ആശങ്കയൊഴിയാതെ കോവിഡ് കണക്കുകൾ

ആശങ്കയൊഴിയാതെ കോവിഡ് കണക്കുകൾ


  രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകൾ  റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണിന്ന് കേരളം .കടുത്ത ആശങ്ക ഉയർത്തി  31,445 പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് .  മറ്റ് സംസ്ഥാനങ്ങളൊക്കെ ഭേദപ്പെട്ട അവസ്ഥയിലെത്തിയിട്ടും   സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ജൂലൈ പകുതിയിൽ ദിവസം  പതിനായിരത്തിനടുത്തായിരുന്നു പുതിയ കോവിഡ് രോഗികളുടെ എണ്ണമെങ്കിൽ  ഇന്നത്   മുപ്പതിനായിരത്തിന് മുകളിലെത്തി. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ)  19  ന് മുകളിലാണ് . സംസ്ഥാനത്തെ ആകെ മരണം ഇരുപതിനായിരത്തോടടുക്കുന്നു .


കോവിഡ് സംസ്ഥാനത്ത്  നിയന്ത്രണവിധേയമായിട്ടില്ല എന്നുതന്നെയാണ് പകുതിയിലേറെ പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചശേഷവും രോഗികളുടെ എണ്ണം കുറയാത്തത് വ്യക്തമാക്കുന്നത്. പലതരത്തിലുമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടും രോഗികളുടെ എണ്ണമോ സ്ഥിരീകരണ നിരക്കോ  കുറയ്ക്കാനാകുന്നില്ല.


സെപ്തംബറോടെ 45 വയസിനു മുകളിലുള്ള മുഴുവൻ പേർക്കും കുത്തിവയ്പു പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. 18നും 45നുമിടയ്ക്കു പ്രായമുള്ളവർക്ക് ഡിസംബറോടെയും. ഇതു സാദ്ധ്യമാകണമെങ്കിൽ വാക്സിനേഷന്റെ പ്രതിദിന എണ്ണം വർദ്ധിപ്പിക്കേണ്ടതുണ്ട്. വാക്സിനേഷൻ വര്ധിപ്പിക്കുന്നതുകൊണ്ടു മാത്രമേ രോഗം ഒരുപരിധിവരെയെങ്കിലും  പിടിച്ചുനിർത്താനാകൂ .


 165 മില്യണിലേറെ  ജനങ്ങളും രണ്ട് ഡോസ്  വാക്സിൻ  സ്വീകരിച്ചു കഴിഞ്ഞ അമേരിക്ക പോലും സാധാരണ ജീവിതത്തിലേക്ക്  തിരിച്ച് വന്നുവെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യം വന്നതോടെ വീണ്ടും കാര്യങ്ങൾ സങ്കീര്ണമായിരിക്കുന്നു . കോവിഡ് ബാധിതരുടെ എണ്ണത്തിലും  വർധനയുണ്ട്.
 
കൊറോണ വൈറസിന്റെ വരവോടെ ജീവിതമാകെ മാറിയിരിക്കുന്നു . ആളുകൾ തങ്ങളുടെ  ജീവൻ  രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് . വീടുകൾ  ഓഫീസായിരിക്കുന്നു  .ഇന്റര്‍നെറ്റാണ്  മീറ്റിങ്ങ് വേദികൾ . 


കുടുംബ ബന്ധങ്ങളിലെ ഊഷ്മളത നഷ്ടപ്പെടുന്ന ഈ കാലത്ത്  കോവിഡ് കാലം ഒന്നിച്ചുള്ള കുടുംബ നിമിഷങ്ങളെ തിരികെ നൽകാൻ പ്രയോജനപ്പെട്ടുവെന്നത് നേര്   . സ്വത്ത് സമ്പാദനം  മാത്രമല്ല ജീവിതമെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു . സമൂഹത്തോടും പ്രകൃതിയോടും ഇണങ്ങി ജീവിക്കണമെന്ന് കോവിഡ് നമ്മെ ഓർമിപ്പിച്ചു .   ഭക്ഷണ വിതരണ ശൃംഖലകളും ഹോട്ടലുകളും   ഉണ്ടാക്കിയെടുത്ത രീതികൾക്ക് മാറ്റം വന്നിരിക്കുന്നു .   ഒരു നേരമെങ്കിലും ഹോട്ടൽ ഭക്ഷണം നേരിട്ടു ചെന്നോ ഓർഡർ ചെയ്തോ  കഴിക്കുന്ന ശീലത്തിന്  ലോക്ക് ഡൗൺ കാലം മാറ്റം വരുത്തി. വീട്ടിൽ  നിന്ന് ഭക്ഷണം കഴിക്കുന്ന ശീലത്തിലേക്ക് ആളുകൾ തിരിച്ചെത്തിയിട്ടുണ്ട് . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും  പാലിക്കേണ്ടതിൻെറ ആവശ്യകതയും ജനം തിരിച്ചറിഞ്ഞു. വിവാഹങ്ങളും മറ്റും  ലളിതമായി നടത്തുന്നത് എങ്ങനെ  എന്ന് ആളുകൾ പഠിച്ചു.   


ഇത്തരം മാറ്റങ്ങൾക്കിടയിലും സംസ്ഥാനത്ത്  രണ്ടാംഘട്ട ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം മാത്രം  സാമ്പത്തികബുദ്ധിമുട്ടുകളെ  തുടർന്ന്  പതിനെട്ടിലേറെ പേർ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്‌.  
തൊഴിൽ നഷ്ടവും ബിസിനസ് നഷ്ടവും ലോണുകളും മറ്റു കടബാധ്യതകളും മൂലം  വന്ന സാമ്പത്തിക ബാധ്യതയെ അതിജീവിക്കാനാവാതെ ഇപ്പോഴും കഷ്ടതകള്‍ അനുഭവിക്കുകയാണ് ആളുകൾ.

ആഗോള സമ്പദ് വ്യവസ്ഥയിലാകെ കോവിഡ് സൃഷ്ടിച്ച തൊഴില്‍ നഷ്ടങ്ങളും സാമ്പത്തിക മാന്ദ്യവും ദൃശ്യമാണ് . തൊഴിൽ നഷ്ടങ്ങളും വേതനം വെട്ടിക്കുറയ്ക്കലുകളുമെല്ലാം കണക്കിലെടുത്താല്‍ കോവിഡ് ആഗോള തൊഴില്‍ വിപണിയിലുണ്ടാക്കിയ പ്രത്യാഘാതം   വലുതാണ്.  അമേരിക്കയിലും  യൂറോപ്പിലുമടക്കം  വന്‍ തൊഴില്‍ നഷ്ടത്തെ തുടർന്ന് ആളുകളുടെ ഉപജീവനം തടസപ്പെട്ടു 
  വൈറസ്  വ്യാപനം തടയാൻ   ജനങ്ങളെ വീട്ടിനുള്ളിൽ കഴിയാൻ നിർബന്ധിതരാക്കിയും വാണിജ്യപരവും വ്യവസായികവുമായ പ്രവർത്തനങ്ങൾ ഉൾപ്പെടെ   സാമ്പത്തിക പ്രവർത്തനങ്ങൾ  നിർത്തിവെച്ചും  ലോക്ക്ഡൗൺ നടപ്പാക്കിയത് ആഗോളതലത്തിൽ തന്നെ പ്രതിസന്ധിയുണ്ടാക്കി.  


കോവിഡ് മഹാമാരി ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടതിന്റെ ഫലമായി സമ്പദ്‌വ്യവസ്ഥ ചുരുങ്ങുകയും സാമ്പത്തിക വളർച്ച നിലയ്ക്കുകയും ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് യു എസിൽ തൊഴിലില്ലായ്മാ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചത്. തൊഴിൽ സ്ഥിരതയും സാമ്പത്തിക സ്ഥിരതയും നിലനിർത്തണമെങ്കിൽ ചെറുകിട, ഇടത്തരം കച്ചവടങ്ങൾക്കും  വാണിജ്യ സംരംഭങ്ങൾക്കും സർക്കാർ പിന്തുണ നൽകണം. ഇന്ത്യയടക്കം ലോകത്തെ മിക്കവാറും രാജ്യങ്ങളെല്ലാം ഇത്തരത്തിലുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 
 
കോവിഡ് കാലത്തെ അതിജീവിച്ച് ലോകവും ഇന്ത്യയും നമ്മുടെ കൊച്ച്  കേരളവും എത്രയും വേഗം തിരിച്ചുവരുമെന്ന്  പ്രതീക്ഷിക്കാം.  ജനജീവിതം സാധാരണമാകുന്ന ദിനങ്ങൾ എത്രയും വേഗം തിരിച്ചുവരട്ടെ