പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്ക വേഗം കരകയറട്ടെ

പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്ക വേഗം കരകയറട്ടെ

 

അതിജീവനത്തിനായി ശ്രീലങ്കൻ ജനത നടത്തുന്ന പോരാട്ടമാണ് ഈ ദിവസങ്ങളിൽ ലോകം കാണുന്നത്. സര്‍ക്കാരിന്  പിടിച്ചുനില്‍ക്കാനാവാത്ത നിലയിലാണ് ശ്രീലങ്കയിലെ കാര്യങ്ങൾ. അവിടെ  ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ട് അക്രമത്തിലേക്ക് വഴിവെച്ചിരിക്കുന്നു. ആർക്കും ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥ .ശ്രീലങ്കൻ ജനതയുടെ

 അതിജീവനത്തിനായുള്ള മുന്നേറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നത് . ജനരോഷത്തിന്റെ, ആ മുന്നേറ്റത്തിൽ ജനം ആരുടെയും ആഹ്വാനമില്ലാതെ  അണിചേരുകയായിരുന്നു. ജനങ്ങളും ഭരണകൂടവും ഏറ്റുമുട്ടി, ജനങ്ങൾ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു. ജനശക്തിയറിഞ്ഞ് പ്രസിഡന്റ് നേരത്തേതന്നെ കൊട്ടാരം വിട്ടോടി. പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു.  
ഭക്ഷണത്തിനും ഇന്ധനത്തിനും പോലും പണമില്ലാത്ത വിധം ശ്രീലങ്കൻ സമ്ബദ്‌വ്യവസ്ഥ തകര്‍ച്ചയിലാണ്. 
അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണമില്ലാത്തതും കടം തിരിച്ചടയ്ക്കാനാകാത്തതും മൂലം, അയല്‍രാജ്യങ്ങളായ ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും സഹായം നല്‍കണമെന്ന്  പ്രധാനമന്ത്രി റെനില്‍ വിക്രമസിം​ഗെ  കഴിഞ്ഞ മാസം അഭ്യര്‍ഥിച്ചിരുന്നു.

പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് ഭക്ഷണംപോലും കിട്ടാതെ വിഷമിക്കുന്ന ശ്രീലങ്കൻ ജനത ഏപ്രിൽ മുതലേ  പ്രക്ഷോഭത്തിലാണ്. ഇതേ തുടർന്ന് മേയിൽ അന്നത്തെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചെങ്കിലും മഹിന്ദയുടെ സഹോദരനായ പ്രസിഡന്റ് ഗോടബയ അധികാരത്തിൽ കടിച്ചുതൂങ്ങി. പുതിയ പ്രധാനമന്ത്രിയായി തന്റെ അടുപ്പക്കാരനായ റനിൽ വിക്രമ സിംഗയെ നിയമിക്കുകയും ചെയ്തു. യുണൈറ്റഡ് നാഷണൽ പാർടിയുടെ (യുഎൻപി), പാർലമെന്റിലെ ഏക അംഗമായ സിംഗെ പ്രധാനമന്ത്രിയായെങ്കിലും പ്രശ്നങ്ങൾ അങ്ങനെ തന്നെ തുടർന്നു . പ്രസിഡന്റ് രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട് ഏപ്രിലിൽത്തന്നെ ഗോടബയയുടെ ഓഫീസിനു മുന്നിൽ  തുടങ്ങിയ പ്രക്ഷോഭമാണ്  ശനിയാഴ്ച വലിയ ജനമുന്നേറ്റമായി മാറിയത്. 

വിലക്കയറ്റം, ഭക്ഷ്യക്ഷാമം, വിദേശനാണ്യ ശേഖരത്തിലെ തകർച്ച,  പെട്രോളും ഡീസലും പാചകവാതകവും  കിട്ടാത്ത അവസ്ഥ, വൈദ്യുതി ക്ഷാമം,   ആശുപത്രികൾ അടച്ചിടുന്ന സാഹചര്യം ഇവയൊക്കെ ശ്രീലങ്കയെ തളർത്തുന്നു.
 ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് അധികാരമെന്ന്  ഭരിക്കുന്നവർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന സംഭവമാണ്  ശ്രീലങ്കയിൽ ഉണ്ടായത്. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ അടുക്കളവരെ ജനങ്ങൾ കൈയേറുകയും നീന്തൽക്കുളത്തിൽ കുളിച്ച് മറിയുകയും ചെയ്യുന്നത് ലോകം മുഴുവൻ കണ്ടു. മൂന്നുവർഷംമുമ്പ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽവന്ന പ്രസിഡന്റ് ഭരണത്തെ കുടുംബവാഴ്ചയായി അധഃപതിപ്പിക്കുകയും ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുകയും ചെയ്തപ്പോൾ   ജനങ്ങളാകെ ഗത്യന്തരമില്ലാതെ തെരുവിലിറങ്ങാൻ നിര്ബന്ധിതരായി .

 51 ബില്യണിലേറെ   ഡോളറിന്റെ കടബാധ്യത നിലവിൽ സർക്കാരിനുണ്ടെന്നാണ് കണക്കുകൾ . വായ്പയുടെ പലിശയടക്കാന്‍ പോലും രാജ്യത്തിന് കഴിയുന്നില്ല. സാമ്ബത്തിക വളര്‍ച്ചയെ നിയന്ത്രിച്ചിരുന്ന  ടൂറിസം രം​ഗവും 2019 ലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം തകർച്ച  നേരിടുന്നു . കോവിഡ് മഹാമാരിയും  ടൂറിസം രം​ഗത്തെ  ബാധിച്ചു  .

അയൽ രാജ്യത്തെ പ്രതിസന്ധി ഇന്ത്യയ്ക്കും ഗുണകരമല്ല . സാമ്പത്തികത്തകർച്ചയും വിലക്കയറ്റവും തൊഴിലില്ലായ്മയും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കും മുന്നറിയിപ്പാണ്. ജനപ്രക്ഷോഭത്തിന്റെ ശക്തി ഏതൊരു രാജ്യത്തെയും ഭരണാധികാരികൾ മനസിലാക്കുന്നത് നന്ന്.

നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്ക എത്രയും വേഗം കരകയറട്ടെ