വിവാദങ്ങളിൽ മുറിയരുത് സൗഹാർദത്തിന്റെ കണ്ണികൾ 

വിവാദങ്ങളിൽ മുറിയരുത് സൗഹാർദത്തിന്റെ കണ്ണികൾ 

 

 പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ  കുറവിലങ്ങാട് പ്രസംഗത്തെ ചൊല്ലിയുള്ള  വിവാദങ്ങൾ അവസാനിക്കുന്നില്ല  . ലഹരിയിലേക്കും അധോലോക ബാന്ധവങ്ങളിലേക്കുമുള്ള കൂട്ടുകെട്ടിനെതിരെ സ്വന്തം യുവതയെ അദ്ദേഹം ഉദ്ബോധിപ്പിച്ചതിൽ തെറ്റൊന്നുമില്ല .അദ്ദേഹം ഉന്നയിച്ച നാർക്കോട്ടിക്  'ജിഹാദ്' എന്ന പ്രയോഗത്തിന്റെ മറ പിടിച്ച് വിവാദം ആശാസ്യകരമല്ലാത്ത തലങ്ങളിലേക്ക് വളർത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംയമനത്തോടെയും  പക്വതയോടെയും ഈ വിവാദം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്  . മറ്റേതെങ്കിലും മതത്തോടുള്ള എതിർപ്പ് കൊണ്ടല്ല സ്വന്തം മക്കൾ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത വേണമെന്ന് ഉദ്ബോധിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ബിഷപ്പ്  വിശദീകരിച്ചിരുന്നു . 
മതങ്ങൾ തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് സമൂഹത്തിന്റെ നിലനിൽപിന് ആവശ്യമാണ്. സ്പര്ധയും വിദ്വേഷവും സമൂഹത്തിൽ വിഷം വമിപ്പിക്കും. അതുകൊണ്ടുതന്നെ മുന്കാലങ്ങളിലെന്നതുപോലെ  സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും നൂലിൽ വേണം നമ്മുടെ സാമൂഹ്യാന്തരീക്ഷം കൊരുത്തെടുക്കാൻ. ബിഷപ്പ് പറഞ്ഞതിലെ നല്ല വശങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ജാഗ്രതയോടെ മുന്നേറാൻ  കഴിയണം. 
സമൂഹം നേരിടുന്ന വൻ  വിപത്ത് തന്നെയാണ് മയക്കുമരുന്ന് ഉപയോഗം. അത് എതിർക്കപ്പെടേണ്ടത് തന്നെയാണ് . കേരളം  ലഹരി ഉൽപ്പന്നങ്ങളുടെ പ്രധാന വിപണനകേന്ദ്രമായി  മാറിയിട്ട് കാലങ്ങളായി. ഗോവ, മംഗലാപുരം , ചെന്നൈ വഴിയൊക്കെ കേരളത്തിലേക്ക് ലഹരിയെത്തുന്നുവെന്നത് യാഥാർഥ്യം തന്നെയാണ്  . മയക്കുമരുന്നിന്റെ അപകടകരമായ വഴിയിലാണിന്ന് കേരളത്തിലെ യുവത്വം എന്നത് ആശങ്കയേറ്റുന്ന സാഹചര്യത്തിൽ ബിഷപ്പിന്റെ വാക്കുകൾ പ്രസക്തം തന്നെയാണ് .  സ്ത്രീകൾ പോലും ലഹരിക്ക്‌ അടിമകളാകുന്ന ഗൗരവകരമായ  സാഹചര്യം ഇവിടെയുണ്ട്  .സംസ്ഥാനത്ത് മയക്ക് മരുന്ന് ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വർധിച്ചു വരുന്നതായി കണക്കുകൾ പറയുന്നുണ്ട്  .ശതകോടികൾ മറിയുന്നുണ്ട്  ഇവിടെ മയക്കുമരുന്നു വിപണിയിൽ. അന്തർദേശീയ അധോലോകത്തിൽ തുടങ്ങുന്ന മയക്കുമരുന്ന് കണ്ണികളിൽ   സ്‌കൂൾ കുട്ടികൾ വരെ പങ്കാളികളാണെന്നത് സത്യം തന്നെയാണ്  .  യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കാന്‍ ആസൂത്രിതവും സംഘടിതവുമായി  ശ്രമങ്ങള്‍ നടക്കുന്നു എന്നത് വാസ്തവമാണ് . കൗമാരപ്രായക്കാരെ ആകര്‍ഷിക്കുന്നതിനു വേണ്ടി നാര്‍കോട്ടിക് വ്യാപാരികള്‍ ആകർഷണീയമായി  തന്നെ വലവിരിക്കുന്നുണ്ട്. 
സർക്കാർ സംവിധാനങ്ങൾ നടത്തുന്ന ലഹരിവേട്ടയിലും ഇക്കാര്യങ്ങൾ ബോധ്യപ്പെടുന്നതാണ്. ലഹരി മാഫിയയുടെ പിടിയിൽ പെടാതിരിക്കാൻ സമൂഹത്തിൽ   ബോധവൽക്കരണ ശ്രമങ്ങൾ 
ആവശ്യമാണ്. 
ഇതിനിടെ ഔപചാരികമായി പലയിടത്തും നിഷേധിക്കപ്പെടുന്നുണ്ടെങ്കിലും  ബിഷപ് ഉന്നയിച്ചതുപോലെ ലവ്ജിഹാദ് ഉണ്ടെന്ന ആക്ഷേപങ്ങളും കുറേനാളായി  ശക്തമാണ്. ലവ് ജിഹാദിനെകുറിച്ച ആക്ഷേപങ്ങൾ  നിലനിൽക്കെ തന്നെ നാര്‍കോട്ടിക് ജിഹാദ് എന്ന  പരാമർശമുണ്ടായത്  വിവാദങ്ങൾക്ക് ആക്കം കൂട്ടുകയായിരുന്നു. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട് ഐ.എസായി അഫ്ഗാനിസ്ഥാനിലെത്തിയ നിമിഷ, സോണിയ സെബാസ്റ്റ്യൻ തുടങ്ങി നാല് പെൺകുട്ടികളുടെ  ഭാവി ചോദ്യചിഹ്നമായി  നമുക്ക് മുന്നിലുള്ളപ്പോൾ ജാഗ്രതക്കുള്ള ആഹ്വാനങ്ങളിൽ അസ്വസ്ഥതക്ക് അടിസ്ഥാനമില്ല.  കേരളം ഭീകരരുടെ റിക്രൂട്ടിംഗ് കേന്ദ്രമായിരിക്കുന്നുവെന്ന് പറഞ്ഞത് ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയാണ്.  ഇക്കാര്യത്തിലൊക്കെ കുറ്റക്കാരായവരെ കണ്ടെത്തി തെളിവുകൾ കണ്ടെത്തേണ്ടത് പോലീസും ബന്ധപ്പെട്ട അധികാരികളുമാണ് .ഒരു സമൂഹത്തിന് ഇത്തരം ആശങ്കകൾഉണ്ടെങ്കിൽ അത് അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്കുണ്ട് . എങ്കിൽ മാത്രമേ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ആശങ്കയുടെ, അസ്വസ്ഥതയുടെ കാർമേഘങ്ങൾ അകന്നുപോകൂ .    
സത്യസന്ധമായ പ്രണയം തെറ്റല്ല. പ്രണയത്തെ ഭീകരതയ്ക്കും  മറ്റുമുള്ള ചവിട്ടുപടിയായി ദുരുപയോഗം ചെയ്യുമ്പോഴാണ് അത് എതിർക്കപ്പെടേണ്ടത് . നിഷ്കളങ്കമായ പ്രണയം വഴിമാറുമ്പോൾ അതിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കേണ്ടത് ആവശ്യം തന്നെയാണ്. സ്നേഹബന്ധങ്ങളിലും പ്രണയങ്ങളിലും പോലും ജാഗ്രത ആവശ്യം തന്നെയെന്ന് സമീപകാല സംഭവങ്ങൾ നമുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട് .  

 അപകടകരമായി ചുറ്റിനും കാണുന്നതിനെ കടന്നെതിർത്തു പറഞ്ഞ  ശൈലിയാണ്  ഇവിടെ വിവാദങ്ങൾക്ക് മൂർച്ച കൂട്ടിയതെങ്കിലും  അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ സത്യമുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട് . എങ്കിൽ മാത്രമേ ഇപ്പോഴത്തെ അസ്വാസ്ഥ്യത്തിന്റെ വിത്തുകളെ തൂത്തെറിയാനാവൂ , ഒരു സമൂഹമാകെ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യവും  തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്  . 
വ്യത്യസ്ത ജാതി-മത വിശ്വാസികൾ സമാധാനപരമായി ജീവിക്കുന്ന നാടാണ് കേരളം. അത് അങ്ങനെ തുടരുക തന്നെ വേണം. ഇന്നാടിന്റെ മത സൗഹാർദത്തിനും സ്നേഹത്തിനും കോട്ടം വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കപ്പെടുക തന്നെ വേണം, അതിനായി നമുക്ക് ജാഗ്രത തുടരാം. ഒപ്പം യുവതയുടെ ഭാവിയെ  നശിപ്പിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെയും കരുതലോടെ മുന്നേറാം