ഹൃദയം വീണുടഞ്ഞ വഴികളിലൂടെ: കവിത, ഡോ.ജേക്കബ്‌ സാംസണ്‍

ഹൃദയം വീണുടഞ്ഞ വഴികളിലൂടെ: കവിത, ഡോ.ജേക്കബ്‌ സാംസണ്‍ഹൃദയം
വീണുടഞ്ഞൊലിച്ചുപോയ
വഴിത്താരയിലൂടെ
ഞാന്‍ തിരിച്ചു നടന്നു.

ഇരുട്ടു വീഴുന്ന
ഇടനാഴിയിലൂടെ

തണല്‍ വിരിച്ച
മരച്ചുവടുകളിലൂടെ

കതിരണിഞ്ഞ
പാടവരമ്പിലൂടെ

ഇടവഴികളിലൂടെ
നടവഴികളിലൂടെ

ചാഞ്ഞുനില്‌ക്കുന്ന
വേലിപ്പത്തലുകള്‍
ക്കരികിലൂടെ

പിടിച്ചു നിര്‍ത്തുന്ന
തൊട്ടാവാടികള്‍
ക്കിടയിലൂടെ

ഞാന്‍ വിയര്‍ത്തും കിതച്ചും
നടന്നു കൊണ്ടിരുന്നു.

ആര്‍ക്കും എന്നെ മനസ്സിലായില്ല
എനിക്കു പോലും

നനഞ്ഞു കുതിര്‍ന്ന
കാല്‌പാടുകള്‍
ഒന്നിനു പുറകേ ഒന്നായി
പതിഞ്ഞുകൊണ്ടിരുന്നു

തിരയുന്നതെന്തെന്നു
മറന്നുപോയതു പോലെ

കുഴഞ്ഞ്‌ തളര്‍ന്ന്‌
മഴയില്‍ പടര്‍ന്നൊലിച്ച്‌
മാഞ്ഞുപോകുന്ന
കാല്‌പാടുകള്‍ക്കിടയില്‍
ഞാന്‍ ഊര്‍ന്നിറങ്ങി