ഇവർ അഭയാർത്ഥികൾ: കവിത, ജയമോൾ വർഗ്ഗീസ്

ഇവർ അഭയാർത്ഥികൾ: കവിത, ജയമോൾ വർഗ്ഗീസ്

ഭൂമിയിൽ

 അവകാശങ്ങളൊന്നു

മുറപ്പിക്കാനാവാതെ ..

 ജീവിച്ചിരിക്കുന്നവർ

ക്കിടയിൽ ഇടം

 പിടിക്കാനാവാതെ..

തളർന്നു പോയൊരു

 ജനത..

ഭൂമിയിൽ

 അവർക്കൊരൊറ്റ പേരേ

 ഉള്ളൂ.. അഭയാർത്ഥികൾ

 

കാൽപ്പാദങ്ങളൂന്നി

 നില്ക്കാൻ

 സ്വന്തമായിത്തിരി മണ്ണോ

 തൻ്റേതെന്ന് പറയാൻ

 സ്വന്ത നാടോ കൂരയോ

 ഇല്ലാതെ പോയ..

 ജീവിച്ചിരിക്കുന്നവരുടെ

 ഭൂഖണ്ഡങ്ങളിൽ പേര്

 എഴുതപ്പെടാതെ പോയ

ഹതഭാഗ്യർ.. 

 

ഏത് നിമിഷവും

 ഉണ്ടാകാവുന്നൊരു

 കുടിയൊഴിപ്പിക്കലിൻ

 ഭീതിയിൽ സ്വപ്നങ്ങളെ ,

 ജീവിതാഭിലാഷങ്ങളെ ,

മോഹങ്ങളെ ഒക്കെ

 എരിയിച്ചു കളഞ്ഞവർ.. 

 

ജീവിത പെരുവഴികളിൽ 

ഭാണ്ഡം ചുമന്ന്

 മുടന്തി തളരവേ

 എപ്പൊഴൊക്കെയോ

 സ്വപ്നങ്ങൾ മരിച്ചു

 പോയവർ.. 

ചിരികൾ നിലച്ചു 

പോയവർ..

ചിന്തകളിൽ പ്രതീക്ഷകൾ

ജീർണ്ണിച്ചു പോയവർ..

കണ്ണീർഗ്രന്ഥികൾ

 വറ്റിപ്പോയവർ..

 

കണ്ണില്ലാത്ത 

ദൈവങ്ങളും 

ഹൃദയമില്ലാത്ത 

ഭരണകൂടങ്ങളും

മനപ്പൂർവ്വം

മറക്കുന്നുവോ

കണ്ണീർ മറയ്ക്കും

ഈ വർത്തമാന

കാഴ്ചകളിലെ

ദുരിതപർവ്വങ്ങളെ

 

ഈയൊരു 

നരകത്തിനുമപ്പുറം 

ഇനിയുമൊരു സ്വർഗ്ഗം 

സ്വപ്നത്തിൽ പോലും 

കാണാനവ

കാശമില്ലാത്ത..

മേൽവിലാസ

മില്ലാത്തൊരു ജനത

പാലായനങ്ങളിൽ

എരിഞ്ഞു തീരുന്നു

 

ഭൂപടങ്ങളിലൂടിഴയും.. 

അവസാനമില്ലാ 

ദുരിതയാത്രകളിൽ

എരിവെയിലിലും 

പെരുമഴയിലും 

തളർന്നു വീണും പിടഞ്ഞെണീറ്റും

കിതച്ചൊടുങ്ങിയും

അവകാശങ്ങ-

ളില്ലാതലയും 

അശരണരാം 

യാത്രികർ..

 

വിശപ്പിന്റെ 

ഭൂഖണ്ഡങ്ങളിലെ

ആരും 

തേടി ചെല്ലാത്ത

അജ്ഞാതരാം

കുടികിടപ്പുകാർ..

 

ദൈവങ്ങൾ 

കാണാതെ പോയവർ..

 

കണ്ണീരിൽ ജീവിതത്തെ 

വിചാരണ ചെയ്യുന്നവർ

 

 ഉടലുമുയിരും 

ഒരുരുളബലിച്ചോറിൽ

ആത്മമോക്ഷത്തിനായ് 

കാത്തുവെക്കാത്തവർ

 

അഞ്ചാണ്ടിൽ

ഒരിക്കൽ

പല്ലിളിച്ച്

തേടി എത്തുന്ന 

കോമാളികളിൽ

രാജ്യത്തെ

കാവലേല്പിക്കാൻ മാത്രം

കഴുതകളായ് 

ജന്മം മാറ്റപ്പെട്ടവർ

 

കോടികളുള്ള

കോടിശ്വരന്മാർ

ഈശ്വരന്മാരാകുന്ന

വസന്തകാലം..

 

അശരണർക്ക്

അഭയമാവാതെ

കോടികൾ 

എഴുതി തള്ളി

കോടിശ്വരന്മാരെ

സംരക്ഷിക്കുന്ന

വ്യഭിചരിക്കപ്പെടുന്ന

ജനാധിപത്യം..

 

ഹാ... പൊള്ളുന്നു

ആത്മാവും

തത്ത്വ നീതി ചിന്തകളും

 

അഭയമില്ലാത്ത 

അഭയാർത്ഥികളുടെ

പെരുംനോവാൽ 

നീറുന്നു

ഭാരതാംബതൻ

ഹൃത്തടവും..

 

       ജയമോൾ വർഗ്ഗീസ്