ഫെയിസ് ബുക്കിന്റെ പീടികത്തിണ്ണയിൽ: സപ്ന അനു ബി ജോർജ്

ഫെയിസ് ബുക്കിന്റെ പീടികത്തിണ്ണയിൽ: സപ്ന അനു  ബി ജോർജ്

 

 

21 ആം നൂറ്റാണ്ടിൽ ഫെയിസ്ബുക്കില്ലാത്ത ആരും തന്നെയില്ല എന്ന് തീർത്ത് പറയാം! സ്മാർട്ട് ഫോൺ എന്നൊരു കുന്ത്രാണ്ടം ഉണ്ടെങ്കിൽ ‘എഫ്ബി’യും ഉണ്ടാവും, തീർച്ച. കാലവും മാറി കഥയും മാറി.........ഇന്ന് മാർക്കെറ്റിംഗ്,കല്ല്യാണം, മീറ്റിംഗ്,വഴക്ക്,കൌൺസിലിംഗ്,എന്നുവേണ്ട ക്രൂരകൃത്യങ്ങളുടെ തെളിവുകൾക്കായി പോലീസ് പോലും കുറ്റവാളിയുടെ ഫെയിസ്ബുക്ക് അക്കൌണ്ട് ആണ് ആദ്യം നോക്കുന്നത്! പ്രയോജനങ്ങൾ ധാരാളം,എന്നാൽ അതുപോലെ സൂക്ഷിച്ചില്ലെങ്കിൽ പെട്ടുപോകും.

മനുഷ്യന്റെ പെരുമാറ്റത്തെ വളരെ അധികം സ്വാധീനിക്കുന്ന മൂന്നു ഘടകങ്ങൾ ആണ് ബുദ്ധി,ചിന്ത,ഭാവന. മനസ്സിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും,സ്വതന്ത്രമായി ചിന്തിക്കാനും,ഭാവനകൾക്കു ചിറകുവിരിച്ചു പറക്കാനും സ്വസ്ഥമായ ഒരു വേദി എന്നതിനുത്തരം മാത്രമാണ് ഫെയിസ് ബുക്ക്. മാർക്ക് സുക്കെർബെർഗ് , തന്റെ യൂണിവേഴ്സിറ്റി പഠിത്തത്തിന്റെ കൂടെ 2004 ൽ ഇതുപോലൊരു സോഷ്യൽ നെറ്റ് വർക്ക് സർവ്വീസിനു തുടക്കം കുറിച്ചത് സൌഹൃദങ്ങളുടെ പൂന്തോട്ടങ്ങൾ പടർന്നു പന്തലിക്കാനായിരിക്കാം. ഇതിനു മുൻപും ഓർക്കുട്ട് , മൈ സ്പെയ്സ് എന്നിവയുണ്ടായിരുന്നു. എന്നാൽ കാട്ടുതീപോലെ പടർന്നുപിടിച്ച മറ്റൊരു സോഷ്യൽ നെറ്റ് വർക്ക് വേറെയില്ല എന്നുതന്നെ പറയാം. ചെറിയ തോതിൽ തുടങ്ങിയ,എന്നാൽ എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയ ഫെയ്സ് ബുക്കിനൊപ്പം,എവിടെ ആര്,എന്തിനോട്,എന്തുകൊണ്ട് എന്നത നുസരിച്ച്, നെറ്റ് വർക്കിന്റെ സെറ്റിംഗും പരിഷ്ക്കരിച്ചു തുടങ്ങി. കൂടുതൽ ആൾക്കാർ,എവിടെനിന്നെല്ലാമോ വന്നെത്തി! സ്വയം ഒരു ഇമെയിലിന്റെ ബലത്തിൽ, ഒരു പേരിന്റെ സഹായം ഇല്ലാതെ ഒരു പാസ് വേർഡിൽ ഒതുങ്ങി. ആർ, എവിടെ നിന്ന്,എങ്ങിനെ ,എത്ര പ്രായം എന്നതിന്  ഒരു നോട്ടവും വാക്കും ഇല്ല. 14 വയസ്സിനു മുകളിൽ എന്നു വ്യക്തമാക്കുന്ന  ഒരു വർഷം  ഇടുന്ന ആർക്കും,അല്ലെങ്കിൽ ഇന്റെർനെറ്റ് കണക്ഷൻ ഉള്ള ആർക്കും ഇവിടെ മെംബർ ആകാം. പിന്നെ സത്യസന്ധതയുടെ മൂർത്തീഭാവം ആയ ചിലരെങ്കിലും തന്റെ സകലവിവരങ്ങളും ഈ പേജുകളിൽ കുത്തിനിറച്ചു. ഈ പേജിൽ നിന്ന്,ഗ്രൂപ്പുകൾ ഉണ്ടാക്കാനുള്ള സംവിധാനവും കണ്ടുപിടിക്കപ്പെട്ടപ്പോൾ" എന്റെ,നിന്റെ,നമ്മുടെ"ഗ്രൂപ്പുകളും തുടങ്ങി. ബിസിനസ്സ് പേജുകൾ, കലാ സാംസ്കാരികം,സ്വകാര്യപേജുകൾ എന്നീ നാമകരണങ്ങൾ വേറെയും.എന്തായാലും 21 ആം കാലഘട്ടത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം,ഒരു 21 കാരന്റെ ബുദ്ധിവൈഭവം, സ്റ്റോക്ക് മാർക്കറ്റിൽ ചെറുക്കൻ ഒരു കുതിച്ചുകയറ്റം തന്നെ നടത്തി.

ഇതുവെറും  പരിചയപ്പെടുത്തൽ, ഇനിയല്ലെ കഥ!! ഫെയിസ് ബുക്ക് എല്ലാം  സെറ്റായി, 21 കാരിൽ, ചെറുപ്പക്കാരിൽ,കൌമാരക്കാരിൽ തുടങ്ങിയ ഫെയിസ് ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്ക്,എവിറെയും ഒരു സുപ്രാധാന സംസാരവിഷയം ആയിത്തുടങ്ങി.ബിസിനസ്സുകാരിലേക്കും,കംബനി പ്രോഫൈലുകളിലും  പ്രചാരം ഏറിയപ്പോൾ കമ്പിനിയുടെ സ്റ്റാഫും എം ഡിയും സ്വയം ഒരു പ്രൊഫൈൽ ഉണ്ടാക്കി. പ്രശസ്തിയും,  സുഹൃത്തുക്കളും ഏറിയപ്പോൾ ഫെയിസ് ബുക്കിന്റെ പ്രചാരവും കുതിച്ചുകയറി. ഇന്നയാൾ എന്നൊരു പേരിന്റെയോ,ആരാണെന്നുള്ള ഒരു തിരിച്ചറിവോ ഇല്ലാതെയും ഇവിടെ കുടിയേറാം എന്നൊരു അവസ്ഥയിലെത്തി. എല്ലാവരും എത്തി ഫെയിസ് ബുക്ക് പുരത്തിനു! കൌമാരക്കാരനും,മധ്യവയസ്കരും, ബിസിനസ്സുകാരനും,കലാകാരനും,സിനിമാനടനും,നാടകനടനും,നടിയും,കവിയും,സംഗീതസാമ്രാട്ടും എല്ലാവരും,കൂടെ അനാശ്യാസം കൈമുതലായിട്ടുള്ള ഒരു പിടി ഇക്കിളി ചേട്ടന്മാരും! ഇതിന്റെ കൂടെയും എത്തി ബോബുഭീഷണികളും, സൈബർ സെല്ലുകാരുടെ ഒരു ഒളിത്താവളവായി മാറി ഫെയിസ് ബുക്ക്.

ആശയങ്ങൾ പ്രചരണം

ഈ ലോകത്ത് ഏതും,എന്ത് പ്രശ്നങ്ങൾ നടന്നാലും നമ്മൾ ആദ്യം അറിയുന്നത് ഫെയിസ് ബുക്കിലൂടെയൊക്കെ തന്നെയാണ് എന്നത് അതിന്റേതായ പോസിറ്റീവ്  കാഴ്ചപ്പാടാണ്. ഓർമ്മകളിലെ പച്ചപ്പ്,നേർക്കാഴ്ചകൾ, തൂലികയേന്തുന്നവർ എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് വിപ്ല്വവം ഇന്ന് ഫെയിസ് ബുക്കിലൂടെ നടക്കുന്നു. ആളുകൾ തങ്ങളിലേക്ക് തന്നെ ചുരുങ്ങിയപ്പോൾ,മനസ്സിന്റെ മൌനങ്ങൾ ഘനിഭവിച്ചു. ഈ മൌനത്തിനു പുനർജനിക്കാനൊരു വേദിയൊരുക്കുകയായിരുന്നു ഫെയിസ് ബുക്ക് എന്നൊരു നിർവ്വചനവും നൽകാവുന്നതാണ്. പുതിയ തലമുറയുടെ ആവേശം എല്ലാ വിധത്തിലും ഇതുതന്നെയാണ്,മനസ്സിന്റെ ചിന്തകളെ,എല്ലാ  വിധത്തിലും തുറന്നു കാണിക്കാനുള്ള വെള്ളപൂശിയ ചുവരായി മാറി. ആശയവിനിമയത്തിൽ  ഇന്നത്തെ തലമുറയുടെ മനസ്സിലേക്കൊരു ഒറ്റവഴി ,ഒരു സുപ്രധാനപങ്ക്  ഫെയിസ് ബുക്കിനായി മാറ്റിവെക്കാം.

റെജിബാ നൌഷാദ്, ഇന്നത്തെ തലമുറയുടെ എല്ലാ ഹൃദയസല്ലാപങ്ങളും  അറിയാവുന്ന ഇൻഡ്യൻ സകൂൾ അൽ ഗുബ്രയിലെ സീനിയർ അധ്യാപികയാണ് റെജിബാ നൌഷാദ്.12ആം ക്ലാസ്സിലും മറ്റും പഠിക്കുന്ന റ്റീനേജ് കുട്ടികളുടെ അമ്മയും കൂടിയാണവർ. പെട്ടെന്ന് ഗുണവും സൌകര്യവും നൽകുന്ന ഏതൊരുകാര്യത്തിനും വളരെ വികൃതവും ഭയാനകവും ആയ ഒരു മറുപുറം ഉണ്ടാകും എന്നത് തീർച്ചയാണ്, രോഗ ശാന്തി നൽകുന്ന മരുന്നാകാം ,സോഷ്യൽ ഇന്ററാക്ഷൻ ത്വരിതപ്പെടുത്തുന്ന ഫെയിസ് ബുക്ക് ആകാം. പക്ഷെ  എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ട് ഇതിന്റെ ഉത്തരവാദിത്വങ്ങളെയും  ഇതിന്റെ വരുംവരായ്കകളെക്കുറിച്ചും അറിഞ്ഞിരിക്കുക എന്നതും ആവശ്യം  തന്നെ. ഇതായിരുരിക്കും സോഷ്യൽ ഇന്ററാക്ഷന്റെ മരുന്ന്, അല്ലെങ്കിൽ ഫെയിസ് ബുക്ക്. എന്നെ ഫെയിസ് ബുക്ക് വളരെ അധികം സഹായിച്ചു,പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാനും, നമ്മുടെ അഭിവിർത്തിയിലും സംസർഗ്ഗത്തിലും  തികച്ചും ചേർന്നു പോകുന്ന പുതിയ സുഹൃത്തുക്കളുമായി സംബർക്കം പുലർത്താനും .  എല്ലാറ്റിലുമുപരി എന്റെതന്നെ പൂർവ്വവിദ്ധ്യാർത്ഥികളും റ്റീച്ചർ മാരുമായി ഒരു നിരന്തരസമ്പർക്കം ഉണ്ടാകുന്നു എന്നുള്ളതും മനസ്സിനു വളരെ  സന്തോഷം നൽകുന്നു.ലോകത്തിൽ നടക്കുന്ന സംഭവങ്ങളുടെയും വിശേഷങ്ങളുടെയും തത്സമയ സംപ്രേക്ഷണം, വാർത്തകളായി ലഭിക്കുന്നത് തീർച്ചയായും വളരെ ലാഭകരമായ ഒരു കാര്യം തന്നെയാണ്. പിന്നെ ഏറ്റവും രസകരമായ അനുഭവം, ‘ബ്രേക്കിംഗ് ന്യൂസ്സുകളും വീട്ടിലിരുന്ന് , ഫോണിലൂടെ കിട്ടുന്നത് തീർച്ചയായും നല്ലതുതന്നെയാണ്..എന്റെ വിദ്ധ്യാർത്തികളുടെ പ്രവർത്തികളുടെ സൂഷ്മനിരീക്ഷണം നടത്തുന്നതിനായി  ഞാൻ ഒരിക്കലും  ഫെയിസ് ബുക്കിനെ ഒരു കരുവാക്കിയിട്ടില്ല. എന്നാൽ ഇതിനു വിപരീതമായി അവരുടെ പ്രവർത്തനങ്ങൾ, പഠനങ്ങൾ, അംഗികാരങ്ങൾ,അവരുടെ മനോഭാവങ്ങൾ എല്ലാം തന്നെ മനസ്സിലാക്കാനുള്ള ഒരു വേദിയായിമാത്രം  ഫെയിസ് ബുക്കിനെ കാണുന്നുള്ളൂ. വിദ്ധ്യാർഥികൾ ഫെയിസ് ബുക്കെന്ന മാധ്യമത്തിലൂടെ ഞാൻ  എന്ന വ്യക്തിയുമായുള്ള സൌഹൃദത്തിലൂടെ പലവിഷയങ്ങൾ ഞാനുമായി പങ്കുവെക്കാനും ,അവരുടെ മനസ്സിലുള്ള പല കാര്യങ്ങളും ചോദിച്ച് വിവരിച്ച് ചെയ്യാനും ഉള്ള മനസ്സാന്നിദ്ധ്യം കാണിക്കുന്നു.അവർക്കാവശ്യം ,എല്ലാം  പറയാനും കേൾക്കാനും ഉള്ള ,ശക്തമായ എന്നാൽ വളരെ ശാന്തമായ ഒരു ചുമടുതാങ്ങിയായ ഒരു തോൾ ആവശ്യം ആണ്. അവരുടെ  ആകാംക്ഷകളും, പ്രയാസങ്ങളും, വെപ്രാളങ്ങളും  ഇറക്കി വെക്കാനായി മാത്രം. അല്ലാതെ എല്ലാ ആശയങ്ങൾക്കും, വാർത്തകൾക്കും അവസാനമായി  വളരെ സാധാരണമായ ഒരു  ലോജിക്കൽ വിവരണം കേൾക്കാൻ അവർ തയ്യാറല്ല.ഈ ഒരു സൌഹൃദസൌധത്തിലൂടെയുള്ള  ഒരു ആശയവിനിമയം  നടത്താനും  ഈ ഫെയിസ് ബുക്കിനു സാധിക്കുന്നു.