എന്റെ കേരളം : കവിത, സുമ രാധാകൃഷ്ണൻ

എന്റെ കേരളം : കവിത, സുമ രാധാകൃഷ്ണൻ

രു പൊൻ പുലരിയായ് തീരട്ടെ പുതുവർഷം 

ഒരു നല്ല നാടിന്റെ നന്മ ചൊരിയട്ടെ 

ഒരു നല്ല സ്നേഹത്തിൻ പുലരി പിറക്കട്ട 

ഒരു നല്ല നാടായ് ഉണരട്ടെ കേരളം 

 

പുലരിതൻ പൊന്നിൻ പ്രഭാതം ചൊരിയട്ടെ 

പുതുപുലരിയിലമൃതതര ഗീതം മുഴങ്ങട്ടെ 

സ്വരലളിത മധുരതര ഗാനത്തിൽ മുങ്ങിയ 

സ്വരരാഗ സുന്ദരമാവട്ടെ കേരളം  

 

അമ്മതൻ വാത്സല്യ മെന്നുമുണ്ടാവട്ടെ 

നന്മതൻവാക്കുകളോതാൻ കഴിയട്ടെ 

അമ്മതൻകൈയ്യാൽതഴുകി തലോടിയ 

നന്മതൻ നാടായ് ഉണരട്ടെ കേരളം 

 

ഒരു രാഗഗീതമായി തീരും മനസ്സായി 

ഒരു യുഗ യുവകേരള നവലളിതമായി  

കലകളുടെ കേളികളിൽ കളിയാടി നിൽക്കുന്ന 

കമനീയ നാടായ് ഉണരട്ടെ കേരളം 

 

മലയാള നാടിന്റെ കമനീയ ഭംഗിയും 

മലയോരനാടും പുഴകളും പൂക്കളും 

മലയാള തനിമയും നിറമോടെ വിലസുന്ന 

മഹനീയ നാടായ് ഉണരട്ടെ കേരളം 

 

ഇടറുന്ന പാദങ്ങൾ പിന്നിട്ട വഴികളും 

ഇടറും മനസ്സിന് ശാന്തി പകരട്ടെ 

ഒരു നല്ല നാളയുടെ നവ കേരളമായി 

ഒരു പുതിയ പുലരിയുടെ ദീപം തെളിയട്ടെ 

 

സുമ രാധാകൃഷ്ണൻ