ഒരു ഇന്ത്യൻ സ്ത്രീയ്ക്കും തന്റെ ഭര്‍ത്താവിനെ പങ്കുവെക്കാനാകില്ല: അലഹാബാദ് ഹൈക്കോടതി

വാരാണസി: ഒരു ഇന്ത്യന്‍ സ്ത്രീക്കും തന്റെ ഭര്‍ത്താവിനെ മറ്റൊരാളുമായി 'പങ്കിടാനാകില്ലെന്ന്' അലഹബാദ് ഹൈക്കോടതി.
രണ്ടാം ഭാര്യ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണാകുറ്റം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് വാരാണസി സ്വദേശി സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദിയാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.
ഭര്‍ത്താവ് അവരുടേത് മാത്രമാണെന്ന ചിന്തയിലാണ് സ്ത്രീകള്‍ ജീവിക്കുന്നതെന്നും തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിക്കുന്നുവെന്നോ, വിവാഹം കഴിക്കാന്‍ പോകുന്നുവെന്നോ അറിയുന്നതാണ് വിവാഹിതയായ സ്ത്രീ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി എന്നും ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ അവരില്‍ നിന്ന് യാതൊരു ദയയും വിവേകവും പ്രതീക്ഷിക്കാനാവില്ലെന്നും ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി പറഞ്ഞു.
2018 സെപ്റ്റംബര്‍ 22ന് സുശീല്‍ കുമാറിനെതിരെ ഇയാളുടെ രണ്ടാം ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് ഇവര്‍ ജീവനൊടുക്കുകയും ചെയ്തു. താന്‍ വിവാഹിതാണെന്ന കാര്യം മറച്ചു വെച്ച് സുശീല്‍ കുമാര്‍ ഇവരെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് സുശീല്‍ കുമാര്‍ മൂന്നാമതും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
2018 സെപ്റ്റംബര്‍ 11 ന് സാരംഗ് നാഥ് ക്ഷേത്രത്തില്‍ വച്ച് തന്റെ ഭര്‍ത്താവ് മൂന്നാമതൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് യുവതി പെട്ടെന്ന് അറിഞ്ഞു. കൂടാതെ വിവാഹ രജിസ്ട്രേഷന് അപേക്ഷ നല്‍കിയിരുന്നു, സുശീല്‍ കുമാറിന്റെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി പറഞ്ഞു. സുശീലിന്റെ മാതാപിതാക്കള്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ആദ്യ ഭാര്യയില്‍ സുശീല്‍കുമാറിന് രണ്ടു മക്കളുണ്ട്.