മുടി വെട്ടിയത് ശരിയായില്ല ; മോഡലിന് രണ്ട് കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

മുടി വെട്ടിയത് ശരിയായില്ല ; മോഡലിന് രണ്ട്  കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

ആവശ്യപ്പെട്ട ഹെയര്‍ സ്റ്റൈല്‍ ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ മോഡലിന് രണ്ടു കോടി നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി. മോഡലായ ആഷ്ന റോയ് നല്‍കിയ പരാതിയിലാണ് വിധി വന്നിരിക്കുന്നത്. മുടി വെട്ടി നശിപ്പിച്ചതിനാല്‍ തന്റെ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടി കാണിച്ചാണ് അവര്‍ പരാതി നല്‍കിയത്. 2018 ല്‍ ഡല്‍ഹിയിലെ ഹോട്ടല്‍ ഐടിസി മയൂരയിലുള്ള സലൂണില്‍ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്.

സിനിമയിലുള്‍പ്പടെയുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടത് തന്റെ ജീവിതത്തെയും മാനസികാരോഗ്യത്തെയും ബാധിച്ചുവെന്നും ആഷ്ന പരാതിയില്‍ പറയുന്നു.

ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലാണ് യുവതി കേസ് നല്‍കിയത്. സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ വിധി വന്നത്. എട്ട് ആഴ്ചയ്ക്കുള്ളില്‍ യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍.കെ അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ച് ഹോട്ടലിനോട് നിര്‍ദ്ദേശിച്ചു.ഡിഎന്‍എ വെബ്ബാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വി.എല്‍.സി.സി, പാന്‍്റീന്‍ തുടങ്ങിയ കമ്ബനികളുടെ മോഡലായിരുന്നു യുവതി. ഒരാഴ്ചയ്ക്കു ശേഷമുള്ള അഭിമുഖത്തിന്‍്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് യുവതി സലൂണിലെത്തിയത്.സ്ഥിരമായി അവരുടെ മുടി വെട്ടുന്ന ജീവനക്കാരി അവധിയിലായിരുന്നതിനാല്‍ മറ്റൊരു ജീവനക്കാരിയാണ് മുടി വെട്ടിയത്. എന്നാല്‍ ശരിയായ രീതിയില്‍ മുടി വെട്ടാത്തതിനെ തുടര്‍ന്ന് യുവതി അപ്പോള്‍ തന്നെ പരാതി നല്‍കിയെങ്കിലും ഹോട്ടല്‍ ഉടമകള്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.