കോവിഡിൽ ആശ്വാസ തീരമടുക്കുമ്പോഴും കടമ്പകൾ ഇനിയുമേറെ 

കോവിഡിൽ ആശ്വാസ തീരമടുക്കുമ്പോഴും കടമ്പകൾ ഇനിയുമേറെ 

 

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനേഷൻ പ്രക്രിയ രാജ്യത്ത്  വിജയകരമായി മുന്നോട്ട് പോകുകയാണ് . കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിലും രാജ്യവും നമ്മുടെ നാടും ഒരുപരിധി വരെ ആശ്വാസ തീരത്താണ് . കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള സർക്കാർ തീരുമാനം  സാധാരണ ജനത്തിന് ഒരുപരിധിവരെ ആശ്വാസമായിട്ടുണ്ട്.

   ഇന്ത്യ ഉൾപ്പെടെ മിക്ക  രാജ്യങ്ങളെയും  കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പിടിച്ചുലച്ചിട്ടുണ്ട്  . ബിസിനസ് രംഗത്തൊക്കെ മാന്ദ്യം ദൃശ്യമാണ് . സാമ്പത്തികരംഗത്ത്  കോടികളുടെ നഷ്ടമാണ്   നേരിട്ടുകൊണ്ടിരിക്കുന്നത്. വൻകിട വ്യവസായങ്ങളും  ചെറുകിട വ്യവസായങ്ങളും കോവിഡ് സൃഷ്ടിച്ച ആഘാതത്തെ നേരിട്ട് കൊണ്ടിരിക്കുന്നു.

ഈ പ്രതിസന്ധിഘട്ടത്തിൽ സാധാരണ ജനത്തിന്റെ അവസ്ഥയാകട്ടെ ദയനീയമാണ് . ദൈനംദിന ജീവിതം മുന്നോട്ട് നീക്കാൻ ആളുകൾ ക്ലേശിക്കുന്നു. കോവിഡ്‌ സൃഷ്ടിച്ച കടുത്ത പ്രതിസന്ധി യിൽ കർഷകർക്ക് സാധനങ്ങൾ ഉല്പാദിപ്പിക്കാൻ സാധിക്കാതെ വന്നത് മൂലം കാർഷിക രംഗമാകെ മാന്ദ്യം നേരിടുന്നുണ്ട് .   

 അസാധാരണമായ പ്രതിസന്ധിയുടെയും അടച്ചുപൂട്ടലിന്റെയും നാളുകളിൽ  നിന്ന് ലോകം മോചിതമായി തുടങ്ങുന്നതേയുള്ളൂ.വീടിന്റെ നാല്  ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട ജനത്തിനൊപ്പം വിമാനക്കമ്പനികള്‍ മുതല്‍ ട്രെയിനും ബസുകളും നാട്ടുമ്പുറത്തെ ഓട്ടോറിക്ഷയും  വരെ ഷെഡിലായ നാളുകളാണ് കടന്നുപോകുന്നത് . വിമാനങ്ങളും ട്രെയിനുകളും ബസുകളും  ചലിക്കാതിരുന്ന നാളുകളിൽ നിന്ന്  ലോകം ഉണർന്നെഴുന്നേറ്റ് തുടങ്ങിയിരിക്കുന്നു.

അടച്ചിടലിന്റെ നീണ്ട നാളുകൾക്ക് ശേഷം  അൺ ലോക്‌ ചെയ്യപ്പെട്ടതിന്റെ ആശ്വാസത്തിലാണിന്ന് ജനം . ഇതിനിടയിലും നൂറുകണക്കിന് ആളുകൾക്ക് തൊഴിൽനഷ്ടമായി, പലരും ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ആശങ്കയിലാണ്. നൂറു കണക്കിന്  ബസ് ജീവനക്കാര്‍ തൊഴിലില്ലാത്തവരായി. ടെക്സ്റ്റൈൽ മേഖലയിലും സിനിമാരംഗത്തും ഹോട്ടൽ മേഖലയിലുമെല്ലാം നിരവധിപേർക്ക് തൊഴിൽ നഷ്ടമായി . മാളുകള്‍,തിയറ്ററുകള്‍,ഷോപ്പിംഗ്‌ കോംപ്ലെക്സുകള്‍,മെട്രോ ട്രെയിനുകള്‍,ട്രെയിനുകള്‍,വിമാനങ്ങള്‍ തുടങ്ങിയവയൊക്കെ കൊറോണയ്ക്ക് മുന്‍പും പിന്‍പും എന്ന് മാറിയിട്ടുണ്ട്. ദിവസക്കൂലിയിൽ ആശ്രയിച്ചു  ജീവിതം മുന്നോട്ടു നീക്കുന്ന തൊഴിലാളി വർഗം  വരുമാന മാർഗങ്ങൾ  നിലച്ചു  പ്രതിസന്ധി നേരിടുകയാണ് . 


കൂട്ടം കൂടലും കൂടിച്ചേരലുകളും ഒഴിവാക്കാന്‍ ജാഗ്രത പാലിക്കുന്നു ജനം . സ്വയം നിയന്ത്രണം എന്നത് ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റാൻ ജനം കുറച്ചൊക്കെ ബോധവാന്മാരായിരിക്കുന്നു .

പുതിയ ജീവിത ക്രമവുമായി മനുഷ്യന്‍ പൊരുത്തപെടുകയാണ്.  വെട്ടിപ്പിടിക്കുന്നതിനും സ്വന്തമാക്കുന്നതിനുമുള്ള നെട്ടോട്ടത്തിൽ നിന്ന്  സ്വന്തം  ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടിലാണിന്ന് മനുഷ്യൻ .

 മത്സ്യത്തൊഴിലാളികൾ, അതിഥിത്തൊഴിലാളികൾ, തെരുവുകച്ചവടക്കാർ,  രോഗികൾ, ഭിക്ഷാടകർ, അഭയാർഥികൾ, സ്ഥിരവരുമാനമില്ലാത്ത വനിതകൾ, വിധവകൾ  തുടങ്ങിയവരുടെ ജീവിതത്തിൽ കോവിഡ്  സാമൂഹ്യ‐സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നു.


ഇന്ധനവിലയിൽ ദിവസംതോറും ഉണ്ടാകുന്ന വർധന ജനങ്ങൾക്ക്​ താങ്ങാൻപറ്റാത്ത നിലയിലെത്തിയിരിക്കുന്നു. പെട്രോൾ, ഡീസൽ വില ഏറ്റവുമൊടുവിലെ  കണക്ക് പ്രകാരം യഥാക്രമം 108 , 102  എന്നിങ്ങനെയാണ് . ഇതോടൊപ്പമാണ്​ വൻ പ്രഹരമായി ഗാർഹിക പാചകവാതക സിലിണ്ടറിന്​ വില വർധിപ്പിച്ചത്​.വീട്ടാവശ്യത്തിനുള്ള 14.2 കിലോ ഗ്രാം പാചകവാതക സിലിണ്ടറിന്  900 രൂപക്ക്  മേലെയാണ് വില.  ദിവസംതോറും വർധിക്കുന്ന ഇന്ധനവില ജനങ്ങൾക്ക്​ താങ്ങാൻപറ്റാത്ത നിലയിലാവുന്നു. 

 കോവിഡ് സൃഷ്ടിച്ച ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് എത്രയും വേഗം  കരകേറുന്ന ദിനങ്ങൾക്കായി പ്രതീക്ഷയോടെ  കാത്തിരിക്കാം