വിദേശ ഡിഗ്രി കോഴ്‌സുകൾക്ക് അനുമതിയുമായി യു ജി സി 

വിദേശ ഡിഗ്രി കോഴ്‌സുകൾക്ക് അനുമതിയുമായി യു ജി സി 

 


കേരളത്തില്‍നിന്നും ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം ദിവസം തോറും വര്‍ദ്ധിച്ചുവരികയാണ്. സാധാരണക്കാരന്റെ  മക്കൾപോലും വിദ്യാഭ്യാസ ലോണും മറ്റുമെടുത്ത് വിദേശത്ത് പഠിക്കാൻ പോകുന്നത് ഇന്ന് സാധാരണയായിരിക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസ   രംഗത്തെ   മെല്ലെപ്പോക്കാണ്  വിദേശപഠനത്തിലേക്ക് വിദ്യാത്ഥികളെ ആകർഷിക്കുന്നതിന് പ്രധാന കാരണം. 


കോവിഡും ലോക്  ഡൗണും ആയിരുന്നിട്ട്  പോലും 2020ൽ മാത്രം 261,406 ഇന്ത്യൻ വിദ്യാർത്ഥികൾ  വിദേശത്തേക്ക് പോയി  എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്. 2019 ൽ 588,931 ആയിരുന്ന സ്ഥാനത്താണ് ഇത്.  കോവിഡ്  സാഹചര്യത്തിൽ   261,406 എന്നത് ഒരു വലിയ സംഖ്യ  തന്നെയെന്നാ ണ് വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നത്. 2022  ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 71,769 കുട്ടികളാണ് പഠന ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയിട്ടുള്ളതെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു .

വിദേശപഠന മോഹവുമായി വിദ്യാർഥികൾ നാട് വിടുന്നതിനിടെ വിദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഡിഗ്രികോഴ്സുകൾ നടത്താൻ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു.ജി.സി നൽകിയ അനുമതിയാണ്  ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഇതുവഴി വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് കൂടുതൽ അവസരങ്ങളുണ്ടാകും.  വാർത്ത, വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസം  നല്കുന്നതാണ് .   

വിദേശ സഹകരണത്തോടെ ഇന്ത്യൻ സർവകലാശാലകൾ   പഠന പ്രോഗ്രാമുകൾ ആരംഭിക്കുന്നത്  സംബന്ധിച്ച യുജിസി ചട്ടങ്ങൾക്ക് അന്തിമ രൂപമായിരിക്കുന്നു എന്നാണറിയുന്നത് . ഇന്ത്യയിലും വിദേശത്തുമായി ട്വിന്നിംഗ് പ്രോഗ്രാം (വിദേശത്തു നിന്ന് ഡിഗ്രി സ്വന്തമാക്കുന്നത്), ജോയിന്റ് ഡിഗ്രി പ്രോഗ്രാം, ഇരട്ട ഡിഗ്രി പ്രോഗ്രാം (ഡ്യുവൽ പ്രോഗ്രാം) തുടങ്ങി മൂന്നു രീതിയിൽ കോഴ്സുകൾ നടത്താനാണ് അംഗീകാരമായത് .

ഇതുവഴി വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാൻ കൂടുതൽ അവസരമൊരുങ്ങും. 3.01ന് മുകളിൽ പോയിന്റോടെ നാക് അംഗീകാരം ലഭിച്ച സ്ഥാപനങ്ങൾ, ദേശീയ വിദ്യാഭ്യാസ റാങ്കിംഗിൽ ആദ്യ 100 റാങ്കുകൾ ലഭിച്ച സ്ഥാപനങ്ങൾ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്കാണ് അനുമതി. വിദേശത്തെ മികച്ച ആയിരം സ്ഥാപനങ്ങളുമായി ഈ സ്ഥാപനങ്ങൾക്ക് യു.ജി.സിയുടെ മുൻകൂർ അനുമതിയില്ലാതെ സഹകരിക്കാം.

 ജോയിന്റ് പ്രോഗ്രാമിൽ കോഴ്സ് പൂർത്തിയാകുമ്പോൾ ഡിഗ്രി നൽകുന്നത് ഇന്ത്യയിലാണ് . ഇരട്ട ഡിഗ്രി പ്രോഗ്രാമിൽ രണ്ട് സർവകലാശാലകളും ഡിഗ്രി നൽകും. ഇത് വിദേശത്ത് ജോലിക്ക് ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അവസരവും സാദ്ധ്യതയുമാണ് ഒരുക്കുന്നത്.  സംയുക്ത കോഴ്സിൽ ചേരുന്ന വിദ്യാർത്ഥിക്ക്   പ്രോഗ്രാമിന്റെ തരമനുസരിച്ച് നിശ്ചിത ശതമാനം കോഴ്സ് ക്രെഡിറ്റ് വിദേശ സർവകലാശാലയിൽനിന്ന് നേടാനാകും .  വിദേശ സർവകലാശാലയിൽ  ഇതിനായിവിദ്യാർത്ഥികൾ പ്രവേശനം നേടേണ്ടതില്ല.  വലിയ സാമ്പത്തിക ലാഭമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുക ,വിദേശസർവകലാശാലകൾ പൊതുവേ കോഴ്സ് ഫീസായി നല്ല തുകയാണ് ഈടാക്കുന്നത്. 


 ക്യുഎസ് വേൾഡ്, ടൈംസ് ഹയർ എജ്യുക്കേഷൻ  തുടങ്ങി ലോക സർവകലാശാലാ റാങ്കിങ് പട്ടികകളി ൽ ആദ്യ അഞ്ഞൂറിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുമായി സഹകരിക്കാമെന്നു യുജിസി ചെയർമാൻ എം. ജഗദേഷ് കുമാർ വ്യക്തമാക്കി .

വിദേശ പഠനം  മുൻപൊക്കെ  അതിസമ്പന്നരുടെ മക്കൾക്കുമാത്രം ആഗ്രഹിക്കാവുന്ന കാര്യമായിരുന്നു.   വിദേശ പഠിതാക്കൾ  പഠനം പൂർത്തിയാകുമ്പോൾ  ഇന്ത്യയിലേക്ക് മടങ്ങിവരുന്നതായിരുന്നു രീതി . ഇന്നാകട്ടെ ഭൂരിപക്ഷം വിദ്യാർത്ഥികളും  പഠിക്കുന്നത് വിദേശത്ത് ജോലിചെയ്യുക എന്ന ലക്ഷ്യവുമായാണ്. 
ഈ സാഹചര്യത്തിൽ   വിദ്യാഭ്യാസരംഗത്ത് വൻ പരിഷ്‌കരണത്തിന് ഇപ്പോഴത്തെ  തീരുമാനം  കാരണമാകുമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദേഷ് കുമാർ വ്യക്തമാക്കി .

ഇന്ത്യയെ അപേക്ഷിച്ച് പഠനത്തിനൊപ്പം ഗവേഷണത്തിനും തുല്യ പ്രാധാന്യം നൽകുന്നതാണ്  വിദേശസർവകലാശാലകളുടെ രീതി.  ഗവേഷണ രംഗത്തെ   കുറവ് പരിഹരിക്കാനും വിദേശസ്ഥാപനങ്ങളുമായി ചേർന്ന് ഡിഗ്രി കോഴ്സുകൾ നടത്താൻ അനുമതി നൽകിയതിലൂടെ സാധിക്കും. നിശ്ചിത യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് വിദേശ സർവകലാശാലകളുമായി കെെകോർക്കാൻ ഇനി മുതൽ യു.ജി.സിയുടെ മുൻകൂർ അനുവാദം വേണ്ടെന്നതാണ് തീരുമാനത്തിലെ  ഏറ്റവും വലിയ കാര്യം . 

വിദേശപഠനമോഹവുമായി നടക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസകരമാണ്  യു ജി സിയുടെ ഇപ്പോഴത്തെ തീരുമാനം