കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ കെ-റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് ; മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ കെ-റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് ; മുഖ്യമന്ത്രി

കെ റെയില്‍ മുതല്‍ ചെറുപാതയുടെ വികസനം വരെ ചര്‍ച്ച ചെയ്താണ് കോട്ടയം ജില്ലയിലെ നവകേരള സദസ്സിന്റെ ആദ്യ പ്രഭാതയോഗം അവസാനിച്ചത്.

സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുടെ ക്രിയാത്മകമായ അഭിപ്രായപ്രകടനങ്ങളാണ് കോട്ടയം ജെറുസലേം മാര്‍ത്തോമ ചര്‍ച്ച്‌ പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നത്.

ആദ്യം സംസാരിച്ച ജസ്റ്റിസ് കെ ടി തോമസ് ആണ് കെ-റെയിലിന്റെ വിഷയം ഉന്നയിച്ചത്. എതിര്‍പ്പുകള്‍ ഉണ്ടായാലും കെ-റെയില്‍ നടപ്പാക്കുകതന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ കെ-റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു. പണലഭ്യത ഇക്കാര്യത്തില്‍ പ്രശ്‌നമല്ല. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. കെ -റെയില്‍ നമ്മള്‍ മാത്രം വിചാരിച്ചാല്‍ നടപ്പാക്കാൻ സാധിക്കുന്നതല്ല. കേന്ദ്ര അനുമതി ഇല്ലാതെ നടപ്പാക്കാൻ പറ്റില്ല. സാധാരണ നിലയില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കേണ്ടതാണ്. ചില സങ്കുചിത മനസ്സുകള്‍ അനുവദിച്ചില്ല. കെ--റെയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച്‌ ദക്ഷിണ റെയില്‍വേയോട് പരിശോധിക്കാൻ പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിനെയും എതിര്‍ക്കുന്നതാണ് കണ്ടത്.

ജെ ബി കോശി കമീഷൻ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവതരമായാണ് കാണുന്നതെന്നു ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ചോദ്യത്തിന് മറുപടിനല്‍കി. കമ്മാള വിഭാഗത്തില്‍നിന്ന് സിറോ മലബാര്‍ സഭയില്‍ അംഗമായവര്‍ക്ക് ഒബിസി സംവരണം നല്‍കണമെന്നായിരുന്നു മാര്‍ ജോസഫ് പെരുന്തോട്ടം ഉയര്‍ത്തിയ ആവശ്യം.