ഫൊക്കാന കൺവെഷനിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പങ്കെടുക്കും

ഫ്രാൻസിസ് തടത്തിൽ
ഫ്ളോറിഡ: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഒർലാന്റോ കൺവെൻഷനിൽ ലോക പ്രശസ്ത മന്ത്രികനും മോട്ടിവേഷണൽ സ്പീക്കറും കാരുണ്യപ്രവർത്തകനും മാജിക്ക് അക്കാദമി ചെയർമാനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗിസ് അറിയിച്ചു. ഫൊക്കാനയും പ്രൊഫ. മുതുകാടും തമ്മിൽ ഇഴപിരിഞ്ഞ ബന്ധത്തിന്റെയും ഉദാത്തമായ സ്നേഹത്തിന്റെയും പരിണിത ഫലമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റിൽ വച്ച് ഫൊക്കാനയുടെ കേരള കൺവെൻഷൻ നടന്നത്. ഫൊക്കാന കേരളാ കൺവെൻഷന്റെ മുഖ്യരക്ഷാധികാരികൂടിയായിരുന്നു പ്രൊഫ. മുതുകാട്.

ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ നേതൃത്വത്തിൽ ഫൊക്കാന നേതാക്കൾ കഴിഞ്ഞ ഫെബ്രുവരിയിൽ ഗോപിനാഥ് മുതുകാടിനെ നേരീട്ട് സന്ദർശിച്ച് ഒർലാണ്ടോ കൺവെൻഷനിലേക്ക് ക്ഷണിക്കുകയായിരുന്നു. ഫൊക്കാന നേതാക്കളുടെ ക്ഷണം സ്വീകരിച്ച അദ്ദേഹം ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഡിസ്നി വേൾഡിലുള്ള ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഉറപ്പു നൽകി. താൻ ഫൊക്കാനയുടെ ഭാഗമാണെന്ന് പറഞ്ഞ പ്രൊഫ. മുതുകാട്, ഫൊക്കാന നേതാക്കൾ തനിക്കും മാജിക്ക് പ്ലാനറ്റിനും സാമ്പത്തികമായും ധാർമികമായും നൽകിയ പിന്തുണ നിസ്തുലമാണെന്ന് ചൂണ്ടിക്കാട്ടി.
ഫൊക്കാന പ്രവർത്തകരുടെ, പ്രത്യേകിച്ച് ഫൊക്കാന വിമൻസ് ഫോറത്തിന്റെ അകമഴിഞ്ഞ പിന്തുണകൊണ്ടാണ് മാജിക്ക് പ്ലാനറ്റിലെ നിർധനരായ 100ൽ പരം ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് ജീവിത മാർഗമുണ്ടായത്. അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച കരിസ്മ എന്ന പദ്ധതി ചിലവ് ഏറ്റെടുത്ത് നടത്തിയത് ഫൊക്കാനയനയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.