വിലക്കയറ്റം  അതിരൂക്ഷം, നട്ടം തിരിഞ്ഞ്  ജനം  

വിലക്കയറ്റം  അതിരൂക്ഷം, നട്ടം തിരിഞ്ഞ്  ജനം  

 

 വിലക്കയറ്റത്തിന്റെ പാരമ്യത്തിൽ നട്ടം  തിരിയുകയാണ്  ജനം  . ഒമ്പതാണ്ടിനിടയിൽ രാജ്യം കണ്ട  ഏറ്റവും വലിയ   വിലക്കയറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.   അവശ്യസാധനങ്ങളുടെ വിലയിൽ  കുത്തനെയുള്ള വർധനയാണ് രേഖപ്പെടുത്തുന്നത് . ഇന്ധന, പാചക വാതക  വിലയിലെ വർധനക്കൊപ്പം കുടുംബ ബജറ്റും താളംതെറ്റുന്നു . 

ഒരാഴ്ചയ്ക്കുള്ളില്‍ പലചരക്ക് സാധനങ്ങള്‍ക്ക് 10   മുതല്‍ 80 രൂപ വരെയാണ് വർധന രേഖപ്പെടുത്തിയത്. അരി, പാചക എണ്ണ, മസാല ഉല്‍പന്നങ്ങള്‍, പല വ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം  വില കുതിച്ചുയരുന്നു. അരി കിലോയ്ക്ക് 2 മുതല്‍ 5 വരെ രൂപ വരെ കൂടി. കഴിഞ്ഞ ആഴ്ച 160 രൂപയുണ്ടായിരുന്ന വറ്റല്‍മുളകിന് വില  240 രൂപയിലെത്തി. പാചക എണ്ണ  വില 110 ല്‍ നിന്ന് 180 ലെത്തി . തക്കാളിക്ക്  തിരുവനന്തപുരത്ത് കിലോക്ക് 100 രൂപയാണ്  രേഖപ്പെടുത്തിയത്. മല്ലിവില 90 ൽ നിന്ന് 140ലാണ്,  ഇറച്ചി കോഴി വില 200 കടന്നു .

പച്ചക്കറി, പഴം, പാല്‍, ഇന്ധന വിലക്കയറ്റമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന്  പിന്നിലെന്ന്  ചൂണ്ടിക്കാണിക്കപ്പെടുന്നു . 

രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോഡ് നിലവാരത്തിലാണ് . കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.74 ശതമാനമായിരുന്ന  പണപ്പെരുപ്പം  ഇപ്പോള്‍  15.08 ശതമാനത്തിലാണുള്ളത് .

 ഭക്ഷ്യ, ചരക്കുസാമഗ്രികളുടെ  വിലയിലുണ്ടായ വര്‍ധനയാണ് ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിനു കാരണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം  പറയുന്നു. മിനറല്‍ ഓയില്‍,   അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യേതര വസ്തുക്കള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയുടെ വിലയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.  

 സ്റ്റീല്‍, സിമന്‍റ്, പാത്രങ്ങള്‍, ഇലക്ട്രോണിക്  ഉത്പന്നങ്ങള്‍ക്കും  വില കൂടി.

മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായ പതിമൂന്നാം മാസവും  രണ്ടക്കത്തിലാണ്.  

കഴിഞ്ഞ   ഏപ്രില്‍ മുതല്‍ പത്തു ശതമാനത്തിനു മുകളിലാണ് പണപ്പെരുപ്പ നിരക്ക്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 8.35 ശതമാനമാണ്.

പച്ചക്കറികള്‍, ഗോതമ്പ്, പഴങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കഴിഞ്ഞ മാസം കുതിച്ചുയര്‍ന്നിരുന്നു. 

 അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പ് വില കുതിച്ചുയരുകയാണ് . യുദ്ധ  സാഹചര്യം പൊതുവെ വില ഉയരാൻ ഇടയാക്കി . ഇതിന് പിന്നാലെ ഇന്ത്യ ഗോതമ്പ്  കയറ്റുമതി നിരോധനം കൂടി ഏര്‍പ്പെടുത്തിയതോടെ രാജ്യാന്തര വിപണിയില്‍  ഗോതമ്പു  വിലയും  അഞ്ചു ശതമാനം ഉയര്‍ന്നു. 

വിപണി ഇടപെടലിലൂടെ   വിലക്കയറ്റം പിടിച്ചുനിർത്താൻ അടിയന്തര ശ്രമങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു