ഇമോജി: ചെറുകഥ, ഗംഗാദേവി കെ എസ്

ഇമോജി: ചെറുകഥ, ഗംഗാദേവി കെ എസ്

 

     

             സരള ടീച്ചറിന് ഒരു ഫോൺ വാങ്ങിക്കൊടുത്തു മകൻ. അതിന്റെ അകത്തുള്ള പല  ടെക്ക് നിക്കും പഠിപ്പിച്ച് കൊടുത്തിട്ടാണ് മകൻ അമേരിക്കയിലേയ്ക്ക് പറന്നത്. സുധാകരന് ഫോൺ ആദ്യം മുതലേ ഉണ്ടെങ്കിലും അതിലെ  പരിപാടികൾ അറിയില്ലായിരുന്നു. അമ്മയെ പഠിപ്പിച്ചപ്പോൾ അച്ഛനെയും പഠിപ്പിച്ചു. അങ്ങനെ മകൻ വലിയ ആശ്വാസത്തിലാണ് പറന്നത്... കാരണം അച്ഛനുമമ്മയ്ക്കും സമയം പോകാൻ ഫോൺ വാങ്ങി കൊടുത്തല്ലോ.

      വട്ടു പിടിപ്പിക്കുന്നതും മുഖ പുസ്തകവും നിങ്ങളുടെ കുഴലുമായി സരള ടീച്ചർ സജീവമാണ്.  ആദ്യ ദിവസങ്ങളിൽ അവനുമായി വീഡിയോക്കോൾ ചെയ്യ്തു. പിന്നെ പിന്നെ സരള ടീച്ചർക്ക് സമയം ഇല്ല . ഫോണിൽ ഒരാഴ്ചകൊണ്ട് പത്തിരുപത്തിയഞ്ചു ഗ്രൂപ്പ് . പഴയ കാല സുഹൃത്തുക്കളും എല്ലാം വിരൽ തുമ്പിലുള്ളപ്പോൾ തിരക്കുള്ള മകനെക്കാൾ തിരക്കായി അമ്മയ്ക്ക് , ഇങ്ങനെയാണെങ്കിലും ടീച്ചർക്ക് അതിലൊന്നും ചാറ്റു ചെയ്യുന്നതിഷ്ടമല്ല എങ്കിലും അതിലെ കഥകളും കവിതകളും നർമ്മവും അനുഭവക്കുറിപ്പും അങ്ങനെ എല്ലാം വായിച്ചിരിക്കാൻ മാത്രം ഉള്ളോരിഷ്ടം. അവയ്ക്ക് അഭിപ്രായം എഴുതാൻ മടിയാണ്.

            പലരുടെയും എഴുത്തുകൾ വായിച്ചിരിന്നതിനാലാവും ടിച്ചറിന്റെ മനസ്സിലും അറിയാതെ കഥകൾ വിരിയാൻ തുടങ്ങി. മനസ്സിൽ വന്നത് കുറിച്ചു വച്ചു. ഇടയ്ക്കിടയ്ക്ക് അത് എടുത്ത് വായിച്ച് തിരുത്തലുകൾ വരുത്തും. ഗ്രൂപ്പുകളിൽ വരുന്ന കഥകൾക്കൊപ്പം തന്റെ കഥയും ഇട്ടാലോ എന്ന ചിന്ത മനസ്സിൽ കയറി കൂടി .രണ്ടു മൂന്നു ദിവസത്തേ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് കഥ ഫോണിലെ ലറ്റർ പാഡിൽ എഴുതി വച്ചു. ഇങ്ങനെ എഴുതാൻ പഠിപ്പിച്ചത് അയൽപക്കത്തെ സൂസിയുടെ ആറാം ക്ലാസിൽ പഠിക്കുന്ന മകനാണ്. പിന്നെയും കുറെ  ദിവസം കൂടി കഥ അതിൽ ഒളിച്ചിരുന്നു. തിങ്കളാഴ്ച്ച രാവിലെ രാജു സാറിന്റെ പ്രഭാത കവിത വന്നു കഴിഞ്ഞയുടനെ സരള ടീച്ചർ തന്റെ കഥയങ്ങ് കാച്ചി . അംഗുലി മാലിന്റെ കഥ പോലെ ഒരാളേ കൊന്നപ്പോൾ അറപ്പു മാറി എന്ന അവസ്ഥ. താൻ പഠിപ്പിച്ച ഫിറോസ് തുടങ്ങി വെച്ച  ഗ്രൂപ്പിലാണ് ആദ്യം ഇട്ടത്. പിന്നെ എല്ലാ ഗ്രൂപ്പിലേയ്ക്കും തട്ടി രാവിലെ അങ്ങനെ അടുക്കളയിൽ കയറാനും വൈകി. പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിന്റെ ഇടയ്ക്ക് വന്നു  ഫോൺ നോക്കും,  രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും തന്റെ കഥ ആരും വായിച്ചില്ലല്ലോ എന്ന സങ്കടം ഉള്ളിൽ ഒതുക്കി ഫോൺ നോക്കിയിരിപ്പായി ഉച്ചയ്ക്ക് ശേഷം . വൈകുന്നേരം ആയപ്പോൾ ടീച്ചർ ആകെ ക്ഷീണിതയായി. മനസ്സിൽ പല ചിന്തകളും മെനയലായി പിന്നെ . തന്നെ ഈ ഗ്രൂപ്പിൽ ചേർത്ത സിന്ദൂരിയെ വിളിച്ചാലോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ 'You' എന്ന് എഴുതി വന്നു അതിൽ ഒരു പൂവ് മാത്രം. ഒരു ചെറിയ ചിരി മനസ്സിൽ വന്നു. രാത്രിയിൽ ഓരോ മയക്കത്തിലും ഫോൺ എടുത്ത് ഓരോ ഗ്രൂപ്പുകളും നോക്കി. രണ്ടു ഗ്രൂപ്പുകളിൽ നിന്ന് ഓരോ പൂവ് കിട്ടി എന്നതു മാത്രം. രാവിലെ എഴുന്നേറ്റിട്ട് ഫോണിൽ നോക്കുവാൻ ഒരു ഭയം അതിനാൽ കൺ വെട്ടത്തിൽ നിന്ന് മാറ്റിവച്ചു.

    എന്തായാലും യൂട്ടൂബിൽ കണ്ട പുതിയൊരു പലഹാരം ഉണ്ടാക്കി അദ്ദേഹത്തിന് നൽകി. സ്വതവേ ഒരു അഭിപ്രായം പറയാത്തയാൾ ആയതിനാൽ അഭിപ്രായം കേൾക്കാൻ കാത്തു നിന്നില്ല.

" അതെ , എടോ തന്റെ ഈ പുതിയ പലഹാരം കൊള്ളാലോ ! ഫോൺ കൊണ്ട് ഇങ്ങനെ പ്രയോജനമുണ്ട് അല്ലേ , " സരള ടീച്ചർ ഒന്നു നോക്കി. അശരീരിയെങ്ങാനുമാകുമോ എന്ന് സംശയിച്ചു.

"ഏ.... എന്തെങ്കിലും പറഞ്ഞോ " ? ടീച്ചർ അദ്ദേഹത്തോട് ചോദിച്ചു

"ഉം... ഇത് നന്നായിട്ടുണ്ടെന്നു പറഞ്ഞതാ'' ! ടീച്ചർ തലയാട്ടി അടുക്കളയി ലേയ്ക്ക് നീങ്ങി. ഫോൺ മാറ്റിവച്ചതിനാലും പലഹാരമുണ്ടാക്കലും മറ്റു ജോലികളും ചെയ്ത് മനസ്സിലുള്ള ചിന്തയെ തൽക്കാലം മാറ്റിവച്ചു. സന്ധ്യ ആകാറായപ്പോൾ ഫോൺ ശബ്ദിച്ചു

" സരള ടീച്ചറേ.... കഥ നന്നായിട്ടുണ്ടേ.... ഞാൻ കൈയെഴുത്തു ഗ്രൂപ്പിലെ അഡ്മിൻ ടീച്ചറിന്റെ റെഫീക്കാണേ : ".

ടീച്ചർ രണ്ടു നിമിഷം നിശബ്ദയായി ഒരു ദീർഘ നിശ്വാസത്തോടെ " ആ റഫീക്കേ : സന്തോഷം :ഗ്രൂപ്പിൽ അഭിപ്രയം വന്നില്ല അപ്പോൾ കരുതി കഥ നന്നായില്ലാന്ന്"

    റഫീക്ക് ടീച്ചറിനോട് അപ്പോഴാണ് ആ രഹസ്യം പറഞ്ഞത്. ഗ്രൂപ്പിലെ ആസ്വാദനതലം .

" ടീച്ചർ ഗ്രൂപ്പിലെ കഥകൾ വായിക്കാറില്ലേ ടീച്ചർ വായിച്ചു എന്നത് അവരെ അറിയിക്കാറുണ്ടോ ?"

ടീച്ചർ ആലോചിച്ചു കൊണ്ട് പറഞ്ഞു " ഇല്ല " .

" എന്നാൽ ടീച്ചർ : ഇനി ടീച്ചർ ഓരോന്നും വായിച്ചാലും ഇല്ലങ്കിലും അതിനെല്ലാം ഇമോജിയിടണം" റഫീക്ക് പറഞ്ഞപ്പോൾ  ടീച്ചറിന്റെ ഉള്ളിൽ സംശയം ഉദിച്ചു റഫീക്ക് തന്റെ ശിഷ്യനെങ്കിലും ആധുനിക യുഗത്തിലെ മാറ്റങ്ങൾ അവർക്കല്ലേ അറിയു.

മടിച്ചു മടിച്ച് ചോദിച്ചു "എന്താണ് ഇമോജി?"

റഫീക്ക് ചിരിച്ചു കൊണ്ട് പറഞ്ഞു. " ടീച്ചർ ! പൂവും കായും തൊഴുകയ്യും കണ്ടിട്ടില്ലേ ... അത് !

" അതു കേട്ട് ടീച്ചർ ചിരിച്ചു, എന്നിട്ട് റഫീക്കിനോട് പറഞ്ഞു "പണ്ട് ശിഷ്യനായ ഗുരു എന്ന പാഠം  പഠിപ്പിച്ചതോർക്കുന്നു അതു പോലെ ഇപ്പോൾ നീ എന്റെ ഗുരുവായി ...." രണ്ടു പേരും ചിരിച്ചു.

ഫോൺ വച്ചയുടൻ ഗ്രൂപ്പുകളിൽ കയറി . കണ്ടെതിനെല്ലാം പൂവും കായും തൊഴുകയ്യും പിന്നെ മറ്റു പല ഇമോജിയുമിട്ടു. പത്തു ഗ്രൂപ്പുകളിലും കേറി ഇമോജികളി കഴിഞ്ഞപ്പോൾ അത്താഴത്തിനു സമയം ആയി . പ്രായമായി വരുന്നതു പ്രമാണിച്ച് റിട്ടയർ ചെയ്യ്തപ്പോൾ മുതൽ കഞ്ഞിയാക്കിയതാണ് അതിനാൽ അത്താഴത്തിന്റെ തയ്യാറെടുപ്പും കഴിക്കലും വേഗം കഴിഞ്ഞു. വേഗം തീർക്കാൻ ശ്രമിച്ചു എന്നതാണ് ശരി. അടുക്കള അടച്ച് വേഗം ഫോൺ എടുത്തു. ആദ്യം കൈയ്യെഴുത്തിൽ തന്നെ തുടങ്ങി. ദാ...... കിടക്കുന്നു തന്റെ കഥയ്ക്ക് ഇമോജിമാല. അങ്ങനെ എല്ലാ ഗ്രൂപ്പിലും വന്നു. ഇതു കണ്ട് ടീച്ചർ ആത്മഗതം പോലെ പറഞ്ഞു കൊടുത്താലെ കിട്ടു എന്നു പറയുന്നത് എത്ര ശരി.. അങ്ങനെ താനും ഒരു കഥാകാരിയായി എന്ന സന്തോഷത്തിൽ അവർ ഉറങ്ങാൻ കിടന്നു. മറ്റൊരു കഥ എഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചു കൊണ്ട് ....

 

ഗംഗാദേവി