പ്രപഞ്ച ദൃശ്യങ്ങളുടെ കൗതുക കാഴ്ച; ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

പ്രപഞ്ച ദൃശ്യങ്ങളുടെ കൗതുക കാഴ്ച; ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

നാസയുടെ  ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ്  പകര്‍ത്തിയ യൂണിവേഴ്സിന്റെ ചിത്രം അമേരിക്കന്‍ പ്രസിഡന്റ് ഡോ ബൈഡന്‍  പുറത്തു വിട്ടു.

SMACS0723 എന്ന ഗാലക്‌സികളുടെ  ഒരു വലിയ കൂട്ടമാണ് ചിത്രത്തില്‍ കാണുന്നത്. ഗ്രാവിറ്റേഷന്‍ ലെന്‍സിംങ് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വെബ് ടെലസ്‌ക്കോപ്പ് ദൂരെയുള്ളതും മങ്ങിയതുമായ എല്ലാ ഗാലക്‌സികളുടെയും പരമാവധി വ്യക്തമായ ചിത്രങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ വെച്ച്‌ ഏറ്റവും വ്യക്തമായ ചിത്രമാണ് ഇതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ അവകാശപ്പെട്ടു.

ഈ വിദൂര ഗാലക്സിയുടെയും നക്ഷത്രക്കൂട്ടങ്ങളുടെയും ചിത്രങ്ങള്‍ ആദ്യമായിട്ടാണ് ലഭിക്കുന്നത്. 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് SMACS 0723 ഗാലക്‌സി രൂപം കൊണ്ടത് എന്നാണ് അനുമാനം.

ടെലസ്കോപ്പിന്റെ നിയര്‍-ഇന്‍ഫ്രാറെഡ് കാമറ ഉപയോഗിച്ച്‌ പ്രകാശത്തിന്റെ പല തരംഗദൈര്‍ഘ്യങ്ങളില്‍ വെച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇവയെല്ലാം യോജിപ്പിച്ച്‌ എടുക്കുന്നതാണ് രീതി. പന്ത്രണ്ടര മണിക്കൂറാണ് ഇതിനായി എടുത്ത സമയം. ഹബ്ബിള്‍ സ്‌പേസ് ടെലസ്‌ക്കോപ്പിനേക്കാള്‍ വളരെ വേഗത്തിലാണ് വെബ്ബിന്റെ പ്രവര്‍ത്തനം.