കാമ്പസ് പ്രണയങ്ങൾക്ക് വഴി തെറ്റുമ്പോൾ

കാമ്പസ് പ്രണയങ്ങൾക്ക് വഴി തെറ്റുമ്പോൾ

പ്രണയ പ്രതികാരത്തിന്റെ കത്തിമുനയിൽ ഒരു പെൺകുട്ടിയുടെ ചോര കൂടി ചിന്തപ്പെട്ടിരിക്കുന്നു. കോട്ടയം തലയോലപ്പറമ്പ് സ്വദേശിനി നിഥിനയ്ക്കാണ്  പ്രണയ നിരാസത്തെ  ചൊല്ലിയുള്ള തർക്കങ്ങളിൽ  ക്യാമ്പസിനകത്ത് ജീവൻ നഷ്ടമായത് .പ്രണയത്തെ ചൊല്ലി യുവാക്കൾക്കിടയിൽ കൊലപാതകങ്ങളും ആത്മഹത്യകളും ആവർത്തിക്കപ്പെടുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് കേരള സമൂഹം.

കഴിഞ്ഞ ജൂൺ മാസത്തിലാണ് പെരിന്തൽമണ്ണ സ്വദേശിനി ദൃശ്യ  വീട്ടിൽവച്ച് വെട്ടേറ്റ് കൊല്ലപ്പെട്ടത്. ജൂലൈയിലുമുണ്ടായി പ്രണയ വഴികളിൽ വീണ്ടുമൊരു  കൊലപാതകം . കണ്ണൂർ സ്വദേശിയായ ഡോ. വി.പി. മാനസയെ വെടിവെച്ചുകൊന്ന്  പ്രതി ജീവനൊടുക്കിയത് നാടിനെ നടുക്കിയ സംഭവമായി. ശാരിക, അഷിത,കവിത, നീതു, ദേവിക  തുടങ്ങിയ   പെൺകുട്ടികൾക്കും പ്രണയ നിരാസത്തിൽ അടുത്ത കാലത്ത്  ജീവൻ പൊലിയുകയുണ്ടായി.  

പ്രണയത്തകര്‍ച്ചയും വിവാഹേതര ബന്ധങ്ങളും  നെഞ്ചുലയ്ക്കുന്ന  കൊലപാതകങ്ങളിലും ആത്മഹത്യകളിലും അവസാനിക്കുന്ന സംഭവങ്ങൾ അടുത്തിടെ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.  പ്രണയം വിജയവും തോൽവിയുമായി ചിത്രീകരിക്കപ്പെടുമ്പോഴാണ്  കൊലപാതകങ്ങളും ആത്മഹത്യകളുമുണ്ടാകുന്നത്. ജയം മാത്രമല്ല തോൽവിയും അംഗീകരിക്കാനുള്ള മാനസിക പക്വത കുട്ടികളിൽ വളർത്തിയെടുക്കണം. തോൽവി അംഗീകരിക്കാൻ മടിക്കുന്നത് പക്വതയില്ലായ്മയാണ് . 


പ്രണയവഴികളിൽ പിന്തിരിഞ്ഞു നടക്കാൻ പെൺകുട്ടി ഇഷ്ടപ്പെടുന്നുവെങ്കിൽ അവൾ  കൊല്ലപ്പെടേണ്ടവളാണെന്ന് ഏത് നീതിപുസ്തകത്തിലാണ് എഴുതി വച്ചിരിക്കുന്നത്. ഒരു പെൺകുട്ടി ഇഷ്ടമല്ലെന്ന് പറഞ്ഞാലുടൻ അവൾക്ക് നേരെ കൊലക്കത്തിയുയർത്താൻ ഈ കുട്ടികൾക്ക്  ധൈര്യം പകരുന്നതെന്ത് .


ആരോഗ്യകരമായ ആൺ പെൺ സൗഹൃദങ്ങളും പ്രണയ ബന്ധങ്ങളും മുൻപും കലാലയങ്ങളിലുണ്ടായിരുന്നു . ബന്ധങ്ങളിൽ വിള്ളലുകളോ അസ്വാരസ്യങ്ങളോ ഉണ്ടായാൽ കൂട്ടുകാരും അധ്യാപകരും സാന്ത്വനമായി ഒപ്പം നിന്നിരുന്നു. പ്രണയം നിഷേധിക്കപ്പെടുമ്പോഴോ പ്രണയം മുറിയുമ്പോഴോ മറുവശത്തുള്ള വ്യക്തിയുടെ ജീവൻ എടുക്കണമെന്ന ചിന്ത ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല . നമ്മുടെ വ്യക്തിത്വം പോലെ തന്നെ മഹത്തരമാണ് മറ്റേതൊരു വ്യക്തിയുടെ വ്യക്തിത്വവും  എ ന്ന വസ്തുത എല്ലാവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.


സൗഹൃദത്തിന്റെയും സംവാദങ്ങളുടെയും ഇടങ്ങളാകേണ്ട കാമ്പസുകൾ ചോര വീണ് പങ്കിലമാവുമ്പോൾ മലയാളി  പിന്തുടർന്നുവന്ന പരസ്പര സ്നേഹത്തിലും ബഹുമാനത്തിലുമൂന്നിയ  സംസ്കാരത്തിന് തന്നെയാണ് മുറിവേൽക്കുന്നത് .പ്രണയ നിരാസത്തിന്റെ പേരിലുള്ള ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങൾ  വ്യക്തികളുടെയും സമൂഹത്തിന്റെയും  സ്വൈരജീവിതത്തിന്  ഭീഷണിയാണ്

പാലാ സെന്റ് തോമസ് കോളേജിൽ കൊല്ലപ്പെട്ട നിഥിനയിലെത്തുമ്പോൾ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ പെണ്‍കുട്ടിയാണ് പ്രണയത്തിന്റെ പേരിൽ  കൊല്ലപ്പെടുന്നത് .

പ്രണയനഷ്ടം തീവ്ര വേദന നൽകുന്നത് തന്നെ,  മാനസികമായത് മുറിവേൽപ്പിച്ചേക്കാം പലപ്പോഴും.  പക്ഷെ പ്രണയ നിരാസത്തിന്  ജീവനെടുത്തുള്ള   പ്രതികാരം  ചെയ്യലല്ല പരിഹാരമെന്ന് നമ്മുടെ ചെറുപ്പക്കാരെ ബോധവൽക്കരിക്കേണ്ടിയിരിക്കുന്നു.  മറ്റുള്ളവരുടെ വികാരങ്ങളെയും ഇഷ്ടങ്ങളെയും തെരഞ്ഞെടുപ്പുകളെയും മാനിക്കാനുള്ള മാനസിക പരിശീലനം യുവാക്കൾക്ക് നല്‍കണം .

ആസൂത്രിതമായുള്ള അക്രമത്തില്‍ പെൺകുട്ടികൾക്ക് ജീവന്‍ നഷ്ടമാകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളല്ല ,ഒരു പരമ്പരയായി  തന്നെ തുടരുന്നു എന്നതാണ് ഏറെ ആശങ്കാജനകം. പല കേസുകളിലും  പ്രതികൾ   കൊലപാതകം നടത്താൻ കൃത്യമായ പരിശീലനം നേടിയിരുന്നു എന്നത് ഞെട്ടിക്കുന്നതാണ് .

 ഇഷ്ടമില്ലാത്ത ബന്ധം വേണ്ടെന്നു വച്ചതിന്  നാലു വർഷത്തിനിടെ 13 പെൺകുട്ടികൾക്ക്  സംസ്ഥാനത്ത്‌ ജീവൻ നഷ്ടമായതായി  കണക്കുകൾ പറയുന്നു .  2001 മുതൽ 2017 വരെ ആറു പെൺകുട്ടികൾ  കൊല്ലപ്പെട്ടതായാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ  . ഇക്കാലയളവിൽ സംസ്ഥാനത്ത്‌ 350-ഓളം പെൺകുട്ടികൾ പ്രണയനഷ്ടത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തുവെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ് 

നമ്മുടെ പെൺകുട്ടികളുടെ ജീവിതങ്ങൾ ,അവരുടെ പ്രതീക്ഷകൾ, സ്വപ്നങ്ങൾ.. ഇങ്ങനെ തല്ലിക്കൊഴിക്കപ്പെടേണ്ടതല്ല. നമ്മുടെ ആൺകുട്ടികളെയും കൊലപാതകികളാകാൻ വിട്ടുകൊടുത്തുകൂടാ ,അതിനായി ആരോഗ്യകരമായ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കാം. രക്ഷിതാക്കളും അധ്യാപകരും സൗഹൃദങ്ങളും അവർക്കൊപ്പം നിന്ന് സാന്ത്വനം പകരട്ടെ. പ്രണയനഷ്ടങ്ങളെയും പക്വതയോടെ  സ്വീകരിക്കാൻ  അവർക്ക് കഴിയട്ടെ