എന്തു പറയാൻ: കവിത , രാജു കാഞ്ഞിരങ്ങാട്

എന്തു പറയാൻ: കവിത , രാജു കാഞ്ഞിരങ്ങാട്

 

തളർന്നുവരുന്ന ഒരുവന്
തെളിനീരുനൽകാൻ
ഒരുവളില്ലാത്തതിനെക്കുറി_
ച്ചെന്തു പറയാൻ

ഉപ്പിട്ടകഞ്ഞി
എടുത്തുവെക്കുമ്പോഴേ
വിശപ്പു വറ്റിയ
വയറിനെക്കുറിച്ചെന്തു -
പറയാൻ

ഉണ്മയുടെ
ഊക്കിനെക്കുറിച്ചോർക്കവെ
എണ്ണ വറ്റിയ
വിളക്കിനെക്കുറിച്ചെന്തു
പറയാൻ

കുളിരുന്നരാവിൽ
ഇത്തിരി ചൂടിന്
കീറിയ ഉടയാടകളെക്കുറി -
ച്ചിനിയെന്തു പറയാൻ

അല്ലലും അലട്ടുമില്ലാതെ
അന്തിയുറങ്ങുവാൻ
സ്വന്തമൊരു
കൂരയില്ലാത്തതിനെക്കുറി -
ച്ചെന്തു പറയാൻ

ഇനി,
വിശ്വാസത്തിൻ്റെ
അപ്പോസ്തലൻമാർ
ചൊല്ലിത്തരുന്ന
മരണാനന്തര
ജീവിതത്തെക്കുറിച്ച് ,
അവിടുത്തെ
സുഖാനന്ദങ്ങളെക്കുറിച്ച്മാത്രം
ചിന്തിച്ചു കൊണ്ടിരിക്കാം