ഇടവപ്പാതിയുടെ ഇടവഴിയിലൂടെ: കഥ

ഇടവപ്പാതിയുടെ ഇടവഴിയിലൂടെ: കഥ

 

സജോ തോമസ് ചെറുകത്ര

 ഇടവപ്പാതിയുടെ കാഠിന്യം കൊണ്ട് പ്രകൃതി കനിഞ്ഞു നല്കിയ കുളിരിൽ അടുപ്പിൽ ഉച്ചയൂണിനുള്ള അരി കഴുകിയിടുകയായി।രുന്നു വനജ. കാർഡനുസരിച്ച് ഒരു മാസത്തേക്ക് ലഭിച്ച  അരി തുല്യമായി നാഴിക്കളന്ന് വീതിച്ച് നേരത്തേ വച്ചിരുന്നു. രണ്ട് നാഴി നിറയെ റേഷനരി കഴുകി അടുപ്പത്തിട്ടു.  ലോക് ഡൗണിന്റെ കാലാവധി നീട്ടിയതിനാൽ പ്രസാദ് അന്നും പണിക്ക് പോയിരുന്നില്ല. കട്ടൻ തെറുപ്പ് ബീഡിയുടെ ഗന്ധം പ്രസാദിന്റെ സാന്നിദ്ധ്യം അവിടെ സദാ അറിയിച്ചു കാെണ്ടിരുന്നു. 

"വനജേ ..... " നീട്ടിയുള്ള വിളി തൊട്ടപ്പുറത്തെ വത്സലയുടേതാണ്.

"എന്തോ ..?" വിറകടുപ്പ് ഊതുന്നതിനിടയിൽ പുക തൊണ്ടയിൽ വിക്കിയ വനജയുടെ ശബ്ദം നേർത്തതായിരുന്നു.

എന്നാ എടുക്കുവാടീയെന്ന ചോദ്യവുമായി വത്സല അടുക്കള വാതിൽക്കലേയ്ക്ക് ചെന്ന് പാതി അടച്ചിട്ട വാതിലിൽ കൈ പിടിച്ച് നിന്നു.

"ആ വത്സലച്ചേച്ചീ..... "

നിറയെ വെള്ളമൊഴിച്ചു വച്ചിരിക്കുന്ന ബേസിന്റെ അകത്തേക്ക് ഗ്ലാസിട്ട് കഴുകി കൊണ്ട് വനജ ചോദിച്ചു.

നീയെന്തെടുക്കുവാ ...?

ഉച്ചക്കത്തേയ്ക്ക് .... വനജ അർത്ഥഗർഭമായി പറഞ്ഞു നിർത്തി.

എന്നാ കൂട്ടാൻ വച്ചേ ..?

ഇത്തിരി ഒണക്കപ്പയറൊണ്ടാരുന്നു.

പിന്നെ, രസത്തിന് കൂട്ടുന്നു.

ആ രസാകുമ്പോ ഒരു ഗ്ലാസ് തന്നേര്. കറിക്കാെള്ളതൊന്നും അവിടിരിപ്പേല . അതും പറഞ്ഞ്  വത്സല തിരിഞ്ഞ് നടന്നു.

 നിന്റെ ചെറുക്കനെന്ത്യേടീ...?

അവൻ കൂട്ടുകാരടെ കൂടെ പൊഴേല് പോയതാ ....

പോകുന്നതിനിടയിലുള്ള വത്സലയുടെ  ചോദ്യത്തിന് വനജ നീട്ടി മറുപടി കൊടുത്തു.

മഴ പിന്നെയും ചന്നംപിന്നം പെയ്തു കൊണ്ടിരുന്നു.

ഉച്ചയൂണിൻ്റെ സമയമെത്തും മുമ്പേ അരുൺ പുഴയിൽ നിന്ന് വന്നു. ഒരു മുഴുത്ത വരാലും ഒന്ന് രണ്ട് ചെറിയ കാരിയും തൂക്കിപ്പിടിച്ച് ധൃതിയിൽ വരുമ്പോൾ അമ്മേ എന്ന് അവൻ നീട്ടി വിളിക്കുന്നുണ്ടായിരുന്നു. 

ചട്ടിയിൽ രാകി മിനുക്കിയ പിച്ചാത്തിയും ചട്ടിയിൽ അല്പം ചാരവും ഒരു ഈർക്കിലുമായി വനജ അടുക്കളയുടെ പിന്നാമ്പുറത്തേക്ക് പോയി. അലക്കു കല്ലിൽ വച്ച് വെട്ടി മിനുക്കി കഴുകി വൃത്തിയാക്കി അടുക്കളയിലേയ്ക്ക് കയറുമ്പോഴേയ്ക്ക് മഴ കൂടുതൽ ശക്തമായി.

കുടംപുളിയിട്ട് കറിവച്ച വരാൽ കറിയിൽ അൽപം ഒരു കിണ്ണത്തിലാക്കി, ഒരു സ്റ്റീൽ ഗ്ലാസ്സിൽ രസവും എടുത്തു വച്ച് വനജ നീട്ടി വിളിച്ചു,

 "എടാ അരുണേ...."

"ന്തോ" പൊട്ടിയ ദർപ്പണത്തിന് മുമ്പിൽ നിന്ന് മുടിയിൽ കുരുവിക്കുട് ചമയ്ക്കുന്നതിനിടയിൽ അരുൺ വിളി കേട്ടു.

"നീയിതാ വത്സലേച്ചിക്ക് കൊണ്ട് കൊട്...."

ഇരു കൈകളിലുമായി ഗ്ലാസും കിണവും കൊണ്ട് പോകുന്ന അരുണിനോട് സൂക്ഷിച്ച് എന്നൊരു താക്കീതും നല്കി വനജ ചോറു വിളമ്പാനാഞ്ഞു.

ചോറ് വിളമ്പി ആ ചെറിയ മേശപ്പുറത്ത് വച്ച ശേഷം വനജ നീട്ടി വിളിച്ചു. "പ്രസാദേട്ടാ..."

വലിച്ചു കൊണ്ടിരുന്ന തെറുപ്പ് ബീഡി പകുതി കുത്തിക്കെടുത്തി പ്രസാദ് ഊണ് കഴിക്കാനെത്തി.

 ഒരുരുള ചോറ് ഉരുട്ടി വരാൽ കറിയിൽ മുക്കി വായിലേയ്ക്ക് വയ്ക്കുമ്പോഴേയ്ക്ക് അരുൺ തിരികെയെത്തി.

"കൈകഴുകി വാടാ." വനജ സ്നേഹത്തോടെ മകനെ നോക്കി പുഞ്ചിരിച്ചു.

അവർ ഊണ് കഴിക്കുന്നതും നോക്കി അവൾ ഇരുന്നു. പ്രസാദിൻ്റെ പാത്രത്തിലെ പാതിചോറ് അൽപം കറി കൂടിയൊഴിച്ച് ഉണ്ണുകയാണ് വനജയുടെ പതിവ്.

അന്ന് പ്രസാദ് മിച്ചം വച്ചില്ല.

"നല്ല രുചിയുള്ള വരാൽ കറി." കൈ കഴുകി കൈലിയുടെ കോന്തലയിൽ മുഖം തുടയ്ക്കുമ്പോൾ പ്രസാദ് അവളെ പുകഴ്ത്തി.

"അമ്മേ കൊറച്ച് ചോറൂടെ താ" അരുൺ അമ്മയോട് അവസാന ഉരുളയും വായിലേയ്ക്ക് വച്ചു കൊണ്ട് അവൻ്റെ ആവശ്യം വനജ സാർത്ഥകമാക്കി.

 

............................

 

രാത്രിയുടെ യാമങ്ങൾക്കായി ഇരുൾ ഇഴ പാകിയപ്പോൾ പതിവ് സന്ധ്യാ നാമജപത്തിന് ശേഷം വെറുതേ ചതുരംഗ പലകയ്ക്ക് മുമ്പിൽ ഇരിക്കുമ്പോൾ അരുൺ പറഞ്ഞു,

"വിശക്കുന്നമ്മേ... ചോറെട്...."

രണ്ടു പേർക്കും ചോറെടുത്ത് വച്ചു വനജ.

 "പ്രസാദേട്ടാ..." ആഹാരം കഴിക്കുന്നതിനിടയിൽ നീണ്ട സ്റ്റീൽ ഗ്ലാസ്സിലേയ്ക്ക് വെള്ളം ഒഴിച്ച് നീട്ടിവച്ചു കൊ കൊടുത്തു അവൾ ഇരുവർക്കും.

 വരാൽ കറിയുടെ മൺ ചട്ടിയിൽ നിന്ന് മിച്ചമുള്ള ചാറ് വടിച്ച് കിണ്ണത്തിലാക്കി പ്രസാദിനും മകനും നീക്കിവച്ചു അവർക്ക് വേണ്ടി കാത്തിരുന്നു വനജ.

ഉച്ചയ്ക്ക് മീൻ കറി ഉണ്ടായിരുന്നത് കൊണ്ട് ചോറ് കൂടുതലായില്ല വൈകിട്ടത്തേയ്ക്ക്. വൈകിട്ടത്തേയ്ക്ക് കൂടുതൽ വച്ചാൽ പിന്നെ, നാളെകളുടെ താളം തെറ്റും.

അടുക്കള ഭരണത്തിൻ്റെ ഉത്തരവാദിത്വം ചുമക്കുന്ന ആ ചുമലിനറിയാം അതിൻ്റെ കഷ്ടപ്പാട്.

ചോറ് കലം ഏകദേശം നന്നേ ശൂന്യമായിരിക്കുന്നു. ചോറ് കലത്തിൻ്റെ വക്കിൽ പറ്റിയിരുന്ന ചോറ് കൈ കൊണ്ട്  വടിച്ച് അടിയിൽ കൈയ്യോടിച്ച് അവ മുഴുവനും മീൻ ചട്ടിയിലിട്ട് കുഴച്ച് രണ്ടുരുള കഴിച്ച് വനജ പാത്രം കമഴ്ത്തിവച്ചു. 

അടുക്കള വിടും മുമ്പ് ജീരക പാത്രത്തിൽ ഇട്ടു വച്ചിരുന്ന 2 കൈതച്ചക്കയുടെ രുചിയും മണവുമുള്ള പ്യാരി മിഠായികൾ പെറുക്കിയെടുത്തു. ഒന്ന് മകന് കൊടുത്തു. മുറിയിലേയ്ക്ക് പോയി.

 പ്രസാദ് കിടന്നിരുന്നു. "പകുത്ത് താ എനിക്കൂടെ. വേറെയില്ല."

വലിച്ചുകൊണ്ടിരുന്ന തെറുപ്പ് ബീഡി ഭിത്തിയിൽ കുത്തിക്കെടുത്തി പ്രസാദ് ചിരിച്ചു.

"നിനക്ക് ചോറ് തികഞ്ഞില്ലല്ലേ.? കലത്തിൽ കൈയ്യിട്ട് കറക്കുന്നത് ഞാൻ കണ്ടു."

നീട്ടിയ മിഠായി തിരികെ വലിച്ച് അവൾ പറഞ്ഞു "എനിക്ക് വിശപ്പില്ലാരുന്നേട്ടാ...‌ -"

അത്താഴപ്പട്ടിണിക്കാരിയുടെ കണ്ണുകളിൽ കള്ളം ഒളിപ്പിക്കാൻ ഒരു വൃഥാ ശ്രമം നടന്നു.

"നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം പത്ത് പന്ത്രണ്ടായില്ലേ....?" പ്രസാദിൻ്റെ ശബ്ദം ആർദ്രമായി.

അവൻ അവളെ പുണർന്ന് മൂർധാവിൽ ഒരു ചുംബനം നല്കി.

"അരുൺ വലുതാകുമ്പോ നമ്മടെ കഷ്ടപ്പാടെല്ലാം തീരും പ്രസാദേട്ടാ." അവൾ മൃദുവായി അവൻ്റെ കാതിൽ മന്ത്രിച്ചു. 

ഇടവപ്പാതി മഴയുടെ തരളിത ശബ്ദം ഓടിട്ട ആ കൊച്ചു വീടിന് മുകളിൽ അപ്പോഴും മദ്ദളം കൊട്ടിക്കൊണ്ടിരുന്നു.

 

 

സജോ തോമസ് ചെറുകത്ര.

 

7559067046 / 9447236211