൾ പ്രത്യേക പാക്കേജുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച്  സാധാരണ ജനത്തിനൊപ്പം നിന്നില്ലെങ്കിൽ സാഹചര്യങ്ങൾ ഗുരുതരമാകും. 

 കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ ഇതര സംസ്ഥാനങ്ങള്‍ പോലും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നു. നെഗറ്റീവ് ആര്‍ ടി പി സി ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവര്‍ക്ക് കര്‍ണാടകയടക്കം സംസ്ഥാനങ്ങൾ  പ്രവേശനം നിരോധിക്കുന്ന സാഹചര്യമാണുള്ളത് . 


കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ രോഗബാധ കര്‍ശനമായി നിയന്ത്രിക്കാന്‍ സംസ്ഥാനത്തിനു സാധിച്ചിരുന്നു. നിയന്ത്രണങ്ങള്‍  നീണ്ടുപോകുകയും ജന  ജീവിതം വഴിമുട്ടുകയും ചെയ്തതോടെ പ്രോട്ടോകോള്‍ ലംഘിച്ച്  സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും പൊതുപരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു പലരും .  

ആദ്യകാലത്തെ തീവ്രമായ ലോക്ക്ഡൗണ്‍ 130 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യ പോലുള്ള രാജ്യത്ത് രോഗം  വ്യാപിക്കുന്നത് തടയുന്നതില്‍   സഹായിച്ചു .

ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ ഈ കാലം. അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. രാജ്യങ്ങളൊക്കെ  നിയന്ത്രണങ്ങളിലാണ് .

വരാനിരിക്കുന്ന തരംഗത്തെ പ്രതിരോധിക്കാൻ വാക്‌സിൻ വിതരണം കൂടുതൽ ഊര്ജിതമാക്കേണ്ടിയിരിക്കുന്നു. സാമൂഹിക അകലം പാലിക്കാനും സ്വയം നിയന്ത്രിക്കാനും ജനം തയ്യാറാകേണ്ടിയിരിക്കുന്നു.