വീണ്ടും ദുരിതപ്പെയ്ത്ത്: ആശങ്കയോടെ ജനം

വീണ്ടും  ദുരിതപ്പെയ്ത്ത്: ആശങ്കയോടെ ജനം

 

കേരളത്തിൽ  മഴ വീണ്ടും കലിതുള്ളി പെയ്യുകയാണ് . ജൂൺ-ജൂലൈ മാസങ്ങളിലെ  പതിവ്   മഴ ലഭ്യതയിൽ  26 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന്  കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങളുടെ  റിപ്പോർട്ടുകൾ  വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു . എന്നാൽ, ഓഗസ്റ്റ്  തുടങ്ങുമ്പോൾ തന്നെ നാട് വീണ്ടും മുൻ വര്ഷങ്ങളിലേത്  പോലെ  പ്രളയവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമായി ദുരിതപ്പെയ്ത്തിന്റെ ആഘാതത്തിലാണ്    .


2018ലെ  പ്രളയപ്പേടി മനസ്സിൽ മായാതെ കിടക്കുന്നതിനാൽ  ജനങ്ങൾ   ആശങ്കയിലാണ്, ജാഗ്രതയിലുമാണ് . സർവ സന്നാഹങ്ങളുമായി അധികൃതരും  രംഗത്തുണ്ട് . പക്ഷെ മുന്നറിയിപ്പുകളേറെ ഉണ്ടായിട്ടും  ജാഗ്രത തുടർന്നിട്ടും കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ഇരുപതോളം  പേർ മഴക്കെടുതികളിൽ മരിച്ചു .  നിരവധി പ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. നൂറുകണക്കിന് വീടുകൾ തകർന്നു. ആയിരക്കണക്കിന് ഏക്കറിലെ കൃഷി നശിച്ചു. ഉരുൾപൊട്ടൽ-പ്രളയ ഭീഷണിയുള്ള സ്ഥലങ്ങളിൽനിന്ന് അയ്യായിരത്തിലധികംപേരെ മാറ്റിപ്പാർപ്പിച്ചു.

ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘങ്ങളും സംസ്ഥാനത്തെ ദുരന്തനിവാരണ വിഭാഗവും അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ വേഗത്തിൽ എത്താനാവുന്ന വിധത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്.

2018 ഓഗസ്റ്റിലെ ​പ്രളയത്തിൽ 483 ജീവനുകൾ നഷ്ടമായതിന്  പുറമെ 15 പേരെ കാണാതാവുകയും ചെയ്തിരുന്നു . നാലുലക്ഷം കോടി രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി. അന്ന്  അണക്കെട്ടുകൾ   മുന്നറിയിപ്പോ  മതിയായ മുൻകരുതലോ  ഇല്ലാതെ  തുറന്നുവിട്ടതാണ് ദുരന്തം തീവ്രമാക്കിയതെന്ന വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട് .

2019ലും പ്രളയമുണ്ടായി , മുൻവർഷത്തെ പോലെ തീവ്രമായില്ലെങ്കിലും  121 മരണങ്ങൾ  റിപ്പോർട്ട് ചെയ്യപ്പെട്ടു. രണ്ട് പ്രളയങ്ങളുടെയും കെടുതികളും നാശനഷ്ടങ്ങളും ഇപ്പോഴും ജനത്തെ ദുരിതപ്പെടുത്തികൊണ്ടിരിക്കുന്നു .  ഭവനരഹിതരായ നൂറ്‌ കണക്കിന് കുടുംബങ്ങൾ ഇപ്പോഴും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്നു. 

പ്രകൃതിദുരന്തങ്ങളിൽ മരിക്കുന്നവരുടെ എണ്ണം  വർഷം  തോറും കൂടി വരുന്നു .  കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ  തുടങ്ങിയ   സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഇരുനൂറോളം മനുഷ്യജീവനാണ് നഷ്ടപ്പെട്ടത്. 


 കാലാവസ്ഥാവ്യതിയാനം പ്രതീക്ഷിക്കാത്ത ദുരന്തങ്ങളാണ് സംസ്ഥാനത്ത് വിതയ്ക്കുന്നത് . 2018-ലെ പ്രളയം കാലാവസ്ഥാമാറ്റങ്ങളെക്കുറിച്ചുള്ള സൂചനയായി.  ഇത്തവണ മേയ് അവസാനം കാലവർഷം തുടങ്ങിയെങ്കിലും കാര്യമായ മഴ പെയ്തിരുന്നില്ല . ജൂണിൽ ശരാശരി ലഭിക്കേണ്ട മഴയിൽ വൻ   കുറവുണ്ടായി. വേനൽക്കാലത്ത് മഴ  തകർത്തുപെയ്തതിനാൽ വരൾച്ചയുണ്ടായില്ലന്നത് ആശ്വാസമായി. കുറച്ച് നാളുകളായി സംഭവിക്കുന്നത് പോലെ  ഓഗസ്റ്റ്‌ മഴയിൽ മുങ്ങുകയാണ് . 

ക്വാറി മാഫിയയുടെ പണത്തിനും രാഷ്ട്രീയ സമ്മര്‍ദത്തിനും കീഴടങ്ങി   കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കുന്നതും മറ്റും പ്രകൃതിക്ക് ഏല്പിക്കുന്ന ആഘാതം വലുതാണ് ,പ്രകൃതി തിരിച്ചു നൽകുന്ന താക്കീതുകളാണ് ഇപ്പോൾ നാം ദുരിതങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത് . പ്രകൃതിക്കെതിരെ നീങ്ങാതെ പരിസ്ഥിതി സൗഹാർദ്ദപരമായി നീങ്ങുവാൻ ഏവർക്കും കടമയുണ്ടെന്നത് പ്രകൃതി നമ്മെ വീണ്ടും  ഓർമപ്പെടുത്തുന്നു