ടൂറിസം മന്ത്രി ആയിരുന്നപ്പോള്‍ കെ വി തോമസ് ബോള്‍ഗാട്ടി പാലസ് വില്ക്കാന് കരാറുണ്ടാക്കി: ചെറിയാന് ഫിലിപ്പ്

മുന്‍മന്ത്രി കെ വി തോമസ് ബോള്‍ഗാട്ടി പാലസ് വില്ക്കാന് കരാറുണ്ടാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. 2003-ല്‍ കെ വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ കെ.ടി.ഡി.സി വക ബോള്‍ഗാട്ടി പാലസും ഹോട്ടല്‍ സമുച്ചയവും അടങ്ങുന്ന എട്ട് ഏക്കര്‍ സ്ഥലം ഒരു മലേഷ്യന്‍ കമ്പനിക്ക് വില്ക്കാന് കരാറുണ്ടാക്കിയിരുന്നെന്ന് ചെറിയാന് ഫിലിപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ബോള്‍ഗാട്ടി പാലസ് വില്ക്കാന് കെ വി തോമസ് കരാറുണ്ടാക്കി: – ചെറിയാന് ഫിലിപ്പ്
2003-ല്‍ കെ വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ കെ.ടി.ഡി.സി വക ബോള്‍ഗാട്ടി പാലസും ഹോട്ടല്‍ സമുച്ചയവും അടങ്ങുന്ന എട്ട് ഏക്കര്‍ സ്ഥലം ഒരു മലേഷ്യന്‍ കമ്പനിക്ക് വില്ക്കാന് കരാറുണ്ടാക്കിയിരുന്നു. 64 ആഢംബര നൗകകള്‍ക്ക് നങ്കൂരമിടാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ മറീന എന്ന മിനി തുറമുഖം ബോള്‍ഗാട്ടി ദ്വീപില്‍ തുടങ്ങുന്നതിന് മലേഷ്യന്‍ കമ്പനിയുമായി ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭത്തിനാണ് കരാറില്‍ ഏര്‍പ്പെട്ടത്. ഈ കരാര്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും അമൂല്യമായ ടൂറിസം കേന്ദ്രം നഷ്ടപ്പെടുമായിരുന്നു. ഒരു ടെന്‍ഡറും കൂടാതെയാണ് മലേഷ്യന്‍ കമ്പനിയുടെ പ്രോജക്ട് കെ വി തോമസിന്റെ കാലത്ത് ടൂറിസം വകുപ്പ് അംഗീകരിച്ചത്. കരാര്‍ പ്രകാരം കെ ടി ഡി സി ക്ക് 25 ശതമാനം ഓഹരി മാത്രം. 40 കോടി രൂപയാണ് മറീന നിര്‍മ്മാണത്തിന്റെ ചെലവ്. ബോള്‍ഗാട്ടി പാലസും ഹോട്ടലുമെല്ലാം കെ.ടി ഡിസിയുടെ ഓഹരിയായി കണക്കാക്കും. വിലമതിക്കാനാവാത്ത സര്‍ക്കാര്‍ സ്വത്തിന് പത്തു കോടി രൂപ മാത്രം വിലയാണിട്ടത്.